ഹിം ഖാദര്‍ എന്ന സിവില്‍ പോലീസ് ഓഫീസര്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'മക്കന' ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുത്തു. മതമല്ല മനുഷ്യനാണ് വലുതെന്ന ഓര്‍മപ്പെടുത്തലാണ് 'മക്കന' എന്ന ചിത്രം പറയുന്നത്.

ഒരു അനുഭവകഥയില്‍നിന്ന് ബീജം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയത്. ആലുവ പോലീസ് സ്റ്റേഷനില്‍ ജോലിചെയ്യുമ്പോള്‍ മകളെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കളെത്തി. ഏകമകള്‍...! ഏറെ ലാളിച്ചുവളര്‍ത്തിയ കുട്ടി...! ഒരുപാട് അന്വേഷണത്തിനുശേഷം അന്യമതസ്ഥനായ ഒരു യുവാവിന്റെ കൂടെ പെണ്‍കുട്ടിയെ കണ്ടെത്തി. രണ്ടുപേരെയും  കോടതിയില്‍ ഹാജരാക്കി. ആരുടെ ഒപ്പം പോകണമെന്ന് ചോദിച്ചപ്പോള്‍ മാതാപിതാക്കളുടെ കൂടെയുള്ള ജീവിതം സുരക്ഷിതമല്ലെന്നും കാമുകന്റെ ഒപ്പം പോയാല്‍ മതിയെന്നും അവള്‍ കോടതിയില്‍ പറഞ്ഞു. തകര്‍ന്നുപോയ ആ മാതാപിതാക്കളുടെ ജീവിതമാണ് മക്കന പറയുന്നത്.

ഇന്ദ്രന്‍സും സജിതാമഠത്തിലുമാണ് മാതാപിതാക്കളെ അവതരിപ്പിക്കുന്നത്. സന്തോഷ് കീഴാറ്റൂര്‍, ചേലമറ്റം ഖാദര്‍, പ്രവീണ്‍ വിശ്വനാഥ്, മീനാക്ഷി, തെസ്നിഖാന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ഛായാഗ്രഹണം ആബിദ് ഷാ. ശിവദാസ് തത്തംപിള്ളി, പ്രദീപ് ശിവശങ്കരന്‍ എന്നിവരുടെ വരികള്‍ക്ക് അര്‍ഷദ് ശ്രീധര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ചിന്ത, മണികണ്ഠന്‍, അയ്യപ്പന്‍ എന്നിവരാണ് ഗായകര്‍. ജിന്നു വിജയന്റെതാണ് പശ്ചാത്തല സംഗീതം. എഡിറ്റിങ് മെന്റോസ് ആന്റണി. നിര്‍മാണം അലി കാക്കനാട്.