ഗോവ ചലച്ചിത്രമേളയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ഈ വര്‍ഷം ഇസ്രയേലി സംവിധായകന്‍ ഡാന്‍ വോള്‍മാന് നല്‍കും. അദ്ദേഹത്തിന്റെ ചില മികച്ച സൃഷ്ടികള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.  ഇസ്രായേലി സിനിമകളാണ് മേളയുടെ ശ്രദ്ധാകേന്ദ്രം.

ഇസ്രയേലി സിനിമകളുടെ രാജകുമാരന്‍ എന്നാണ് ഡാന്‍ വോള്‍മാന്‍ അറിയപ്പെടുന്നത്. മനുഷ്യ മനസ്സുകളുടെ സങ്കീര്‍ണതയാണ് അദ്ദേഹത്തിന്റെ സിനിമകളിലെ പ്രധാന വിഷയം. കൂടാതെ ഇസ്രയേലി സംസ്‌കാരത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച അസമാന്യപ്രതിഭയുമാണ് വോള്‍മാന്‍. 

ടൈഡ് ഹാന്‍ഡ്സ്, ഹൈഡ് ആന്‍ഡ് സീക്ക്' തുടങ്ങിയ സ്വവര്‍ഗാനുരാഗം പ്രമേയമായ ചിത്രങ്ങള്‍ രാജ്യന്തരവേദികളില്‍ ശ്രദ്ധിക്കപ്പെട്ടവയാണ്. ഇസ്രയേലി ചലച്ചിത്ര അക്കാദമി ദി ഓഫിര്‍ ലൈഫ് ടൈം അച്ചീവ്മെന്റ് നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും ബഹുമതികളുമാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.