പനാജി: 49-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രമായി ദി ആസ്‌പേണ്‍ പേപ്പേഴ്‌സ്. ജൂലിയന്‍ ലാന്‍ഡെയ്‌സ് സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രമായ ആസ്‌പേണ്‍ പേപ്പേഴ്‌സ്, വേള്‍ഡ് പ്രീമിയര്‍ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുക. 19-ാം നൂറ്റാണ്ടിലെ വെനീസാണ് കഥയുടെ പശ്ചാത്തലം. ഇതേ പേരിലുള്ള ഹ്രസ്വ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമെടുത്തിരിക്കുന്നത്. പിരീഡ് ഡ്രാമ വിഭാഗത്തില്‍ പെട്ട ചിത്രത്തിലെ പ്രധാന കഥാപാത്രമായെത്തുന്നത് ജൊനാഥാന്‍ റെയ്‌സ് മേയേഴ്‌സാണ്. 

സമാപന ചിത്രമായി ജര്‍മന്‍ ചിത്രം സീല്‍ഡ് ലിപ്‌സ് പ്രദര്‍ശിപ്പിക്കും. ബേണ്‍ഡ് ബ്യൂഹ്ലിച്ച് സംവിധാനം ചെയ്തിരിക്കുന്ന സീല്‍ഡ് ലിപ്‌സ് അന്റോണിയ ബെര്‍ഗര്‍ എന്ന ജര്‍മന്‍ യുവ കമ്മ്യൂണിസ്റ്റുകാരിയുടെ കഥയാണ് പറയുന്നത്. 1930-കളുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. അലക്‌സാണ്ട്ര മരിയ ലാറയും റോബര്‍ട്ട് സ്റ്റാഡോല്‍ബെറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

68 രാജ്യങ്ങളില്‍ നിന്നായി 212 ചിത്രങ്ങളാണ് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുക. കണ്‍ട്രി ഫോക്കസില്‍ ഇത്തവണ ഇസ്രായേല്‍ സിനിമകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രശ്‌സത സംവിധായകന്‍ ബെര്‍ഗ്മാന്റെ നൂറാം ജന്മവാര്‍ഷികം പ്രമാണിച്ച് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സിനിമകളുടെ പ്രദര്‍ശനങ്ങളുമുണ്ടാകും. നവംബര്‍ 20ന് തുടങ്ങുന്ന ചലച്ചിതോത്സവം നവംബര്‍ 28-ന് സമാപിക്കും.