നാശോന്മുഖമായ 'സിക്രില്‍' എന്ന ഭാഷ സംസാരിക്കാനറിയാവുന്ന രണ്ടു വൃദ്ധന്മാര് മാത്രമാണ് ഭൂമുഖത്ത് ജീവിച്ചിരിക്കുന്നത്. കടുത്ത ശത്രുതയിലുള്ള അവര്‍ തമ്മിലാവട്ടെ, കഴിഞ്ഞ 50 വര്‍ഷമായി സംസാരിച്ചിട്ടില്ല. അവര്‍ തമ്മില്‍ സംസാരിച്ചാല്‍ പുറത്തുവരിക ആ ഭാഷയുടെ ശേഷിക്കുന്ന തുടിപ്പുകളാണ്. എന്നാല്‍ ശത്രുത തീര്‍ന്ന് അവര്‍ തമ്മില്‍ സംസാരിക്കുമോ? സംസാരിച്ചാല്‍ 50 വര്‍ഷത്തിനു ശേഷം എന്തായിരിക്കും അവര്‍ക്ക് പറയാനുണ്ടാവുക? ഈ കൗതുകവും ആകാംഷയുമാണ് നമ്മെ ഐ ഡ്രീം ഇന്‍ അനദര്‍ ലാംഗ്വേജ് എന്ന ചിത്രത്തിലേയ്ക്ക് പിടിച്ചുവലിക്കുന്നത്. മെക്സിക്കന്‍ സംവിധായകനായ ഏണസ്റ്റോ കോണ്ട്രെറാസ് സംവിധാനം ചെയ്ത 'ഐ ഡ്രീം ഇന്‍ അനദര്‍ ലാംഗ്വേജ്' ഐഎഫ്എഫ്ഐയില്‍ വലിയ സ്വീകാര്യതയാണ് നേടിയത്.
ഒരു ഉള്‍നാടന്‍ മെക്സിക്കന്‍ ഗ്രാമത്തില്‍ മാത്രം നിലവിലുണ്ടായിരുന്ന ഭാഷയാണ് സിക്രില്‍. ഭാഷാ ഗവേഷകനായ മാര്ട്ടിന് നാശോന്മുഖമായ ഈ ഭാഷയെ കണ്ടെത്തുന്നതിനും രേഖപ്പെടുത്തുന്നതിനുമാണ് ഈ ഗ്രാമത്തിലെത്തുന്നത്. എന്നാല്‍ ഈ ഭാഷ സംസാരിക്കാനറിയുന്നവരില് ഇപ്പോള്‍ ശേഷിച്ചിട്ടുള്ള ഇസുറോയും എവറിസ്റ്റോയും പരസ്പരം സംസാരിക്കാന്‍ തയ്യാറല്ല. ശത്രുത വെടിഞ്ഞ് അവര്‍ പരസ്പരം സംസാരിക്കാതെ മാര്ട്ടിന് സിക്രില്‍ എന്ന ഭാഷയെ അതിന്റെ സ്വാഭാവികതയോടെ രേഖപ്പെടുത്താനാവില്ല. അതിനായുള്ള അയാളുടെ കഠിന ശ്രമങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്.
ഇസുറോയും ഏണസ്റ്റോയും തമ്മില്‍ അഞ്ചു പതിറ്റാണ്ടു നീണ്ട ശത്രുതയുടെ കാരണം കണ്ടെത്തുകയാണ് അതിനു പരിഹാരമുണ്ടാക്കാനുള്ള മാര്‍ഗമെന്ന് മാര്ട്ടിനറിയാം. അതിനായി എവറിസ്റ്റോയുടെ കൊച്ചുമകളുമായി അയാള്‍ അടുക്കുന്നു. അവളുടെ സഹായത്തോടെ അതില്‍ അയാള്‍ വിജയിക്കുന്നു. എന്നാല്‍ അതുകൊണ്ടു പ്രശ്നം അവസാനിക്കുകയല്ല, തുടങ്ങുകയാണ്.
പ്രകൃതിയും പക്ഷികളും മൃഗങ്ങളും മനുഷ്യരുമെല്ലാം അടങ്ങുന്ന ഒരു ലോകത്തിന്റെ പുരാതന ഭാഷയാണ് സിക്രില്‍. അതിനെ അറിയണമെങ്കില്‍ പ്രകൃതിയുടെ ദുരൂഹതകളിലൂടെ സഞ്ചരിക്കണം. ഒപ്പം, ഇസുറോയുടെയും എവറസ്റ്റോയുടെയും ദൂരൂഹമായ സൗഹൃദത്തിന്റെയും ശത്രുതയുടെയും കഥകൂടിയറിയണം.
