മ്യൂണിസ്റ്റ് ദാര്‍ശനികന്‍ കാള്‍ മാര്‍ക്‌സിന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു ഘട്ടം അവതരിപ്പിക്കുന്ന ചിത്രമാണ് ദ യങ് കാള്‍ മാര്‍ക്‌സ്. ഇറ്റാലിയന്‍ സംവിധായകനായ റൗള്‍ പെക്ക് സംവിധാനം ചെയ്ത ചിത്രം നിറഞ്ഞ സദസ്സിലാണ് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്. മാര്‍ക്‌സിന്റെ ജീവിതത്തിലെ 1842 മുതല്‍ 1847 വരെയുള്ള അഞ്ചു വര്‍ഷങ്ങളാണ് ചിത്രത്തിലുള്ളത്. പിന്നീട് അടുത്ത സുഹൃത്തും സഹരചയിതാവുമായിത്തീര്‍ന്ന ഫ്രഡറിക് ഏംഗല്‍സുമായുള്ള കൂടിക്കാഴ്ച മുതല്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ രചന വരെയുള്ള കാലമാണ് ചിത്രത്തിലുള്ളത്.

മാര്‍ക്‌സിന്റെ ജീവിതത്തിലെ കമ്യൂണിസ്റ്റ് സൈദ്ധാന്തികതകളേക്കാള്‍ ഏംഗല്‍സുമായുള്ള ബന്ധവും ഭാര്യ ജെന്നിയുമൊത്തുള്ള ദാമ്പത്യവുമെല്ലാം ചേര്‍ന്നാണ് പ്രമേയം രൂപപ്പെടുത്തിയിരിക്കുന്നത്. അതൊടൊപ്പം, പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്പിലെ തൊഴിലാളി ജീവിതവും ചിത്രത്തില്‍ സൂക്ഷ്മമായി ദൃശ്യവത്കരിക്കപ്പെടുന്നുണ്ട്. മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും ആശയധാരകളെ രൂപപ്പെടുത്തുന്നതില്‍ ദാരിദ്ര്യവും മുതലാളിത്ത ചൂഷണവുമെല്ലാം ചേര്‍ന്ന് ഇരകളാക്കുന്ന തൊഴിലാളികളുടെ ജീവിതം എങ്ങനെ നിര്‍ണായകമായി എന്നും ചിത്രം കാണിച്ചുതരുന്നു.

രസകരമാണ് മാര്‍ക്‌സും ഏംഗല്‍സും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച. പുസ്തകങ്ങളിലൂടെ നേരത്തെ അടുത്ത പരിചയമുള്ള ഇരുവരും വളരെ പരുക്കനായാണ് ആദ്യം ഇടപെടുന്നത്. എന്നാല്‍, വളരെ പെട്ടെന്നുതന്നെ അവര്‍ക്കിടയിലുള്ള മഞ്ഞുരുകുന്നു; ഭൗതികവാദ കാഴ്ചപ്പാടുകളോടും തൊഴിലാളിവര്‍ഗത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ സൂക്ഷ്മ നിരീക്ഷണങ്ങളോടുമുള്ള വലിയ പ്രതിപത്തിയും ബഹുമാനവും ഏംഗല്‍സ് തുറന്നുപറയുന്നതോടെയാണ് അതു സംഭവിക്കുന്നത്. അന്നു രാത്രിയിലെ ചര്‍ച്ചകള്‍ക്കൊടുവില്‍ തൊഴിലാളിവര്‍ഗ ജീവിതത്തെക്കുറിച്ച് ഒരു പുസ്തകം ഒരുമിച്ചു എഴുതാന്‍ ഇരുവരും തീരുമാനിക്കുന്നു. അടുത്ത ദിവസം പുലര്‍ച്ചെ വാതില്‍ തുറക്കുന്ന ജെന്നി കാണുന്നത് കുടിച്ചു ബോധം കെട്ട് വീട്ടുവാതില്‍ക്കല്‍ നിലത്തുകിടന്ന് ഉറങ്ങുന്ന ഏംഗല്‍സിനെയാണ്. മുറിയുടെ മറ്റൊരു മൂലയില്‍ മാര്‍ക്‌സും.

carl marx

ഫ്രാന്‍സില്‍നിന്ന് നാടുകടത്തപ്പെടുന്ന മാര്‍ക്‌സും ജെന്നിയും ഏംഗല്‍സിനൊപ്പം ലണ്ടനിലെത്തുന്നു. അവിടെ ലീഗ് ഓഫ് ദ ജസ്റ്റ് എന്ന തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നുണ്ടെങ്കിലും അതുമായി പൊരുത്തപ്പെടാന്‍ ഇരുവര്‍ക്കും സാധിക്കുന്നില്ല. വാര്‍ഷിക സമ്മേളനത്തില്‍ ലീഗ് ഓഫ് ദ ജസ്റ്റിനെ കമ്യൂണിസ്റ്റ് ലീഗ് എന്ന പുതിയ സംഘടനയാക്കി പ്രഖ്യാപിക്കുന്നതോടെ തൊഴിലാളിവര്‍ഗ സൈദ്ധാന്തിക ധാരണകള്‍ക്ക് ആദ്യമായി രാഷ്ട്രീയ രൂപം ലഭിക്കുന്നു. വ്യാവസായിക വിപ്ലവം സൃഷ്ടിച്ച അടിമത്ത സമാനമായ തൊഴിലാളി ജീവിതത്തിലേയ്ക്ക് സമത്വത്തെക്കുറിച്ചും  സ്വാതന്ത്ര്യത്തെക്കുറിച്ചും വിശ്വമാനവികതയെക്കുറിച്ചുമെല്ലാമുള്ള പുതിയ ആശയങ്ങള്‍ പ്രക്ഷേപിക്കുന്നതിന്റെ തുടക്കമായി അത് മാറുന്നു.

