പനാജി: രാജ്യാന്തര ചലച്ചിത്ര മേള ഏഴാം ദിവസത്തിലേക്ക് കടക്കുമ്പേള്‍ സമരവും രാഷ്ട്രീയവും ദാരിദ്ര്യവും മരണവും ചര്‍ച്ചയാകുന്ന ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. മേളയുടെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍  പുനഃപ്രദര്‍ശനങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. രാഷ്ട്രീയ വിമര്‍ശന സിനിമകളുടെ സ്രഷ്ടാവ് ഗ്വിലിനസ് സെനെസിന്റെ ബെല്‍ജിയം ചിത്രം അവര്‍ സ്ട്രഗിള്‍സ് മേളയില്‍ കൈയടി നേടി. ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള മുതലാളിത്ത ലോകത്തെ നിശിതമായി വിമര്‍ശിക്കുന്നു ഗ്വിലിനസ് സെനെസ്. കാന്‍ ചലച്ചിത്ര മേളയില്‍ അവര്‍ സ്ട്രഗിള്‍സ് ഏറെ ശ്രദ്ധ നേടിയിരുന്നു.

ദാരിദ്ര്യത്തില്‍ ജീവിക്കുന്ന ഒരു കുടുംബത്തിന്റെ കഥയുമായെത്തിയ ജാപ്പനീസ് ചിത്രം ഷോപ്പ് ലിഫ്‌റ്റേഴ്‌സ് മേളയില്‍ ശ്രദ്ധ നേടി. ഹിറൊകസു കൊറൊഡോ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഹാസ്യത്തില്‍ പൊതിഞ്ഞാണ് അവതരിപ്പിച്ചിരിക്കുന്നത്. 

രാജ്യാന്തര ചലച്ചിത്ര മേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിലും ഇന്ത്യന്‍ പനോരമയിലേക്കും തിരഞ്ഞെടുക്കപ്പെട്ട ഈ.മ.യൗ പ്രദര്‍ശനത്തിനെത്തി. മരണം പ്രമേയമാക്കി ഒരുക്കിയ ഈ.മയ.യൗ മേളയില്‍ മികച്ച അഭിപ്രായം നേടി. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചെമ്പന്‍ വിനോദ് എന്നിവര്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. 
ഡിജിറ്റല്‍ ക്യൂബിന് പകരം  ഈ.മ.യൗന്റെ പ്രദര്‍ശനത്തിന്  ബ്ലൂറേ ഡിസ്‌ക് ഉപയോഗിച്ചത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ കടുത്ത അതൃപ്തിയുണ്ടാക്കി.

ഇന്‍ കോണ്‍വര്‍സേഷന്‍ വിഭാഗത്തില്‍ സംവിധായകരായ ലീന യാദവ്, ഗൗരി ഷിന്‍ഡേ, മേഘ്‌ന ഗുല്‍സാര്‍ എന്നിവര്‍ പങ്കെടുത്തു. വനിതാ സംവിധായകര്‍ക്ക് വേണ്ടി നടത്തിയ പ്രത്യേക പരിപാടിയില്‍ സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും വനിതാ പ്രാതിനിധ്യത്തെക്കുമുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചു.

ഇന്ത്യന്‍ പനോരമയില്‍ കഴിഞ്ഞ ദിവസം മികച്ച അഭിപ്രായം നേടിയ മമ്മൂട്ടി ചിത്രം പേരന്‍പ് വീണ്ടും പ്രദര്‍ശനത്തിനെത്തും. വലിയ തിരക്കാണ് രാം സംവിധാനം ചെയ്ത പേരന്‍പിന്റെ ആദ്യ പ്രദര്‍ശനത്തിന് ഉണ്ടായത്. റഷ്‌ലൈനില്‍ കാത്തുനിന്ന പലര്‍ക്കും സിനിമ കാണാന്‍ കഴിയാഞ്ഞത് വലിയ പ്രതിഷേധത്തിന് കാരണമായി. പ്രതിനിധികളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നത്. 900 ത്തോളം പ്രതിനിധികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന കലാ അക്കാദമിയില്‍ മേളയുടെ അവസാനദിനം പുലര്‍ച്ചെ 12.30ന് പ്രദര്‍ശനം ആരംഭിക്കും. മൂന്ന് മണിയോടെ അവസാനിക്കും.

ContentHighlights: IFFI2018, Goa film festival, Peranmb, Emayau, Director Ram, Lijo pellissery