പനാജി: മലയാള സിനിമയ്ക്ക് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ അഭിമാന നിമിഷം. മികച്ച നടനും  സംവിധായകനുമുള്ള രജത മയൂര പുരസ്കാരങ്ങളാണ് മലയാളം സ്വന്തമാക്കിയത്.

ഈ മ യൗവിലെ അഭിനയത്തിന് ചെമ്പൻ വിനോദ് മികച്ച നടനും ഈ ചിത്രം അണിയിച്ചൊരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുമുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കി.  ചെമ്പന് പത്ത് ലക്ഷം രൂപയും ലിജോ ജോസിന് പതിനഞ്ച് ലക്ഷം രൂപയുമാണ് സമ്മാനത്തുക. കഴിഞ്ഞ തവണ ടേക്ക് ഓഫിലെ അഭിനയത്തിന് പാർവതി മികച്ച നടിക്കുള്ള രജത മയൂരം സ്വന്തമാക്കിയിരുന്നു. 

സെർജി ലോസ്നിറ്റ്സ സംവിധാനം ചെയ്ത യുക്രൈനിയൻ, റഷ്യൻ ചിത്രം ഡോൺബാസിനാണ് മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം. കിഴക്കൻ യുക്രെയിനിലെ ഡോൺബാസ് എന്ന പ്രദേശത്തെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രമാണ് ഡോൺബാസ്.

Read Moreയുക്രൈന്‍ ജനതയുടെ ജീവിതത്തെ അടയാളപ്പെടുത്തി ഡോണ്‍ബാസ്

മികച്ച നടിക്കുള്ള രജത മയൂര പുരസ്കാരം വെൻ ദി ട്രീസ് ഫോൾ എന്ന ചിത്രത്തിലെ അഭിനയത്തിന്  അനസ്തസ്യ പുസ്തോവിച്ച് സ്വന്തമാക്കി.

ഫിലിപ്പീൻസിൽ നിന്നുള്ള  റെസ്പെറ്റോ എന്ന ചിത്രം ഒരുക്കിയ ആൽബർട്ടോ മോണ്ടെറാസിനാണ് മികച്ച  നവാഗത സംവിധായകനുള്ള രജത മയൂരം. ചെഴിയാൻ ഒരുക്കിയ തമിഴ് ചിത്രം ടു ലെറ്റ് പ്രത്യേക ജൂറി പരാമർശം നേടി.

യുണസ്ക്കോ ഊന്നൽ നൽകുന്ന ആശയങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുന്ന ചിത്രങ്ങൾക്ക് നൽകുന്ന ഐ.സി.എഫ്.ടി യുണെസ്ക്കോ ഗാന്ധി പുരസ്കാരം പ്രവീൺ മോർച്ചാലെ സംവിധാനം ചെയ്ത ഹിന്ദി ചിത്രം വാക്കിങ് വിത്ത് ദി വിൻഡ് കരസ്ഥമാക്കി.  സഹപാഠിയുടെ കസേര പൊട്ടിക്കുന്ന സെറിങ് എന്ന പത്ത് വയസ്സുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഈ പൊട്ടിയ കസേര അവൻ ഹിമാലയത്തിലെ കഠിന വഴികളിലൂടെ തിരികേ വീട്ടിലേയ്ക്ക് കൊണ്ടുവരുന്നതാണ് തത്വചിന്താപരമായ പശ്ചാത്തലത്തിൽ പറയുന്ന  സിനിമയുടെ ഇതിവൃത്തം.

മിൽക്കോ ലാസറോവ് സംവിധാനം ചെയ്ത അഗ പ്രത്യേക ജൂറി പുരസ്കാരവും റോമൻ ബോണ്ടാർച്ചുക്ക് സംവിധാനം ചെയ്ത വോൾക്കാനോ പ്രത്യേക പരാമർശവും നേടി.

Read More: ഇത് ലിജോയുടെ മാസ്റ്റര്‍പീസ് 

chemban vinod
Photo Courtesy: PIB

Content Highlights: IFFI 2018 Goa Film Festival Golden Peacock Silver Peacock Chemban Vinod Lijo Jose Ee Ma Yau