പനജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാള ചിത്രം എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കുന്ന കാര്യം കോടതിയുടെ പരിഗണനയിലാണെന്ന് നിലവിലുള്ള ജൂറിയുടെ ചെയര്‍മാന്‍ രാഹുല്‍ റാവല്‍ പറഞ്ഞു. കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെ തുടര്‍ന്ന് ജൂറി അംഗങ്ങള്‍ രണ്ടാം തവണയും ചിത്രം കണ്ടശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജൂറിയുടെ തീരുമാനം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയെ അറിയിക്കും. തുടര്‍ന്ന് മന്ത്രാലയം കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കും. അതിനു ശേഷം ചിത്രം പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച് മറ്റു കാര്യങ്ങള്‍ പറയാമെന്നും അദ്ദേഹം പറഞ്ഞു.

വൈകുന്നേരം അഞ്ചുമണി മുതലാണ് ജൂറി അംഗങ്ങള്‍ക്കുവേണ്ടി ചിത്രം പ്രദര്‍ശിപ്പിച്ചത്. വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് ജൂറി അംഗങ്ങളും ഐഎഫ്എഫ്ഐ ഡയറക്ടറും അടച്ചിട്ട മുറിയില്‍ 6.30 മുതല്‍ 9.30 വരെ ചര്‍ച്ച നടത്തി. തുടര്‍ന്നാണ് പുറത്തെത്തി തീരുമാനം വിശദീകരിച്ചത്. 

ഭരണകൂടത്തിന്റെ അപ്രീതിയുണ്ടാക്കുന്ന ഒന്നും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് ഈ തീരുമാനത്തിലൂടെ നല്‍കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. ജൂറി ഇപ്പോള്‍ പറയുന്ന തരത്തിലുള്ള നടപടിക്രമങ്ങള്‍ എന്താണെന്ന് മനസ്സിലാകുന്നില്ല. ചലച്ചിത്ര മേള നാളെ അവസാനിക്കാനിരിക്കെ, തീരുമാനമെടുക്കുന്നത് വൈകിപ്പിച്ച് ചിത്രം പ്രദര്‍ശിപ്പിക്കാതിരിക്കാനാണ് ശ്രമം. കോടതി ഉത്തരവ് നടപ്പാക്കാതെ കോടതിയെ പരിഹസിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും അദ്ദേഹം മാതൃഭൂമിയോട് പറഞ്ഞു.

നേരത്തെ ഉണ്ടായിരുന്ന ജൂറി ചെയര്‍മാനും രണ്ട് അംഗങ്ങളും രാജിവെച്ചതിനെ തുടര്‍ന്ന് പുതിയ മൂന്ന് അംഗങ്ങളെ ഉള്‍പ്പെടുത്തി ജൂറിയില്‍ അഴിച്ചുപണി നടത്തിയിരുന്നു. രാഹുല്‍ റാവലിനെ ജൂറി ചെയര്‍മാനാക്കി നിശ്ചയിക്കുകയും ചെയ്തു. ഈ ജൂറിയാണ് ഇന്ന് ചിത്രം വീണ്ടും കണ്ടത്.

നേരത്തെ മുതല്‍ ജൂറി അംഗങ്ങള്‍ സിനിമയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. മേളയില്‍നിന്ന് എസ്. ദുര്‍ഗ പിന്‍വലിച്ചതിനെ തുടര്‍ന്ന് ചിത്രം പ്രദര്‍ശിപ്പിക്കണമെന്നാവശ്യപ്പെട്ട് അംഗങ്ങള്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്തെഴുതുകയും ചെയ്തിരുന്നു. ചിത്രം പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ജൂറി ചെയര്‍മാന്‍ സുജോയ് ഘോഷ് അടക്കം മൂന്നു ജൂറി അംഗങ്ങള്‍ രാജിവെച്ചിരുന്നു.

ചലച്ചിത്രോത്സവത്തിന്റെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍നിന്ന് എസ് ദുര്‍ഗ പിന്‍വലിച്ച നടപടിയെ എതിര്‍ത്തുകൊണ്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും പിന്നീട് ഡിവിഷന്‍ ബെഞ്ചും സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവിട്ടിരുന്നു. പനോരമ ജൂറി അംഗങ്ങള്‍ സിനിമയുടെ സെന്‍സര്‍ ചെയ്ത പതിപ്പ് കണ്ടതിനു ശേഷം പ്രദര്‍ശനം സംബന്ധിച്ച് തീരുമാനമെടുക്കണമെന്നായിരുന്നു കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യാഴാഴ്ച ഉത്തരവിട്ടത്. ഇതിനെതുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റും ചലച്ചിത്രോത്സവ അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നു.

Content Highlights: Sanal Kumar Sasidharan, S Durga Controversy, IFFI Screening 2017