പനജി: സഞ്ജയ് ലീല ബൻസാലിക്ക് ഇപ്പോൾ ലഭിക്കുന്ന പിന്തുണ തനിക്ക് ലഭിച്ചിട്ടില്ലെന്ന് ദേശീയ അവാർഡ് ജേതാവായ ബോളിവുഡ് സംവിധായകൻ മധുർ ഭണ്ഡാർകർ. ​ചലച്ചിത്ര സംവിധായകർക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ വിവേചനം ശരിയല്ലെന്നും ഗോവ രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രമായ പത്മാവതിയുടെ റിലീസിങ്ങുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പത്മാവതി എന്ന ചിത്രത്തെക്കുറിച്ച് തനിക്ക് എതിരഭിപ്രായങ്ങളില്ല. എന്നാൽ, സിനിമകളെക്കുറിച്ച് സംസാരിക്കുമ്പോൾ വിവേചനം കാണിക്കുന്നത് ശരിയല്ല. തന്റെ ചിത്രം ഇന്ദുസർക്കാർ പുറത്തിറങ്ങിയ സമയത്ത് ഒരു ബുദ്ധിജീവിയുടെ ഭാ​ഗത്തുനിന്നും ഒരുതരത്തിലുള്ള പിന്തുണയും ലഭിച്ചില്ല. എല്ലാവരും തന്ത്രപരമായ നിശ്ശബ്ദത പാലിക്കുകയായിരുന്നു അപ്പോൾ. ഇപ്പോൾ ആവിഷ്‌കാര  സ്വാതന്ത്ര്യത്തെപ്പറ്റി സംസാരിക്കുന്നവരാരും തന്നെ സപ്പോർട്ടു ചെയ്തിരുന്നില്ലെന്നും എല്ലാറ്റിനെയും നേരിടാൻ താൻ ഒറ്റക്കേ ഉണ്ടായിരുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ഏത് ഭരണകാലത്തായാലും ഇത്തരത്തിൽത്തന്നെയാണ് കാര്യങ്ങൾ നടക്കുന്നത്. സിനിമയിൽ യഥാർഥ സംഭവങ്ങളോ ചരിത്രമോ രാഷ്ട്രീയമോ ആണ് ആവിഷ്കരിക്കരിക്കുന്നതെങ്കിൽ കാര്യങ്ങൾ ദുഷ്കരമാണ്. ആരെങ്കിലുമൊരാൾ പരാതിയുമായി പോയാൽ പിന്നീട് സിനിമ പുറത്തിറങ്ങില്ല. ഇതാണ് ഇവിടെ നിലനിൽക്കുന്ന സാഹചര്യമെന്നും മധുർ ഭണ്ഡാർക്കർ പറഞ്ഞു.

അടിയന്തിരാവസ്ഥയുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ മധുർ ഭണ്ഡാർക്കറുടെ ഇന്ദുസർക്കാർ എന്ന ചിത്രത്തിന് നിരവധി എതിർപ്പുകളെ നേരിടേണ്ടിവന്നിരുന്നു.