പനജി: ഇത്തവണത്തെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ കനേഡിയന്‍ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തില്‍ ബുധനാഴ്ച പ്രദര്‍ശിപ്പിച്ച കനേഡിയന്‍ ചിത്രം 'ഡോണ്‍ട് ടോക് ടു ഐറീന്‍' ഏറെ പ്രേക്ഷക പ്രീതി നേടി. 

അമിതവണ്ണമുള്ള ഐറീന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലെ സങ്കടങ്ങളിലൂടെയും പ്രതീക്ഷകളിലൂടെയുമാണ് ചിതം മുന്നോട്ടുപോകുന്നത്. തന്റെ തടിച്ച ശരീരത്തെക്കുറിച്ച് അപകര്‍ഷതാബോധമുള്ള ഐറീന്‍ അതിനെ മറികടക്കാനും ഒരു ചിയര്‍ഗേള്‍ ആകാനുമാണ് ആഗ്രിക്കുന്നത്. എന്നാല്‍ വീട്ടില്‍നിന്നും സുഹൃത്തുക്കളില്‍ നിന്നുമെല്ലാം നിരുത്സാഹപ്പെടുത്തുന്ന അനുഭവങ്ങള്‍ മാത്രമാണ് അവള്‍ക്കുള്ളത്. സ്‌കൂളില്‍നിന്ന് രണ്ടാഴ്ചത്തേയ്ക്ക് പുറത്താക്കപ്പെടുന്ന ഐറീന്‍ നിര്‍ബന്ധിത സാമൂഹ്യ സേവനത്തിന് നിയോഗിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായി ഒരു വൃദ്ധസദനത്തില്‍ എത്തുന്ന അവള്‍ അവിടുത്തെ വൃദ്ധരായ അന്തേവാസികളുമായി ചങ്ങാത്തത്തിലാകുന്നു. തുടര്‍ന്നുള്ള രണ്ടാഴ്ചക്കാലം കൊച്ചുകൊച്ച് അനുഭവങ്ങളിലൂടെ അവള്‍ക്കു സംഭവിക്കുന്ന പരിണാമമാണ് ചിത്രം പറയുന്നത്.

ഉറച്ച ആഗ്രഹങ്ങള്‍ ഒരാളെ ലക്ഷ്യത്തിലെത്തിക്കുന്നത് എങ്ങനയെന്നും അത് ചുറ്റുമുള്ളവരെ എങ്ങനെ മാറ്റുന്നുവെന്നും ചിത്രം കാട്ടിത്തരുന്നു. ജീവിതത്തിലെ നല്ല കാലമെല്ലാം അവസാനിച്ചെന്നു കരുതി സ്വയം പിന്‍വലിയുന്ന വൃദ്ധരെ പുതിയ ജീവിതത്തിലേയ്ക്കും പ്രതീക്ഷകളിലേയ്ക്കും നയിക്കാന്‍ അവള്‍ക്കാകുന്നു. അതിലൂടെ അവള്‍ സ്വയം തിരിച്ചറിയുകയും ചെയ്യുന്നു. തമാശയുടെ അകമ്പടിയോടെ രസകരമായാണ് സംവിധായകന്‍ പാറ്റ് മില്‍സ് അവതരിപ്പിക്കുന്നത്. 

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ എട്ട് ചിത്രങ്ങളാണുള്ളത്. കനേഡിയന്‍ ചലച്ചിത്രകാരന്‍മാരും സിനിമാ പ്രവര്‍ത്തകരും പങ്കെടുത്ത മുഖാമുഖ പരിപാടി നടന്നു. കനേഡിയന്‍ ചിത്രങ്ങള്‍ക്ക് ഇന്ത്യയില്‍ വിപണി കണ്ടെത്തുന്നതിന് ഇന്ത്യന്‍ വിതരണ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പരിപാടിയില്‍ കനേഡിയന്‍ സ്ഥാനപതി ജോര്‍ദാന്‍ റീവ്‌സ് പറഞ്ഞു. കാനഡയില്‍ നിന്നുള്ള നിരവധി ചലച്ചിത്ര നിര്‍മാതാക്കള്‍ ഇന്ത്യന്‍ സിനിമയില്‍ നിക്ഷേപം നടത്തുന്നതിന് ആഗ്രഹിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ 2014 ജൂലൈ മുതല്‍ ഉടമ്പടി നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: IFFI 2017 Goa Film Festival Dont Talk to Irene Canadian Movie Pat Mills