ഗോവ: കേരള ഹൈക്കോടതി പ്രദര്‍ശനാനുമതി നല്‍കിയിട്ടും ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ എസ് ദുര്‍ഗ സിനിമ പ്രദര്‍ശിപ്പിക്കാന്‍  താത്പര്യം കാണിക്കാതെ ചലച്ചിത്രോത്സവ ഡയറക്ടര്‍ . എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കാന്‍ വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ചലച്ചിത്രോത്സവ ഡയറക്ടര്‍ സുനിത് ടണ്ഠന്‍ ഇതിന് നിരത്തുന്ന ന്യായീകരണം. ചലച്ചിത്രോത്സവത്തിലെ ഓപ്പണ്‍ ഫോറത്തില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടി പറയവെയാണ് ടണ്ഠന്‍ നിലപാട് വ്യക്തമാക്കിയത്.

'എസ് ദുര്‍ഗ എന്നാണ് പ്രദര്‍ശിപ്പിക്കുന്നതെന്ന്' ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കണ്ണന്‍ നായരാണ് ഓപ്പണ്‍ ഫോറത്തില്‍ ചോദ്യം ഉന്നയിക്കുന്നത്. ചോദ്യത്തെ തുടര്‍ന്ന് ഇടയ്ക്ക് വെച്ച് സംവാദം പൂര്‍ത്തിയാക്കാതെ ടണ്ഠന്‍ ഇറങ്ങിപ്പോവുകയായിരുന്നു. 

സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീയ്യതി ആവശ്യപ്പെട്ട് സിനിമയുടെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ നല്‍കിയ കത്ത് ടണ്ഠന്‍ പിന്നീട് സ്വീകരിച്ചു. ഹൈക്കോടതി വിധി ഒപ്പം വെച്ചാണ് സനല്‍കുമാര്‍ ശശിധരന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ ഒദ്യോഗികമായ അറിയിപ്പുകളൊന്നും ടണ്ഠന്‍ നല്‍കിയില്ല.

എസ് ദുര്‍ഗയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം  ഫെസ്റ്റിവല്‍ അധികൃതരുമായി ബന്ധപ്പെട്ടിരുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് 'അത്തരം കാര്യങ്ങളുണ്ടായാല്‍ ഉടന്‍ തന്നെ മാധ്യമങ്ങളെ അറിയിക്കുമെന്നാണ് ടണ്ഠന്‍ മറുപടി നല്‍കിയത്.

കോടതി ഉത്തരവ് ചേര്‍ത്ത് വെച്ച് ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കാനുള്ള അപേക്ഷ ഫെസ്റ്റിവല്‍ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഓഫീസ് അധികൃതരുടെ ഇടപെടലിനെത്തുടര്‍ന്ന് അത് പരാജയപ്പെടുകയായിരുന്നു. അതിനാലാണ് ഓപ്പണ്‍ ഫോറത്തില്‍ വിഷയം ഉന്നയിച്ചതെന്ന് കണ്ണന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മേളയിലേക്ക് ചിത്രം ജൂറി തിരഞ്ഞെടുത്തിരുന്നെങ്കിലും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെടുന്നത്. ഇതിനെതിരേ സംവിധായകന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ അനുകൂല വിധിയുണ്ടാവുന്നത്. 

ജൂറിയുടെ തീരുമാനം മറികടന്ന് ചലച്ചിത്രത്തെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ജൂറി അധ്യക്ഷനും മറ്റും രാജിവെച്ചിരുന്നു. 

ചിത്രത്തിന്റെ യഥാര്‍ഥ പേര് സെക്സി ദുര്‍ഗ എന്നായിരുന്നു. ആ പേര്  മാറ്റി എസ് ദുര്‍ഗ എന്നാക്കിയത് സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലിനെത്തുടര്‍ന്നാണ്. പേര് സംബന്ധിച്ച വിവാദം തുടരുന്നതിനിടെയാണ് സിനിമ ഗോവ ചലച്ചിത്രമേളയില്‍നിന്ന് പുറത്താവുന്നത്.