പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ എസ്.ദുര്‍ഗ പ്രദര്‍ശിപ്പിക്കുന്നതിന് തനിക്ക് യാതൊരു ഉറപ്പും ലഭിച്ചിട്ടില്ലെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. 

എസ്. ദുര്‍ഗ പ്രദര്‍ശിപ്പിക്കാതിരിക്കാനുള്ള മനപൂര്‍വ്വ ശ്രമങ്ങള്‍ നടക്കുന്നതാനയും അദ്ദേഹം ആരോപിച്ചു. സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതിയുടെ പകര്‍പ്പ് ചലച്ചിത്രമേളാ അധികൃതര്‍ക്ക് നല്‍കിയ ശേഷം മാതൃഭൂമിയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

ചലച്ചിത്ര മേളയില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനായി സെന്‍സര്‍ ചെയ്ത കോപ്പിയും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഒന്നും നല്‍കുന്ന കീഴ്‌വഴക്കമില്ല. എന്നാല്‍, എസ്.ദുര്‍ഗയുടെ കാര്യത്തില്‍ ഇതെല്ലാം ആവശ്യപ്പെട്ടിരിക്കുകയാണ്. 

മേള അവസാനിക്കാന്‍ ഇനി നാല് ദിവസം മാത്രമാണുള്ളത്. എന്നാല്‍, ഇപ്പോഴും സിനിമ പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച് തനിക്ക് വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

ജൂറി സെലക്ട് ചെയ്ത ശേഷം കോടതിയില്‍ പോകാതിരിക്കാന്‍ ഈ സിനിമ മൂന്നാഴ്ച തടഞ്ഞുവെച്ചിരുന്നു. ഇത് സിനിമയുടെ പ്രദര്‍ശനം മനപൂര്‍വ്വം വൈകിപ്പിക്കാനായിരുന്നുവെന്നും സംവിധായകന്‍ ആരോപിച്ചു.