കോടതി കനിഞ്ഞു. എന്നിട്ടും കേന്ദ്ര സര്‍ക്കാരിനും ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലെ നടത്തിപ്പുകാരുടെയും മനസ്സു മാറുന്നില്ല. സനല്‍കുമാര്‍ ശശിധരന്റെ ചിത്രം എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കുന്ന കാര്യത്തില്‍ ഇപ്പോഴും ഉരുണ്ടുകളിക്കുകയാണ് ഇരു കൂട്ടരും. ഈ കളി കാരണം ശരിക്കും വെട്ടിലായിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഞങ്ങള്‍ ഇപ്പോള്‍ നടക്കടലില്‍ പെട്ട അവസ്ഥയിലായെന്ന് പറയുകയാണ് ചിത്രത്തിലെ പ്രധാന നടനായ കണ്ണന്‍ നായര്‍.

കേരള ഹൈക്കോടതിയുടെ അനുകൂല വിധി കൈപ്പറ്റാനോ അതിനൊരു മറുപടി തരാനോ രാജ്യാന്തര ചലച്ചിത്ര മേളയുടെ നടത്തിപ്പുകാര്‍ തയ്യാറാവുന്നില്ല. ഞങ്ങളുടെ പരാതി കേള്‍ക്കാന്‍ ഫെസ്റ്റിവല്‍ ഡയറക്ടറോ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയോ തയ്യാറാവുന്നില്ല-കണ്ണന്‍ നായര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

'ഐ.എഫ്.എഫ്.ഐയില്‍ നടുക്കടലില്‍ പെട്ട അവസ്ഥയിലാണ് ഞങ്ങള്‍ ഇപ്പോള്‍. ഇന്നലെ ഞങ്ങള്‍ക്ക് അനുകൂലമായി കോടതി വിധി ഉണ്ടായിട്ട്‌പോലും ഇവിടെ ഐ.എഫ്.എഫ്.ഐയിലെ അധികാരികളോ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയത്തിലെ ആള്‍ക്കാരോ ഞങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. കോടതിവിധി എത്തിച്ചുകൊടുക്കാന്‍ ഞങ്ങള്‍ ആവുന്നതും ശ്രമിച്ചു. രാവിലെ മുതില്‍ ഫെസ്റ്റിവല്‍ ഡയറക്ടറെ കാണാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, അദ്ദേഹത്തെ കാണാന്‍ അനുവദിക്കുന്നില്ല. വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയവുമായാണ് ബന്ധപ്പെടേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ പി.എ. പറയുന്നത്. ഞങ്ങളുടെ നിര്‍മാതാവ് ഉള്ളത് ന്യൂഡല്‍ഹിയിലാണ്. അദ്ദേഹം മന്ത്രിയെ കാണാന്‍ പോയി. അവര്‍ പറയുന്നത് ഇതുമായി ബന്ധപ്പെട്ട ആള്‍ക്കാരുള്ളത് ഗോവയിലാണ് എന്നാണ്.

ഞങ്ങള്‍ ഇതിന്റെ രണ്ടിന്റെയും നടുക്കാണ്. ഡയറക്ടറെ കാണാന്‍ അനുവദിക്കാത്തത് കൊണ്ട് ഓപ്പണ്‍ ഫോറത്തില്‍ ഞാന്‍ ഇക്കാര്യം ചോദിച്ചു. അത് കേട്ടപാടെ അദ്ദേഹം ഇറങ്ങിപ്പോവുകയാണ് ഉണ്ടായത്. പോകുന്നവഴിയില്‍ ഞാന്‍ കോടതിവിധിയും സംവിധായകന്റെ കത്തും കൈമാറി. അതൊന്ന് ഓടിച്ച് വായിച്ചുനോക്കിയെങ്കിലും ഒന്നും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഒന്നും പറയാതെ ഇറങ്ങിപ്പോവുകയാണ് ഉണ്ടായത്. ഇപ്പോഴും എന്താണ് ചെയ്യേണ്ടത് എന്നറിയാതെ നില്‍ക്കുകയാണ്. പ്രദര്‍ശിപ്പിക്കാന്‍ പറ്റുമെന്നോ ഇല്ലെന്നോ ഇവര്‍ പറഞ്ഞാലേ ഞങ്ങള്‍ക്ക് അടുത്ത നടപടിയിലേയ്ക്ക് കടക്കാന്‍ കഴിയുകയുള്ളൂ.

അവര്‍ ഷെഡ്യൂളിങ്ങിന്റെ കാര്യത്തില്‍ എന്തെങ്കിലും തടസ്സം പറയും എന്നാണ് ഞങ്ങള്‍ കരുതുന്നത്. അത് അര്‍ഥശൂന്യമായ ഒരു വാദമായേ കണക്കാക്കാന്‍ കഴിയുകയുള്ളൂ. എളുപ്പത്തില്‍ ചിത്രങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ഇവിടുത്തെ കാര്യങ്ങള്‍. 24 വരെയുള്ള സിനിമകള്‍ മാത്രമേ ഇവിടെ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളൂ. അതിനുശേഷമുള്ള ഷെഡ്യൂള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിനുശേഷമുള്ള ഏതെങ്കിലും ഒരു ദിവസത്തെ ഏതെങ്കിലും ഒരു ഷോയില്‍ നമ്മുടെ ചിത്രം ഉള്‍പ്പെടുത്താന്‍ പറ്റുന്ന ഒരു അവസ്ഥയാണുള്ളത്. അതിനെതിരെ അവര്‍ എന്തൊക്കെയോ കാരണങ്ങള്‍ പറയുന്നു. എന്നാല്‍, ഈ കാരണങ്ങളൊന്നും നമ്മളോട് നേരിട്ട് പറയുന്നില്ല. നേരിട്ട് ഞങ്ങളുമായി ആശയവിനിമയം നടത്തുന്നില്ല-കണ്ണന്‍ നായര്‍ പറഞ്ഞു.

ഗോവ ചലച്ചിത്ര മേളയുടെ ഇന്ത്യൻ  പനോരമ വിഭാഗത്തിലായിരുന്നു നേരത്തെ സെക്സി ദുർഗ എന്ന് പേരിട്ട എസ് ദുർഗ പ്രദർശിപ്പിക്കേണ്ടത്. പിന്നീടാണ് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രാലയം ഇ​ടപെട്ട്  എസ് ദുർഗയും മറാത്തി ചിത്രം ന്യൂഡും ഒഴിവാക്കിയത്. ഇതിൽ പ്രതിഷേധിച്ച് ജൂറി ചെയർമാൻ സുജയ് ഘോഷും അംഗം അപൂർവ അസ്രാണിയും രാജിവച്ചിരുന്നു. ഇതിനുശേഷമാണ് സംവിധായകൻ സനൽകുമാർ ശശിധരൻ കേരള ഹൈക്കോടതിയെ സമീപിച്ച് അുനകൂല വിധി സമ്പാദിച്ചത്.

Content Highlights: S Durga IFFI2017 Kannan Nair Sanal Kumar Sasidharan Kerala HC Actor Kannan Nair On S Durga