രാജ്യാന്തര ചലച്ചിത്രമേളയിലെ ഇന്ത്യന്‍ പനോരമയിലേക്ക് ആറ് മലയാളം ചലച്ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. മൊത്തം 22 ഫീച്ചര്‍ ചിത്രങ്ങളും നാല് മുഖ്യധാരാ ചിത്രങ്ങളുമടക്കം 26 ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഔള് ആണ് പനോരമയുടെ ഉദ്ഘാടന ചിത്രം. യുവതാരങ്ങളായ ഷൈന്‍ നിഗം, എസ്തര്‍ അനില്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ഓള് ഒരു ഫാന്റസി ഡ്രാമയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. 

ഇതിന് പുറമെ സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ, എബ്രിഡ് ഷൈനിന്റെ പൂമരം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ, ജയരാജിന്റെ ഭയാനകം, റഹീം ഖാദറിന്റെ മക്കന തുടങ്ങിയ ചിത്രങ്ങളും ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരന്‍മ്പും ഈ വിഭാഗത്തില്‍ പ്രദർശിപ്പിക്കുന്നുണ്ട്.

പഴയകാല തെന്നിന്ത്യന്‍ നടി സാവിത്രിയുടെ ജീവിതം ആസ്പദമാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് കീര്‍ത്തി സുരേഷ് പ്രധാന വേഷത്തിലെത്തിയ മഹാനടി, സഞ്ജയ് ലീല ബാന്‍സാലിയുടെ പദ്മാവത്, അലി അബ്ബാസ് സഫറിന്റെ ടൈഗര്‍ സിന്ദാഹെ, മേഘ്‌നാ ഗുല്‍സാര്‍ ഒരുക്കിയ റാസി എന്നീ ചിത്രങ്ങളാണ് മുഖ്യധാര സിനിമാവിഭാഗത്തില്‍ പ്രദര്‍ശിക്കപ്പെടുന്നത്. 

Content Highlights: iffi goa international film festival shaji n karun oolu movie Indian panorama sudani from Nigeria