പനാജി : ഗോവ ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. ഗോവ ഗവര്‍ണര്‍ മൃദുല സിൻഹ നിലവിളക്ക് കൊളുത്തി. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ്മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, സുധീന്‍ ധവാലിക്കര്‍, ഗോവ സംസ്ഥാന ചീഫ് സെക്രട്ടറി ധര്‍മ്മേന്ദ്ര ശര്‍മ്മ, ഫെസ്റ്റിവൽ ജൂറി ചെയര്‍മാന്‍ റോബര്‍ട്ട് ഗ്ലവന്‍സ്‌കി, വൈസ് ചെയര്‍മാന്‍ ഇ എസ് ജി ശ്രീ രാജേന്ദ്ര തലക്, ഡയറക്ടര്‍ ചൈതന്യ പ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങ നടന്നത്. ഇന്ത്യന്‍ സിനിമയുടെ പാരമ്പര്യവും സംസ്‌ക്കാരവും വിളിച്ചോതുന്ന 90 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഉദ്ഘാടനചടങ്ങില്‍ ബോളിവുഡ് നടന്‍ സോനു സൂധിന്റെയും ശില്‍പ റാവുവിന്റെയും നൃത്ത സംഗീത പരിപാടികള്‍ നടന്നു. താരങ്ങളുടെ റെഡ്കാര്‍പെറ്റ് വാക്ക് ചടങ്ങും അറെ ആകര്‍ഷണീയമായി. അക്ഷയ് കുമാര്‍, കരണ്‍ ജോഹര്‍, ജൂലിയന്‍ ലന്‍ഡായിസ്, ഹൃഷിത ഭട്ട്, മധൂര്‍ ഭണ്ഡാക്കര്‍, സുഭാഷ് ഖായി, അര്‍ജിത്ത് സിങ്ങ്, രമേഷ് സിപ്പി, ചിന്‍ പാന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മുന്‍കൈയോടെ നിര്‍മിച്ച ഫിലിം ഫെസിലിറ്റേഷന്‍ ഓഫീസിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.

ജൂലിയന്‍ ലാന്‍ഡെയ്‌സ സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രം ദി ആസ്‌പേണ്‍ പേപ്പേഴ്‌സ് ആയിരുന്നു ഉദ്ഘാടന ചിത്രം. നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശിക്കപ്പെട്ടത്. 19-ാം നൂറ്റാണ്ടിലെ വെനീസാണ് കഥയുടെ പശ്ചാത്തലം. ഇതേ പേരിലുള്ള ഹ്രസ്വ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമെടുത്തിരിക്കുന്നത്. പിരീഡ് ഡ്രാമ വിഭാഗത്തില്‍ പെട്ട ചിത്രത്തിലെ പ്രധാന കഥാപാത്രമായെത്തുന്നത് ജൊനാഥാന്‍ റെയ്‌സ് മേയേഴ്‌സാണ്. 

രണ്‍ധീര്‍ കപൂര്‍, ഷാജി എന്‍ കരുണ്‍, ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് ജസ്റ്റിസ് സരിന്‍, സെൻസർ ബോർഡ് ചെയർമാൻ പ്രസൂണ്‍ ജോഷി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. കനത്ത സുരക്ഷയിലായിരുന്നു ഉദ്ഘാടനച്ചടങ്ങുകള്‍.

എട്ട് ദിവസം നീളുന്ന മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നായി 212 ചിത്രങ്ങളാണ് സിനിമാ പ്രേമികള്‍ക്ക് മുന്‍പില്‍ എത്തുന്നത്. മികച്ച പ്രാതിനിധ്യമാണ് മലയാള സിനിമയ്ക്ക് ഇത്തവണത്തെ മേളയിലുള്ളത്. അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്ന 15 ചിത്രങ്ങളില്‍ മൂന്ന് ഇന്ത്യന്‍ സിനിമകളുണ്ട്. അതില്‍ രണ്ടെണ്ണവും മലയാളത്തില്‍ നിന്നാണ്. ജയരാജ് സംവിധാനം ചെയ്ത ഭയാനകം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്നീ ചിത്രങ്ങള്‍ സുവര്‍ണ മയൂരത്തിനായി മാറ്റുരക്കും. മികച്ച സംവിധായകനും നടിക്കും നടനും രജതമയൂര പുരസ്‌കാരം നല്‍കും. 

