വാര്‍ധക്യവും ദാരിദ്ര്യവും രോഗവുമൊന്നും ജീവിതത്തിലെ പ്രണയത്തിനും പ്രത്യാശയ്ക്കും വിഘാതമല്ലെന്ന് കാന്‍ഡലേറിയ എന്ന ചിത്രം പറയുന്നു. ജീവിതത്തോടുള്ള പ്രണയമാണ് ഏത് പ്രതികൂല സാഹചര്യങ്ങളെയും മറികടക്കാന്‍ മനുഷ്യനെ തുണയ്ക്കുന്നതെന്നും ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ക്യൂബന്‍ കാന്‍ഡലേറിയ എന്ന ചിത്രം അടിവരയിട്ടു പറയുന്നു.
ഇറ്റാലിയന്‍ കൊളംബിയന്‍ സംവിധായകനായ ജോണി ഹെന്‍ഡ്രിക്സ് ഹിനസ്ട്രോസ സംവിധാനം ചെയ്ത ചിത്രമാണ് കാന്‍ഡലേറിയ. 1994ലെ ക്യൂബയാണ് ചിത്രത്തിന്റെ പശ്ചാത്തലം. ക്യൂബ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ വൃദ്ധ ദമ്പതികളായ വിക്ടര്‍ ഹ്യൂഗോ, കാന്‍ഡലേറിയ എന്നീ വൃദ്ധ ദമ്പതികളുടെ ജീവിത സന്ദര്‍ഭങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ക്യൂബയുടെ സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങളും ജനങ്ങള്‍ അനുഭവിക്കുന്ന ജീവിത സങ്കീര്‍ണതകളും ലളിതമായി വരച്ചിടുന്ന ചിത്രമാണ് കാന്‍ഡലേറിയ.
സിഗരറ്റ് കമ്പനിയിലെ ജീവനക്കാരനാണ് വിക്ടര്‍ ഹ്യൂഗോ. കാന്‍ഡലേറിയ ആകട്ടെ ഒരു ഹോട്ടലിലെ ശുചീകരണ തൊഴിലാളിയും. ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയാണ് ഓരോ ദിവസവും അവര്‍ തള്ളിവിടുന്നത്. ഭക്ഷണവും വസ്ത്രവും വെള്ളവും വെളിച്ചവുമെല്ലാം അവര്‍ നേരിടുന്ന ദൈനംദിന പ്രശ്നങ്ങളാണ്. വിക്ടറിന് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് പുകയില കടത്തിക്കൊണ്ടുപോയി വില്‍ക്കേണ്ടിവരുന്നത് അതുകൊണ്ടാണ്.
കാന്‍ഡലേറിയയ്ക്ക് അലക്കു തുണികള്‍ക്കിടയില്‍നിന്ന് ഒരു വീഡിയോ കാമറ ലഭിക്കുന്നതോടെയാണ് അവരുടെ ജീവിതത്തില്‍ പൊടുന്നനെ മാറ്റം സംഭവിക്കുന്നത്. കൗതുകത്തിനായി തങ്ങളുടെ സ്വകാര്യ നിമിഷങ്ങളും നഗ്നതയുമെല്ലാം ആ കാമറയില്‍ വൃദ്ധ ദമ്പതികള്‍ പകര്‍ത്തുന്നു. അതിനിടയില്‍ കാമറ മോഷ്ടിക്കപ്പെടുന്നു. അത് വീണ്ടുകിട്ടുന്നുണ്ടെങ്കിലും അതിലെ ദൃശ്യങ്ങള്‍ വിലയ്ക്കു വാങ്ങാന്‍ പ്രദേശത്തെ കള്ളക്കടത്തുകാരന് തയ്യാറാകുന്നു. ഒരു ജീവിതമാര്‍ഗം എന്ന നിലയില്‍ ആ വാഗ്ദാനം സ്വീകരിക്കുകയല്ലാതെ അവര്‍ക്ക് വേറെ മാര്‍ഗമില്ല.
മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്നതിലല്ല, ജീവിതത്തിന്റെ ഈ ദശയില്‍ ഇത്തരമൊരു പ്രവൃത്തി വേണ്ടിവരുന്നതിലാണ് അര്‍ബുദ രോഗ ബാധിതയായ കാന്‍ഡലേറിയയ്ക്ക് പ്രശ്നം. ആദ്യ വീഡിയോ വില്‍ക്കുന്നുണ്ടെങ്കിലും പിന്നീട് അത് തുടരാന്‍ അവര്‍ തയ്യാറാവുന്നില്ല. മരണവും വേദനകളും ദാരിദ്ര്യവും തൊട്ടടുത്തുള്ളപ്പോഴും ജീവിതത്തെ പ്രണയിക്കുന്ന വൃദ്ധ ദമ്പതിമാരാണ് അവരിരുവരും.
ക്യൂബയുടെ രാഷ്ട്രീയ സാഹചര്യങ്ങളെ കൃത്യമായി രേഖപ്പെടുത്തിക്കൊണ്ടാണ് സിനിമ മുന്നോട്ടുപോകുന്നത്. വൃദ്ധ ദമ്പതിമാരുടെ ജീവിത ചുറ്റുപാടുകളിലൂടെ അക്കാര്യം കൃത്യമായി സംവദിക്കാന്‍ സംവിധായകന് സാധിക്കുന്നുണ്ട്. ലളിതവും രസകരവുമായ ആഖ്യാനം ചിത്രത്തെ ഏറെ ആകര്‍ഷകമാക്കുകയും ചെയ്യുന്നു. പ്രണയവും പിണക്കവും നിസ്സഹായതയും കൃസൃതിത്തരങ്ങളും ഇടകലര്‍ന്ന ജീവിത മുഹൂര്‍ത്തങ്ങള്‍ അല്‍ഡന്‍ നൈറ്റും (വിക്ടര്‍ ഹ്യൂഗോ), വെറോണിക്ക ലിന്നും (കാന്‍ഡലേറിയ) മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.