ത്മാവതി സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ രൂക്ഷമാകുന്നതിനെ തുടര്‍ന്ന് ഗോവയില്‍ വച്ചു നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിന്ന് സിനിമാലോകം വിട്ടുനില്‍ക്കണമെന്ന് ശബാനാ ആസ്മി.

ദീപിക പദുക്കോണിന്റെയും സംവിധായകന്‍ സഞ്ജയ്‌ലീല ബന്‍സാലിയുടെയും തലകൊയ്യുന്നവര്‍ക്ക് 10 കോടി രൂപ സമ്മാനം നല്‍കുമെന്ന് ബിജെപി നേതാവ്  പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ശബാന രംഗത്ത് വന്നത്. പാര്‍ട്ടിയുടെ മുഖ്യ മാധ്യമ കോ ഓര്‍ഡിനേറ്ററായ സൂരജ് പാല്‍ അമു ആണ് വിവാദ പ്രഖ്യാപനം നടത്തിയത്.

സിനിമാലോകം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ദീപിക, ബന്‍സാലി എന്നിവര്‍ക്ക് നേരെ ഭീഷണി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ സഹപ്രവര്‍ത്തകര്‍ മേള ബഹിഷ്‌കരിക്കണം. 

പത്മാവതിയുടെ രാജസ്ഥാനിലെ സെറ്റ് ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പരാതിയില്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ മൗനം പാലിക്കുകയാണ്. യുപി മുഖ്യമന്ത്രിയും അവരും ചേര്‍ന്ന് സിനിമയുടെ റിലീസ് നീട്ടിക്കിട്ടാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. യുപിയിലും രാജസ്ഥാനിലും കലാപകാരികളെ നിയന്ത്രിക്കാന്‍ സംവിധാനമില്ലേ? -ശബാന ചോദിക്കുന്നു.