ആറ് മലയാള ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. ഷാജി.എന്‍. കരുണ്‍ സംവിധാനം ചെയ്ത 'ഓള് ' ആണ് ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രം. ഭയാനകം, ഈ.മ.യൗ, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, എബ്രിഡ് ഷൈന്റെ പൂമരം, റഹീം ഖാദറിന്റെ മക്കന എന്നീ ചിത്രങ്ങളും ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. തമിഴില്‍ നിന്ന് പ്രദര്‍ശിപ്പിക്കുന്ന സിനിമകളില്‍ മമ്മൂട്ടി നായകനായ പേരന്‍പ് എന്ന ചിത്രവുമുണ്ട്. മലയാളിയായ സന്ദീപ് പാമ്പള്ളിയുടെ സിന്‍ജാര്‍ എന്ന ചിത്രവും ഇന്ത്യന്‍ പനോരമയിലുണ്ട്. ജാസരി ഭാഷയിലെടുത്ത ഈ സിനിമ കഴിഞ്ഞ തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ രണ്ടെണ്ണം നേടിയിരുന്നു.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 21 ചിത്രങ്ങളുള്ളതില്‍ മൂന്ന് മലയാള ചിത്രങ്ങളാണ്  ഇടംപിടിച്ചത്. ഷൈനി ജേക്കബ് സംവിധാനം ചെയ്ത സ്വോര്‍ഡ് ഓഫ് ലിബര്‍ട്ടി, രമ്യ രാജ് ഒരുക്കിയ മിഡ്നൈറ്റ് റണ്‍, വിനോദ് മങ്കരയുടെ ലാസ്യം എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. മാതൃഭൂമി ലഖ്നൗ ലേഖകന്‍ വി.എസ് സനോജ് സംവിധാനം ചെയ്ത ബേര്‍ണിങ് എന്ന ഹിന്ദി ചിത്രവും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രാഹുല്‍ രാവലിയുടെ നേതൃത്വത്തിലുള്ള 12 അംഗ ജൂറിയാണ് ഫീച്ചര്‍ വിഭാഗത്തിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. മേജര്‍ രവിയും ജൂറി അംഗമാണ്.

ഖേലോ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്ന സ്‌പോര്‍ട്‌സ് സിനിമകളില്‍ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 പ്രദര്‍ശിപ്പിക്കും. പനോരമ വിഭാഗത്തില്‍ പൂമരവും ഇടംപിടിച്ചതോടെ എബ്രിഡിന്റെ രണ്ട് സിനിമകളാണ് ഈ മേളയിലുള്ളത്.  അക്ഷയ് കുമാറിന്റെ ഗോള്‍ഡ്, ബോക്‌സിങ് താരം മേരി കോമിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മേരി കോം (2014), സ്പിന്റ് ഇതിഹാസം മില്‍ഖാ സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഭാഗ് മില്‍കാ ഭാഗ് (2013), ഇന്ത്യന്‍ ക്രിക്കറ്റ് താരം എം.എസ് ധോനിയുടെ ജീവചരിത്രം എം.എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി (2016), ഹോക്കി താരം സന്ദീപ് സിംഗിന്റെ ജീവിതം പറയുന്ന സൂര്‍മ എന്നീ ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിക്കപ്പെടും.

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ഈ വര്‍ഷം ഉള്‍പ്പെടുത്തിയിരിക്കുന്നത് ഇസ്രയേലി സിനിമകളാണ്. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ഈ വര്‍ഷം ഇസ്രയേലി സംവിധായകന്‍ ഡാന്‍ വോള്‍മാന് നല്‍കും. അദ്ദേഹത്തിന്റെ ചില മികച്ച സൃഷ്ടികള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

വിഖ്യാത സ്വീഡിഷ് ചലച്ചിത്രകാരന്‍ ഇങ്മര്‍ ബര്‍ഗ്മന്റെ നൂറാം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച് റിട്രോസ്പെക്ടീവ് ഓഫ് മാസ്റ്റേഴ്സ് വിഭാഗത്തില്‍ അദ്ദേഹത്തിന്റെ ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുണ്ട്. 

91-ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട 16 വിദേശ ഭാഷാ ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് കാണാം. 

ഇന്ത്യന്‍ സിനിമയ്ക്ക് ഒട്ടനവധി സംഭാവനകള്‍ നല്‍കി വിട പറഞ്ഞ ചലച്ചിത്ര പ്രതിഭകളെ മേളയില്‍ ആദരിക്കും. ശ്രീദേവി, വിനോദ് ഖന്ന, ശശി കപൂര്‍, കരുണാനിധി, കല്‍പ്പന ലാംജി എന്നിവരെയാണ് അനുസ്മരിക്കുന്നത്. ഇവരുടെ തിരഞ്ഞെടുത്ത ചിത്രങ്ങളും മേളയില്‍ കാണാം. 

മാസ്റ്റര്‍ ക്ലാസ് ഇന്‍ കോണ്‍വര്‍സേഷന്‍ വിഭാഗത്തില്‍ പ്രസൂണ്‍ ജോഷി, അനില്‍ കപൂര്‍, മേഘ്ന ഗുല്‍സാര്‍, ഡാന്‍ വോള്‍മാര്‍, ഷാജി എന്‍ കരുണ്‍, ശ്രീകര്‍ പ്രസാദ്, ജേസണ്‍ ഹാഫോര്‍ഡ്, ലീന യാദവ്, ഗൗരി ഷിന്‍ഡേ, കൗശിക് ഗാംഗുലി തുടങ്ങിയവര്‍ സംവദിക്കും. 

ജോണ്‍ ഹാര്‍ട്ട്, വില്ല്യം ഫേ, അല്ലു അരവിന്ദ് തുടങ്ങി ഇന്ത്യയിലെയും അമേരിക്കയിലെയും പ്രമുഖ നിര്‍മാതാക്കള്‍ പങ്കെടുക്കുന്ന ചര്‍ച്ചയും മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. 

ഇത്തവണ മുതല്‍ മേളയില്‍ സ്റ്റേറ്റ് ഫോക്കസ് എന്ന ഒരു വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാര്‍ഖണ്ഡാണ് ഈ വട്ടം തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം. ഡെത്ത് ഇന്‍ ദി ഗുഞ്ച്, റാഞ്ചി ഡയറീസ്, ബീഗം ജാന്‍ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.