മതവികാരം വ്രണപ്പെടുന്നതിന്റെ പേരില്‍ കലാരൂപങ്ങള്‍ക്കെതിരെ രോഷമുയരുന്നത് ഇതാദ്യമല്ല. എന്നാല്‍ സെക്‌സി ദുര്‍ഗ എന്ന് ആദ്യം പേരിട്ട, പിന്നീട് എസ് ദുര്‍ഗ എന്ന് മാറ്റേണ്ടിവന്ന ചിത്രത്തെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ(ഐഎഫ്എഫ്‌ഐ)യില്‍ പ്രദര്‍ശിപ്പിക്കേണ്ട ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ നിയമിച്ച ജൂറിയാണ്. ആ ജൂറി കാണുകയും വിലയിരുത്തുകയും ചെയ്ത ശേഷം പ്രദര്‍ശനയോഗ്യമാണെന്നു കണ്ട ഒരു ചിത്രത്തിന്, സെന്‍സര്‍ ബോര്‍ഡ് ഈ രാജ്യത്ത് പ്രദര്‍ശനാനുമതി നല്‍കിയ ഒരു ചിത്രത്തിന് മറ്റൊരു കാരണവും ചൂണ്ടിക്കാണിക്കാതെ ഭരണകൂടം പ്രദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നു. ഭരണഘടനാ സ്ഥാപനമായ കോടതി രണ്ടു വട്ടം പ്രദര്‍ശനാനുമതി നല്‍കിയിട്ടും മേളയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കപ്പെട്ടില്ല. ഒടുവില്‍ സെന്‍സര്‍ഷിപ്പും റദ്ദാക്കി മറ്റിടങ്ങളില്‍ പോലും പ്രദര്‍ശിപ്പിക്കാനുള്ള വഴിയും അടച്ച് പകവീട്ടുന്നു.

സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടക്കുന്ന ഇന്ത്യയിലെ ഏക ചലച്ചിത്രമേളയാണ് ഗോവയിലേത്. നവംബര്‍ 10ന് ഐഎഫ്എഫ്‌ഐയില്‍ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രങ്ങളുടെ പട്ടിക പുറത്തിറക്കിയപ്പോഴാണ് എസ് ദുര്‍ഗ എന്ന മലയാള ചിത്രം ഒഴിവാക്കപ്പെട്ടതായി മനസ്സിലാകുന്നത്. ഇതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ജൂറി ചെയര്‍മാനും പ്രശസ്ത ഹിന്ദി ചലച്ചിത്ര സംവിധായകനുമായ സുജോയ് ഘോഷ് രാജിവെച്ചു. പിന്നീട് മറ്റു രണ്ട് ജൂറി അംഗങ്ങളും രാജിവെച്ച് തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ഇതിനിടയില്‍ കേരള ഹൈക്കോടതിയില്‍നിന്ന് ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് അനുകൂലമായ രണ്ട്  കോടതി ഉത്തരവുകള്‍ നേടാന്‍ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് സാധിച്ചു.

ആദ്യവട്ടം ജൂറിക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ചത് സിനിമയുടെ സെന്‍സര്‍ ചെയ്യാത്ത പകര്‍പ്പാണെന്നും അതിനാല്‍ ജൂറിയുടെ തീരുമാനം പരിഗണിക്കേണ്ടതില്ലെന്നുമാണ് കോടതിയില്‍ ഐഎഫ്എഫ്‌ഐ വാദിച്ചത്. അങ്ങിനെയെങ്കില്‍ സെന്‍സര്‍ ചെയ്ത പകര്‍പ്പ് കണ്ടതിനു ശേഷം ചിത്രം പ്രദര്‍ശിപ്പിക്കുന്ന കാര്യത്തില്‍ ജൂറി തീരുമാനമെടുക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്.

മേള അവസാനിക്കുന്നതിന് ആറ് ദിവസം മുന്‍പ് കോടതി  ഉത്തരവ് വരികയും രണ്ടാമത്തെ ദിവസം കോടതി ഉത്തരവിന്റെ പകര്‍പ്പും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റും ചലച്ചിത്രമേള അധികൃതര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തതായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു. ഇത് ഫസ്റ്റിവല്‍ ഡയറക്ടറെക്കെണ്ടെ് സ്വീകരിപ്പിക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടിവന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മേള അവസാനിക്കുന്നതിന് തലേദിവസം മാത്രമാണ് ജൂറി ചിത്രം വീണ്ടും കണ്ടത്. ഇതിനിടയില്‍ രാജിവെച്ച അംഗങ്ങളുടെ സ്ഥാനത്ത് പുതിയ മൂന്ന് അംഗങ്ങളെ നിയമിക്കുകയും രാഹുല്‍ റാവലിനെ ജൂറി ചെയര്‍മാനാക്കുകയും ചെയ്തിരുന്നു.

കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ചിത്രം പ്രദര്‍ശിപ്പിക്കാനോ പ്രദര്‍ശിപ്പിക്കാതിരിക്കാനോ ഉള്ള തീരുമാനമെടുക്കുകയാണ് ജൂറി ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, ഇതു സംബന്ധമായ തീരുമാനം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലേയ്ക്ക് അയയ്ക്കുകയും അവിടെനിന്ന് കോടതിയില്‍ റിപ്പോര്‍ട്ടായി സമര്‍പ്പിക്കണമെന്ന വിചിത്ര നിലപാടാണ് ജൂറി സ്വീകരിച്ചത്. യഥാര്‍ഥത്തില്‍ കോടതി ഉത്തരവിനെ അസാധുവാക്കുന്ന നടപടി. ഒരു ദിവസം മാത്രം ബാക്കിയുള്ള മേളയില്‍ ഒരു കാരണവശാലും ചിത്രം പ്രദര്‍ശിപ്പിക്കരുത് എന്ന നിര്‍ബന്ധബുദ്ധിയാണ് ഇതിനു പിന്നില്‍. അതിനായി സെന്‍സര്‍ഷിപ്പും റ്ദ്ദാക്കി. സര്‍ക്കാര്‍ നിയമിച്ച ഒരു സ്ഥാനത്താണ് താനിരിക്കുന്നതെന്നും തനിക്ക് അതനുസരിച്ചേ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ എന്നും പുതിയ ജൂറി ചെയര്‍മാന്‍ പറയുമ്പോള്‍ കാര്യങ്ങള്‍ ഏറെക്കുറെ വ്യക്തമാകുന്നു. ഇതേ സ്ഥാനത്തിരുന്ന മുന്‍ ചെയര്‍മാന്‍ രാജിവെച്ചൊഴിഞ്ഞ സ്ഥാനത്തെക്കുറിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത് എന്നതും മറക്കരുത്.

ഇന്ത്യയ്ക്കു പുറത്ത് അമ്പതോളം ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രമാണ് സെക്‌സി ദുര്‍ഗ. ഇന്ത്യയിലേയ്ക്ക് ആദ്യമായി റോട്ടര്‍ഡാം ഫെസ്റ്റിവലില്‍നിന്ന് ടൈഗര്‍ പുരസ്‌കാരം കൊണ്ടുവന്ന ചിത്രം. അത് കൈകാര്യം ചെയ്യുന്ന പ്രമേയം എന്താണെന്ന് പരിശോധിക്കാതെ പേരിന്റെ പേരില്‍ സിനിമയ്ക്ക് വിധി തീര്‍ക്കുന്ന പ്രവണത- അത് സെന്‍സര്‍ ബോര്‍ഡ് വിലയിരുത്തുകയും അംഗീകരിക്കുകയും ചെയ്തതാണെന്ന് മറക്കരുത്- അത് ജനങ്ങള്‍ക്ക് കാണാനും വിലയിരുത്താനും ജനാധിപത്യ-ഭരണഘടനാ വിരുദ്ധമെങ്കില്‍ തള്ളിക്കളയാനും അവസരം നല്‍കേണ്ടതുതന്നെയാണ്.  ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ കോടതിവിധിയെ മറികടക്കാന്‍ നടത്തുന്ന നിലവാരമില്ലാത്ത കളികള്‍ ഓരോ പൗരനോടും കാണിക്കുന്ന നീതിനിഷേധമാണ്. കലാകാരന്റെ സവിശേഷാധികാരം വകവയ്‌ക്കേണ്ടതില്ല. എന്നാല്‍ പൗരാവകാശം ഹനിക്കാനും കോടതിയെ നോക്കുകുത്തിയാക്കാനും ആര്‍ക്കും അവകാശമില്ല.

ഇന്ത്യയിലെ ജനങ്ങളുടെ പണം ഉപയോഗിച്ച് നടത്തുന്ന അന്താരാഷ്ട്ര മാനമുള്ള ഒരു സാംസ്‌കാരിക പരിപാടിയാണ് ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഐഎഫ്എഫ്‌ഐ). സിനിമയും സാഹിത്യവും അടക്കമുള്ള കലാരൂപങ്ങള്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നാണ് പൊതുവെ കരുതുന്നത്. അങ്ങനെയെങ്കില്‍, വൈവിധ്യപൂര്‍ണമായ ഒരു സംസ്‌കാരത്തിലും അതിന്റെ മഹിമയിലും അഭിമാനിക്കുന്ന ഒരു ജനസമൂഹത്തിന് വ്യത്യസ്തതകളെ- വിരുദ്ധാഭിപ്രായങ്ങളെ- ഉള്‍ക്കൊള്ളാന്‍ കഴിയേണ്ടതാണ്. കുറഞ്ഞ പക്ഷം, അതിന്റെ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സംഹിതകളെ ഉള്‍ക്കൊള്ളാനും ആദരിക്കാനും കഴിയണം. എന്നാല്‍ ഇതൊന്നുമല്ല ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സംഭവിച്ചത്.

ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി സാഹിത്യമോ സിനിമയോ മറ്റേത് കലാരൂപമോ ആശയമോ രൂപമെടുത്താല്‍ അതിനെ എന്തുവിലകൊടുത്തും ഇല്ലാതാക്കുക എന്ന നയമാണ് ഇവിടെയും സ്വീകരിക്കപ്പെട്ടത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെടുന്ന ഒരു അന്താരാഷ്ട്ര മേളയില്‍ ഇത് നടക്കുമ്പോള്‍ ചില ആശങ്കകള്‍ ഉയരുന്നുണ്ട്. മതം, വിശ്വാസം, ആചാരം, മറ്റു പ്രതിനിധാനങ്ങള്‍ തുടങ്ങിയവയുടെ പേരില്‍ ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും വ്യക്തി അവകാശങ്ങളെയും ആവിഷ്‌കാരങ്ങളെയും ഇല്ലായ്മ ചെയ്യാന്‍ തക്കവിധത്തില്‍ അത് വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.