പനജി: ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ പനോരമ നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ വെള്ളിയാഴ്ച മലയാള ചിത്രം 'ഗി' പ്രദര്‍ശിപ്പിച്ചു. കുഞ്ഞില സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം, ശക്തമായ രാഷ്ട്രീയ നിലപാടുകള്‍ക്കൊണ്ട് ശ്രദ്ധേയമായി. 

പ്രായം ചെന്ന അപ്പച്ചനൊപ്പം കൊല്‍ക്കത്തയില്‍ താമസിക്കുന്ന ഗി എന്ന മലയാളി യുവതിയാണ് പ്രധാന കഥാപാത്രം. ഓര്‍മ നശിച്ചുകൊണ്ടിരിക്കുന്ന അപ്പച്ചന്റെയും അദ്ദേഹത്തെ പരിചരിക്കാന്‍ സമയം കണ്ടെത്തേണ്ടിവരുന്ന ഗിയുടെയും ബന്ധത്തിലൂടെയും ചുറ്റുപാടുകളിലൂടെയുമാണ് 30 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ കടന്നുപോകുന്നത്. സ്മരണകള്‍ മറഞ്ഞുകൊണ്ടിരിക്കുന്ന അപ്പച്ചന്‍ ഓര്‍മയുടെ മറ്റൊരു ലോകത്തിലാണുള്ളത്. ഗിയെ സംബന്ധിച്ച് അപരിചിതമാണ് ആ ലോകം. അതേസമയം, നിരവധി വൈരുദ്ധ്യങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ തന്റെ ലോകവുമായി ഏറ്റുമുട്ടിക്കൊണ്ടാണ് ഗി ജീവിക്കുന്നത്. 

സ്ത്രീ നേരിടേണ്ടിവരുന്ന അതിക്രമങ്ങളും പ്രതികൂല സാഹചര്യങ്ങളും സിനിമയുടെ പശ്ചത്തലത്തിലുണ്ട്. ഗിയുടെ കാമുകനുമായുള്ള ബന്ധവും അവളുടെ ജീവിത സാഹചര്യങ്ങളും അവള്‍ കാണുന്ന സ്വപ്നങ്ങള്‍ പോലും ചുറ്റുപാടുകളുടെ അസുഖകരമായ യാഥാര്‍ഥ്യങ്ങള്‍ പേറുന്നവയാണ്. അത് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തെയും യാഥാര്‍ഥ്യങ്ങളെയും പ്രതിനിധീകരിക്കുന്നു. റേഡിയോയില്‍നിന്നുള്ള ശബ്ദശകലമായും ദുഃസ്വപ്നത്തില്‍ കടന്നുവരുന്ന കാക്കി നിക്കറായും ഓര്‍മകളെയും ഓര്‍മക്കേടുകളെയും പരിഹസിക്കുന്ന ആഘോഷമായുമെല്ലാം അത് ചിത്രത്തില്‍ കടന്നുവരുന്നു. കനി കുസൃതിയാണ് ചിത്രത്തില്‍ ഗിയെ അവതരിപ്പിച്ചിരിക്കുന്നത്.

സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇസ്റ്റിറ്റിയൂട്ടിലെ (എസ്ആര്‍എഫ്ടിഐ) ഡിപ്ലോമ ചിത്രമാണ് കുഞ്ഞില സംവിധാനം ചെയ്ത 'ഗി'. ആര്‍ കെ സോറന്റെ എപ്പില്‍, വൈഭവ് ഹിവാസേയുടെ പലാഷ് എന്നീവയും ചലച്ചിത്രോത്സവത്തിന്റെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന എസ്ആര്‍എഫ്ടിഐ ഡിപ്ലോമ ചിത്രങ്ങളാണ്.

മനുഷ്യത്വത്തിന്റെയും സദാചാര ബോധത്തിന്റെയും മൂല്യങ്ങളുടെയുമെല്ലാം നേര്‍ക്ക് ചോദ്യങ്ങളുന്നയിക്കുന്ന മനശ്ശാസ്ത്ര സ്വഭാവമുള്ള സിനിമയാണ് ഐസിഎഫ്ടി മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'അമോക്ക്'. കാസിയ അദാമിക് ആണ് ഈ  പോളിഷ് ചിത്രത്തിന്റെ സംവിധായകന്‍. ഇന്ത്യന്‍ പനോരമ വിഭാ?ഗത്തില്‍ പ്രദര്‍ശിപ്പിച്ച മറാത്തി ചിത്രം 'ഇഡാക്', പനോരമയിലും മത്സരവിഭാഗത്തിലുമുള്ള 'കച്ചാ ലിംബു' എന്നിവയും ശ്രദ്ധിക്കപ്പെട്ട ഇന്ത്യന്‍ ചിത്രങ്ങളാണ്. സൗണ്ട് സിസൈനിങ്ങില്‍ ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ ക്രെയ്ഗ് മന്‍ പങ്കെടുത്ത മുഖാമുഖ പരിപാടിയും വെള്ളിയാഴ്ച നടന്നു.