ഒരേ സ്ത്രീയെ പ്രണയിച്ച രണ്ടു സുഹൃത്തുക്കളായിരുന്നു എവറിസ്റ്റോയും ഇസുറോയും. കൂടാതെ, അവര്‍ പരസ്പരം പ്രണയിതാക്കളുമായിരുന്നു. മരിയയുടെ പ്രണയം എവറിസ്റ്റോയ്ക്ക് ലഭിക്കുന്നതോടെയാണ് ഇരുവരും തമ്മില്‍ ശത്രുത ഉടലെടുക്കുന്നത്. ഇസുറോ എപ്പോഴും വിട്ടുവീഴ്ചകള്‍ക്കു തയ്യാറായിരുന്നു. എന്നാല്‍ മരിയയെ വിവാഹം കഴിക്കാന്‍ സാധിച്ച, ഇസുറോയ്ക്കു മേല്‍ കായിക വിജയം നേടിയ എവറിസ്റ്റോ എപ്പോഴും ഇസുറോയോട് ശത്രുത വെച്ചുപുലര്‍ത്തി. ന്യായീകരിക്കാനാവാത്ത ആ ശത്രുത എന്തിനായിരുന്നിരിക്കും? അത് അറിയണമെങ്കില്‍ സിക്രില്‍ ഭാഷയില്‍ അവരെന്താണ് സംസാരിച്ചതെന്ന് അറിയണം. സിക്രില്‍ അറിയാത്ത നമുക്കൊരിക്കലും അക്കാര്യം അറിയാനാവില്ല. ആ ദുരൂഹതയും അപൂര്‍ണതയും തന്നെയാണ് സിനിമയെ കൂടുതല്‍ മനോഹരമാക്കുന്നത്.
മനുഷ്യന്റെ ദുരൂഹമായ മാനസിക സഞ്ചാരങ്ങളും പ്രണയവും പകയും പ്രതികാരവുമെല്ലാം സഞ്ചയിക്കുന്ന ഒരു ലോകമാണ് ചിത്രം കാട്ടിത്തരുന്നത്. സിക്രില്‍ എന്ന ഭാഷ എന്നത് ഇതിനെയെല്ലാം പ്രതിനിധീകരിക്കുന്ന ഒരു രൂപകവുമാണ്. പ്രകൃതിയും ഭാഷയും സംസ്കാരവുമെല്ലാം അതിന്റെ സ്വാഭാവികതയില്‍നിന്ന് അകന്നുമാറുകയും സജാതീയമാവുകയും ചെയ്യുന്ന ഇക്കാലത്തോടുള്ള പ്രതികരണം കൂടിയാണ് ഈ ചിത്രം.
ഒരു ഭാഷ മരിക്കുക എന്നാല്‍ ഒരു സംസ്കാരത്തിന്റെ മരണം കൂടിയാണ്. സംവദിക്കപ്പെടുന്നതിനാണ് ഭാഷ. സിക്രില്‍ സംസാരിക്കാന്‍ ഇസുറോയും എവറിസ്റ്റോയും ഉള്ളതുകൊണ്ടാണ് ആ ഭാഷ മരിക്കാതെ ബാക്കിയായത്. ചിത്രത്തിനൊടുവില്‍ ഇസുറോ മരണത്തിലേയ്ക്കോ പ്രകൃതിയിലേയ്ക്കോ എന്നറിയാതെ നടന്നു മറയുന്നതോടെ എവറിസ്റ്റോയ്ക്ക് നിലനില്‍പ്പില്ലാതാവുന്നു. ഇസുറോയോട് അതുവരെയുണ്ടായിരുന്ന വികാരം- ശത്രുതയോ പ്രണയമോ- എന്നെന്നേയ്ക്കുമായി അവസാനിപ്പിച്ച്, അതുവരെ ചുമന്നു നടന്നിരുന്ന സ്വന്തം ഇരിപ്പിടം ഉപേക്ഷിച്ച് അയാള്‍ക്കരികിലേയ്ക്ക് നടന്നടുക്കുകയല്ലാതെ എവറിസ്റ്റോയ്ക്ക് മറ്റൊന്നും ചെയ്യാനില്ല. മനുഷ്യനും ഭാഷയും പ്രകൃതിയുമെല്ലാം ഒന്നായിത്തീരുന്ന ഈ മനോഹര രംഗത്തോടെയാണ് ചിത്രം അവസാനിക്കുന്നത്.
ഇസുറോയെ അവതരിപ്പിച്ച ജോസ് മാനുവല്‍ പോന്സെലിസും എവറിസ്റ്റോയെ അവതരിപ്പിച്ച എലിജിയോ മെലന്ഡസും അനുപമമായ പ്രകടനമാണ് കാഴ്ചവെച്ചത്. സിനിമയില്‍ ആവിഷ്കരിക്കപ്പെടുന്ന പ്രകൃതിയുടെ വശ്യവും ദുരൂഹവുമായ സൗന്ദര്യം എടുത്തു പറയേണ്ടതാണ്. കാടും കോടമഞ്ഞും മഴയും കടലുമെല്ലാം ചേര്‍ന്ന പ്രകൃതിയുടെയും, പ്രണയവും പകയും പ്രതികാരവും നിഷ്കളങ്കതയുമെല്ലാം ചേര്‍ന്ന മനുഷ്യ മനസ്സിന്റെയും വശ്യസൗന്ദര്യം ഉള്‍ക്കൊള്ളുന്ന മനോഹര ചിത്രമാണ് ഐ ഡ്രീം ഇന്‍ അനദര്‍ ലാംഗ്വേജ്.