പനാജി: 48ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടിയായി പാര്‍വതിയെ തിരഞ്ഞെടുത്തത് മലയാള സിനിമയ്ക്ക് അഭിമാനകരമായ നേട്ടമായി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പാര്‍വതി പുരസ്‌കാരത്തിന് അര്‍ഹയായത്.

തനിക്ക് ലഭിച്ച ഈ അംഗീകാരം അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയ്ക്കും നഴ്‌സ്മാര്‍ക്കും സമർപ്പിക്കുകയാണെന്ന് പാര്‍വതി പുരസ്‌കാരം ഏറ്റുവാങ്ങി പറഞ്ഞു.  ഇറാഖിലെ യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ നഴ്‌സുമാരുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. രാജേഷ് പിള്ളയുടെ സ്വപ്‌നചിത്രമായിരുന്നു ടേക്ക് ഓഫ്. കരള്‍ രോഗത്തെ തുടര്‍ന്ന് അദ്ദേഹം അപ്രതീക്ഷിതമായി മരിക്കുകയായിരുന്നു. രാജേഷ് പിള്ള ഫിലിംസിന്റെ ബാനറില്‍ അദ്ദേഹത്തിന്റെ ഭാര്യ മേഘ രാജേഷാണ് ചിത്രം നിര്‍മിച്ചത്.

സമീറ എന്ന കഥാപാത്രം തനിക്ക് നല്‍കിയതിന് സംവിധായകന്‍ മഹേഷ് നാരായണനോട് പാര്‍വതി നന്ദി രേഖപ്പെടുത്തി. 'സമീറ എന്നെ സംബന്ധിച്ച് ഏറെ അകലെയായിരുന്നു. എങ്ങിനെ ചെയ്യണമെന്ന് അറിയില്ലായിരുന്നു. സഹാനുഭൂതിയും കരുണയും എന്തെന്ന് ആഴത്തില്‍ എന്നെ പഠിപ്പിച്ച ഒരു ചിത്രമായിരുന്നു ടേക്ക് ഓഫ്. സമീറ സമ്മുടെ സമൂഹത്തിലെ ഓരുപാട് സ്ത്രീകളുടെ പ്രതീകമാണ്-' പാര്‍വതി കൂട്ടിച്ചേര്‍ത്തു.

Content Highlights: Parvathy Best Actress IFFI 2017, Take off, Mahesh Narayanan, Rajesh Pilla