രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന ഗോവന്‍ ഫിലിം ഫെസ്റ്റിവലില്‍ 68 രാജ്യങ്ങളില്‍നിന്നായി 212 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പ്രശസ്ത സംവിധായകന്‍ ഇഗ്മര്‍ ബെര്‍ഗ്മാന്റെ നൂറാം ജന്മവാര്‍ഷികം പ്രമാണിച്ച് ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

മേളയുടെ രാജ്യാന്തര മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 15 ചിത്രങ്ങളില്‍ മൂന്ന് ഇന്ത്യന്‍ ചിത്രങ്ങള്‍ ഉണ്ട്. പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്ത് വിട്ട വാര്‍ത്ത കുറിപ്പ് പ്രകാരം മത്സര വിഭാഗത്തില്‍ 22 രാജ്യങ്ങളെ പ്രതിനിധീകരിച്ചു കൊണ്ടുള്ള ചിത്രങ്ങളുണ്ടാവും.

ദി ഫെസ്റ്റിവല്‍ ഓഫ് കലൈഡോസ്‌ക്കോപ്പ് വിഭാഗത്തില്‍ 20 ചിത്രങ്ങളും വേള്‍ഡ് പനോരമയില്‍ 67 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ഇതില്‍ നാല് വേള്‍ഡ് പ്രമീയറുകളും രണ്ട് അന്താരാഷ്ട്ര പ്രമീയറുകളും 12 ഏഷ്യന്‍ പ്രമിയറുകളും 60 ഇന്ത്യന്‍ പ്രീമിയറുകളും ഉള്‍പ്പെടും. അതാത് രാജ്യങ്ങളില്‍നിന്നും ഓസ്‌ക്കാറിനായി സമര്‍പ്പിച്ച 15 ചിത്രങ്ങളും വേള്‍ഡ് പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്

ബെര്‍ഗ്മാന്റെ പ്രത്യേക വിഭാഗത്തില്‍ അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലെ ഏറ്റവും നല്ലതെന്നു വിശേഷിപ്പിക്കാവുന്ന ഏഴ് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. അദ്ദേഹത്തെ കുറിച്ചൊരുക്കിയ ബെര്‍ഗ്മാന്‍ ഐലന്റ് എന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കും.

ആകെ 26 ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമയില്‍ ഉള്ളത്. ആറ് മലയാളം ചിത്രങ്ങളും നാല് മുഖ്യധാര ചിത്രങ്ങളുമാണ് ഈ വിഭാഗത്തില്‍ ഉള്ളത്. മഹാനടി, റാസി, ടൈഗര്‍ സിന്ദാ ഹൈ, പത്മാവത് എന്നിവയാണ് മുഖ്യധാര ചിത്രങ്ങള്‍.

ഷാജി എന്‍ കരുണിന്റെ ഓള് ആണ് ഉദ്ഘാടന ചലചിത്രം. ഇതിനു പുറമേ മക്കന, പൂമരം, സുഡാനി ഫ്രം നൈജീരിയ, ഭയാനകം, ഈ.മ.യൗ എന്നീ ചിത്രങ്ങളും ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മമ്മൂട്ടി നായകനായെത്തുന്ന പേരന്‍പും ഇതിനു പുറമേ ഉണ്ടാവും.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 21 ചിത്രങ്ങളില്‍ മൂന്ന് ചിത്രങ്ങളാണ് മലയാളത്തില്‍ നിന്നുള്ളത്. ഷൈനി ജേക്കബ് ബെഞ്ചമിന്റെ സ്വോര്‍ഡ് ഓഫ് ലിബര്‍ട്ടി, രമ്യ രാജിന്റെ മിഡ്‌നൈറ്റ് റണ്‍, വിനോദ് മങ്കരയുടെ ലാസ്യം എന്നിവയാണ് ചിത്രങ്ങള്‍. ഖര്‍വാസാന്‍ എന്ന മറാത്തി ചിത്രമാണ് ഉദ്ഘാടന ചിത്രം. 

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രാഹുല്‍ രാവലിയുടെ നേതൃത്വത്തിലുള്ള 12 അംഗ ജൂറിയാണ് ഫീച്ചര്‍ വിഭാഗത്തിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. മേജര്‍ രവിയും ജൂറി അംഗമാണ്.

ഇത്തവണ മുതല്‍ മേളയില്‍ സ്‌റ്റേറ്റ് ഫോക്കസ് ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാര്‍ഖണ്ഡാണ് ഈ വട്ടം തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം. ഡെത്ത് ഇന്‍ ദി ഗുഞ്ച്, റാഞ്ചി ഡയറീസ്, ബീഗം ജാന്‍ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ContentHighlights: iffi 2018, goa film festival, goa, shaji n karun movie ool, igmar bergman, latest movie news updates