രാജ്യങ്ങളുടെ അധികാര മോഹങ്ങള്‍ക്കും പ്രതികാരങ്ങള്‍ക്കുമിടയില്‍ അപകടകരമായി ജീവിക്കേണ്ടിവരുന്നവരുടെ കഥയാണ് ഷെല്‍ട്ടര്‍ പറയുന്നത്. ഇറാന്‍ റിക്ലിസ് സംവിധാനം ചെയ്ത ഈ ജര്‍മന്‍ ചിത്രത്തില്‍ ഇസ്രയേല്‍ ചാരസംഘടനയില്‍ പ്രവര്‍ത്തിക്കുന്ന നവോമി (നെത റിസ്‌കിന്‍),? മോന (ഗോള്‍ഷിഫ്‌റ്റെ ഫറഹാനി) എന്നീ സ്ത്രീകളാണ് പ്രധാന കഥാപാത്രങ്ങള്‍. ജീവിതത്തിനും മരണത്തിനും ഇടയിലൂടെയുളള അവരുടെ ഓടത്തിനിടയിലെ ഇടത്താവളത്തിലാണ് അവര്‍ കണ്ടുമുട്ടുന്നതും പരസ്പരം അറിയുന്നതും.

മൊസാദിനുവേണ്ടി നിരവധി ഓപ്പറേഷനുകളില്‍ പങ്കാളിയായിട്ടുള്ള മോന എതിരാളികളില്‍നിന്ന് രക്ഷപ്പെടുന്നതിനും പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്നതിനും മുഖം പ്ലാസ്റ്റിക് സര്‍ജറി നടത്തി വിശ്രമിക്കുകയാണ് മോന. അവളെ വധിക്കാന്‍ പലസ്തീന്‍ ചാരസംഘടനാംഗങ്ങള്‍ വട്ടമിട്ടു പറക്കുകയാണ്. മോനയുടെ സംരക്ഷണത്തിനും അവളെ നിരീക്ഷിക്കുന്നതിനുമായി മറ്റൊരു ചാരവനിതയായ നവോമി നിയോഗിക്കപ്പെടുന്നു. മോന രഹസ്യമായി താമസിക്കുന്ന ഫഌറ്റില്‍  അവളുമെത്തുന്നു. തുടര്‍ന്ന് ഈ രണ്ട് സ്ത്രീകള്‍ക്കുമിടയില്‍ ഉടലെടുക്കുന്ന ബന്ധവും ഇരുവരും അനുഭവിക്കുന്ന വൈയക്തിക സംഘര്‍ഷങ്ങളുമാണ് ചിത്രം പറയുന്നത്.

പഴയ മുഖത്തില്‍ നിന്ന് മറ്റൊരു മുഖത്തിലേയ്ക്കുള്ള സംക്രമണത്തിലാണ് മോന. അതിന്റെ സംഘര്‍ഷങ്ങളും വേദനകളും അവള്‍ അനുഭവിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍, അപകടകരമായ ഒരു ജീവിതത്തില്‍നിന്ന് സ്വസ്ഥമായ മറ്റൊരു ജീവിതത്തിലേയ്ക്കുള്ള പരിണാമമാണ് അതെന്നും പറയാം. ഏതു നിമിഷവും കൊല്ലപ്പെട്ടേക്കാം എന്ന ഭീതി മാത്രമല്ല അവളെ പലപ്പോഴും ദുര്‍ബലയാക്കുന്നത്; കഴിഞ്ഞുപോയ ജീവിതത്തിലെ പുറത്തു പറയാവുന്നവയും അല്ലാത്തവയുമായ നിരവധി കാര്യങ്ങളാണ്. അരക്ഷിതനായി എവിടെയോ ജീവിക്കുന്ന മകനെക്കുറിച്ചുള്ള വേദന അവളെ വേട്ടയാടുന്നു. ലോകം വെറുക്കുന്ന ഒരു മനുഷ്യനാണ് അവന്റെ അച്ഛന്‍. ഏകാന്തതയും ഒറ്റപ്പെടലും പരിഹരിക്കാന്‍ മുഖം മാറിയതുകൊണ്ടുമാത്രം കാര്യമില്ലെന്ന് അവള്‍ക്കറിയാം.

shelter

നവോമിയും മറ്റൊരു രീതിയില്‍ സമാനമായ പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്. എല്ലാം അവസാനിപ്പിച്ച് സ്വസ്ഥമായ ജീവിതം അവളും സ്വപ്നം കാണുന്നുണ്ട്. ഭര്‍ത്താവിനെ നഷ്ടപ്പെട്ട അവള്‍ ഒരു കുട്ടിയെ ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്നു. ജിവിതവും മരണവും ഇടകലരുന്ന ജീവിതത്തില്‍ അത് അത്ര എളുപ്പമല്ല. എതിരാളികള്‍ ആരാണെന്നുപോലും അറിയാതെ തൊട്ടടുത്ത നിമിഷത്തെ നേരിടേണ്ടിവരുന്നതിന്റെ ഭയപ്പാട് അവളുടെ ഓരോ ചലനത്തിലുമുണ്ട്. 

മോനയെ ആദ്യം സംശയത്തോടെ വീക്ഷിക്കുന്ന നവോമി പിന്നീട് അവളിലെ ആഴമേറിയ നന്മയെ തിരിച്ചറിയുന്നുണ്ട്. ശരിതെറ്റുകളെക്കുറിച്ചുള്ള തന്റെതന്നെ ധാരണകളെയും മുകളില്‍നിന്നുള്ള നിര്‍ദ്ദേശങ്ങളെയും മറികടന്ന് മോനയുടെ മകനെ തേടി അവള്‍ ലെബനനിലെത്തുന്നത് അതുകൊണ്ടുതന്നെയാണ്. ഒടുവില്‍, ജീവിതത്തിന്റെ സാധ്യതകളിലേയ്ക്കും പ്രതീക്ഷകളിലേയ്ക്കും ഒരു ദൃശ്യത്തിലൂടെ സംവദിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
 
ബ്രഹത്തായ ഒരു കാന്‍വാസാണ് ചിത്രത്തിന്റേതെങ്കിലും രണ്ടു സ്ത്രീകളുടെ വൈകാരികവും മാനസികവുമായി സംഘര്‍ഷങ്ങള്‍ക്കാണ് സംവിധായകന്‍ ഇറാന്‍ റിക്ലിസ് ഊന്നല്‍ കൊടുക്കുന്നത്. പുരുഷകഥാപാത്രങ്ങളെല്ലാം  ചിത്രത്തില്‍ അപ്രധാനരാണ്. പ്രതികൂലാവസ്ഥകളെ നേരിടുന്ന സ്ത്രീയുടെ മാനസിക ഭാവങ്ങളെ, ആത്മധൈര്യത്തെ, സ്വയം തീരുമാനങ്ങളെടുക്കാനും അതിജീവനത്തിനുമുള്ള അവരുടെ ശേഷിയെയാണ് ഷെല്‍ട്ടര്‍ എന്ന ചിത്രം ഉയര്‍ത്തിക്കാട്ടുന്നത്.

Content Highlights: Shelter Eran Riklis IFFI 2017 Goa Film Festival Psycho Thriller Golshifteh Farahani Neta Riskin