49-ാമത് അന്താരഷ്ട്ര ചലച്ചിത്ര മേളയുടെ വേദിയില്‍ തന്റെ പതിവ് ചാറ്റ് ഷോ കോഫി വിത്ത് കരണുമായി സംവിധായകന്‍ കരണ്‍ ജോഹര്‍. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, അക്ഷയ് കുമാര്‍ എന്നിവരാണ് കരണിനൊപ്പം ചാറ്റ് ഷോയില്‍ പങ്കെടുത്തത്.

ടിവിയിലെ ചാറ്റ് ഷോയ്ക്കു സമാനമായി അതിഥികളെ വെള്ളം കുടിപ്പിക്കുന്ന ചോദ്യങ്ങളുമായിത്തന്നെയാണ് വേദിയില്‍ കരണ്‍ ഇരുവരെയും എതിരേറ്റത്. എന്നാല്‍ ഷോയിലെ പോലെ കാപ്പിയില്ലെന്ന് അക്ഷയ് കുമാര്‍ പരാതിപ്പെട്ടു. കാപ്പിയില്ലെങ്കിലെന്താ ഞാനില്ലേ ബുദ്ധിമുട്ടിക്കാനെന്നാണ് കരണ്‍ ചിരിച്ചു കൊണ്ട് പറഞ്ഞത്. ഇടക്ക് മന്ത്രി റാത്തോഡിനോട് കരണ്‍ ചോദിക്കുകയുണ്ടായി. 'താങ്കളെക്കുറിച്ചൊരു ബയോപിക്ക് ചെയ്യുന്നുവെങ്കില്‍ താങ്കളായി ആര് സ്‌ക്രീനില്‍ വരണമെന്നാണ് ആഗ്രഹിക്കുന്നത്? '  ആരു വരുമെന്നതു എനിക്കു വിഷയമല്ല, എന്നാല്‍ ആ ബയോപിക് കരണ്‍ ജോഹര്‍ തന്നെ സംവിധാനം ചെയ്യണമെന്നായിരുന്നു മന്ത്രിയുടെ മറുപടി.. അതേ ചോദ്യം കരണ്‍ അക്ഷയയോടു കൂടി ചോദിച്ചു. തന്റെ കട്ട ഫാനായ രണ്‍വീര്‍ സിങ്ങ് തന്നെ താനായി അഭിനയിക്കട്ടെയെന്നാണ് ആഗ്രഹമെന്ന് അക്ഷയ് അറിയിച്ചു. ഖേലോ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്ന സ്‌പോര്‍ട്‌സ് സിനിമകളില്‍ അക്ഷയ് കുമാറിന്റെ ഗോള്‍ഡുമുണ്ടെന്ന് അറിയിപ്പു വന്നിരുന്നു. ഗോള്‍ഡ് അല്ലാതെ ചില സിനിമകള്‍ കൂടി പ്രദര്‍ശിപ്പിക്കും അവ ഏതൊക്കെയെന്ന് തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ അക്ഷയ് ഏതെല്ലാം പേരുകള്‍ പറയുമെന്ന ചോദ്യത്തിന് ടോയ്‌ലറ്റ് ഏക് പ്രേം കഥ, പാഡ്മാന്‍, എയര്‍ലിഫ്റ്റ് എന്നീ സിനിമകളാണ് അക്ഷയ് എടുത്തു പറഞ്ഞത്. 

ചലച്ചിത്ര മേളകള്‍ എന്നും ഗ്ലാമറസ് വേദികളായേ തോന്നിയിട്ടുള്ളൂ. എന്നാല്‍ ഐ എഫ് എഫ് ഐ അതില്‍ നിന്നൊക്കെ വ്യത്യസ്തമാണെന്നും അതു രാജ്യത്തിനകത്തും പുറത്തുമുള്ള സിനിമകളെ പ്രതിനിദാനം ചെയ്യുന്നതാണെന്നുമാണ് കരണ്‍ ജോഹര്‍ മേളയ്ക്കിടയില്‍ പറഞ്ഞിരുന്നു.

Content Highlights : Karan Johar chat show at IFFI 2018, Karan Johar at IFFI 2018, Coffee with Karan Akshay Kumar and Central Minister Col. Rajwardhan Rathode