പിന്നീട് നിരവധി ലോകരാഷ്ട്രങ്ങളുടെ രാഷ്ട്രീയസാമൂഹ്യ ഘടനയെ മാറ്റിമറിച്ച മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് മൂര്‍ത്ത രൂപം കൈവരുന്ന സുപ്രധാന ഘട്ടത്തെയാണ് ചിത്രം ആവിഷ്‌കരിക്കുന്നത്. വളരെ രസകരവും കൗതുകകരവുമായ കൊച്ചുകൊച്ചു സംഭവങ്ങളിലൂടെയാണ് ഇത് സിനിമയില്‍ കടന്നുവരുന്നത്. ഇംഗ്ലണ്ടിലെ സമ്പന്നനായ മില്‍മുതലാളിയുടെ മകനായ ഏംഗല്‍സും മാര്‍ക്‌സും ചേര്‍ന്ന് ബാലവേലയെ ന്യായീകരിക്കുന്ന മറ്റൊരു മില്‍ മുതലാളിയുമായി നടത്തുന്ന സംഭാഷണം അത്തരത്തിലൊന്നാണ്. കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിലെ ചൂഷണത്തെക്കുറിച്ച് മാര്‍ക്‌സ് അയാളുമായി തര്‍ക്കിക്കുന്നു. ഇത്തരം ചൂഷണം പ്രകൃതി നിയമമല്ല, മനുഷ്യനിര്‍മിതമായ ഉത്പാദന ബന്ധങ്ങളാണ് ഇതിനിടയാക്കുന്നത് മാര്‍ക്‌സ് പറയുന്നു. നിങ്ങള്‍ സംസാരിക്കുന്നത് ഹീബ്രു പോലെ മറ്റേതോ ഭാഷയാണ്, അതെനിക്കു മനസ്സിലാകില്ല എന്നായിരുന്നു മില്‍ മുതലാളിയുടെ മറുപടി.

മാര്‍ക്‌സും ഭാര്യ ജെന്നിയുമായുള്ള ബന്ധവും മാര്‍ക്‌സും ഏംഗല്‍സും തമ്മിലുള്ള വ്യക്തിപരവും ബൗദ്ധികവുമായ ബന്ധവും ചിത്രത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളാണ്. ബൗദ്ധിക വ്യാപാരങ്ങളില്‍ മുഴുകുമ്പോഴും ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമപ്പെടുന്ന മാര്‍ക്‌സ് എന്ന കുടുംബനാഥനെ ചിത്രത്തില്‍ കാണാം. ജെന്നി എന്ന വീട്ടമ്മയെയും വിപ്ലവകാരിയെയും ചിത്രം കാട്ടിത്തരുന്നു. 

രാഷ്ട്രീയവും സിദ്ധാന്തങ്ങളും ദാര്‍ശനികതയുമെല്ലാം അടങ്ങിയ, സാന്ദര്‍ഭികമായ സംഭാഷണങ്ങളാണ് ചിത്രത്തിന്റെ സവിശേഷത. പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്പിനെ അതിസൂക്ഷ്മമായും സാങ്കേതികത്തികവോടെയുമാണ് ചിത്രം ദൃശ്യവത്കരിക്കുന്നത്. മികച്ച സംഗീതവും എഡിറ്റിംഗും ചിത്രത്തെ ഗംഭീരമായ ഒരു അനുഭവമാക്കുന്നു. പലതവണ എഴുതപ്പെടുകയും വിവിധ രൂപങ്ങളില്‍ ആവിഷ്‌കരിക്കപ്പെടുകയും ചെയ്തതാണ് മാര്‍ക്‌സിന്റെ ജീവിതകഥയെങ്കിലും ദ യങ് കാള്‍ മാര്‍ക്‌സ് പുതിയ അനുഭവം തന്നെയാണ് പ്രേക്ഷകന് നല്‍കുന്നത്. സൂക്ഷ്മതയും വൈദഗ്ധ്യവും നിറഞ്ഞ രചനയും സംവിധാനവുമാണ് അതിന് കാരണം. സംവിധായകനായ റൗള്‍ പെക്കും പാസ്‌കല്‍ ബോണിസ്റ്ററും ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. പുസ്തകങ്ങളിലൂടെയും അദ്ദേഹത്തിന്റെ രചനകളിലൂടയും മാര്‍ക്‌സിനെ അറിഞ്ഞിട്ടുള്ളവര്‍ക്ക് മികച്ച, രസകരമായ ചലച്ചിത്രാനുഭവമാണ് ദ യങ് കാള്‍ മാര്‍ക്‌സ്.

ഓഗസ്റ്റ് ഡയല്‍ ആണ് മാര്‍കസിനെ അവതരിപ്പിക്കുന്നത്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ കാള്‍ മാര്‍ക്‌സിന്റെ വ്യക്തിത്വത്തിലെ സങ്കീര്‍ണതകള്‍ ഗംഭീരമായി അവതരിപ്പിക്കുന്നു ഓഗസ്റ്റ് ഡയല്‍. ഏംഗല്‍സിനെ അവതരിപ്പിച്ചിരിക്കുന്നത് സ്റ്റഫാന്‍ കൊണാര്‍സ്‌കെ ആണ്. ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ ദി യങ് കാള്‍ മാര്‍ക്‌സ്  പ്രദര്‍ശിപ്പിച്ചിരുന്നു. ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ലോക സിനിമാ വിഭാഗത്തില്‍ ദ യങ് കാള്‍ മാര്‍ക്‌സ് പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Content Highlights: The Young Karl Marx Raoul Peck IFFI 2017 Goa Film Festival