മാധ്യമപ്രവര്‍ത്തകന്‍ വി.എസ്. സനോജിന്റെ ഹിന്ദി ചിത്രം ബേണിങ് (burning) ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലും കൊല്‍ക്കത്ത അന്താരാഷ്ട്ര ചലചിത്രമേളയിലും പ്രദര്‍ശിപ്പിക്കും. 17 മിനിറ്റില്‍ ഇംഗ്ലീഷ് സബ്ടൈറ്റിലോടെ കഥ പറയുന്ന ഈ ഹ്രസ്വചിത്രത്തിന്റെ പശ്ചാത്തലം ഉത്തര്‍പ്രദേശിലെ വാരാണസിയാണ്. പ്രാര്‍ഥനകളുടേയും മരണാനന്തര ചടങ്ങുകളുടേയും വിശ്വാസ ഭൂമികയായ വാരണാസി മുഖ്യ കഥാപാത്രങ്ങളിലൊന്നാകുന്ന ചിത്രമാണ് ബേണിങ്. നവംബര്‍ 24 ന് ഗോവ അന്താരാഷ്ട്ര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മത്സരേതര വിഭാഗത്തിലാണ്  ചിത്രം പ്രദര്‍ശിപ്പിക്കുക. 

'ബേണിങ്' ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥിതിയെ അവതരിപ്പിക്കുന്ന ചിത്രമാണ്. എപ്പോഴും ചിത കത്തിയെരിയുന്ന, മന്ത്രധ്വനികള്‍ മുഴങ്ങുന്ന, വാരാണസി ഘാട്ടില്‍ സംഭവിക്കുന്ന കഥയിലൂടെ മതം, വിശ്വാസം, ആചാരം, ജാതി തുടങ്ങിയവ കുടുംബവ്യവസ്ഥയില്‍ എങ്ങനെ ഇടപെടുന്നുവെന്നും സ്ത്രീ ജീവിതാവസ്ഥകളെ എങ്ങനെ മാറ്റിമറിക്കുന്നുവെന്നതുമാണ് സിനിമയുടെ പ്രമേയം. 

മാതൃഭൂമി ഉത്തര്‍പ്രദേശ് ലേഖകനാണ് വി.എസ്. സനോജ്. ബംഗാള്‍, നാഗാലാന്‍ഡ്, കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലും മാധ്യമ പ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്. നിരൂപക പ്രശംസ നേടിയ ഏദന്‍ എന്ന സിനിമയിലൂടെ മികച്ച ഛായാഗ്രാഹകനുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ മനേഷ് മാധവന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സര്‍വമംഗളയുടെ ബാനറില്‍ വിദേശ മലയാളി അജയകുമാര്‍ ആണ് ചിത്രം നിര്‍മിച്ചത്. പ്രവീണ്‍ മംഗലത്താണ് ചിത്രസംയോജനം. പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാല്‍ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നു. ചെന്നൈ, ദി ഹിന്ദുവില്‍ ഡെപ്യൂട്ടി എഡിറ്ററായ ജിനോയ് ജോസ് ആണ് കഥയും തിരക്കഥയും. 

iffi

മറാഠി നടിയും മോഡലുമായ കേതകി നാരായണ്‍, കഴിഞ്ഞ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവുകൂടിയായ ഹിന്ദി സംവിധായിക രുക്സാന തബസും, നാടകപ്രവര്‍ത്തകന്‍ അഭിനയ് ശുക്ല എന്നിവരാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.  ദൃശ്യം ഉള്‍പ്പെടെ നിരവധി മലയാള ചിത്രങ്ങള്‍ക്ക് ശബ്ദമിശ്രണം നിര്‍വഹിച്ചിട്ടുള്ള അരുണ്‍ രാമവര്‍മയാണ് ശബ്ദമിശ്രണം. ബംഗാളി ശബ്ദലേഖകന്‍ അരിജിത് മിത്രയാണ് ശബ്ദലേഖനം. ഗായിക രശ്മി സതീഷ് കാസ്റ്റിംഗും കിരണ്‍ കേശവ് പ്രൊഡക്ഷന്‍ ഡിസൈനും ചെയ്തിരിക്കുന്നു. ബിസിനസ് ടുഡേ, ഡല്‍ഹി സീനിയര്‍ എഡിറ്റര്‍ കാവേരി നന്ദനാണ് സ്‌ക്രിപ്റ്റ് കണ്‍സള്‍ട്ടന്റ്. ഫസ്റ്റ് കട്ട്: അഫ്സല്‍ എ.എം, വസ്ത്രാലങ്കാരം സുമി കെ.രാജ്, സഹസംവിധാനം: സിബിന്‍ ഗിരിജ. കളറിസ്റ്റ്: ശ്രീകുമാര്‍ എന്‍. വാര്യര്‍, അസി. ക്യാമറ: ആനന്ദ് മധു. 

Content Highlights : 2018 International Film Festival of India goa hindi short film burning indian panorama