ബോളിവുഡില്‍ നിന്നടക്കമുള്ള താരങ്ങളും സിനിമാ പ്രവര്‍ത്തകരും പങ്കെടുക്കുന്ന ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രധാന വേദിയുടെ കോണില്‍ ഒരു ചെറിയ സ്റ്റാളിനു മുന്നില്‍വെച്ചാണ് ലോറന്‍സിനെ കണ്ടത്. വളരെ പഴക്കമേറിയ ചില ക്യാമറകള്‍ക്കും പ്രൊജക്ടറുകള്‍ക്കും ഇടയില്‍ നിന്നുകൊണ്ട് വാര്‍ധക്യത്തിന്റെ അവശതകള്‍ക്കിടയിലും ലോറന്‍സ് വില്‍സണ്‍ സംസാരിച്ചു.

സിനിമ എന്ന വര്‍ണശബളമായ ലോകത്തിനു കോണിലെ നിറംകെട്ട ഒരുമുഖമാണ് ലോറന്‍സ്. നിഷ്‌കളങ്കതയും നിസ്സഹായതയും ഒരേസമയം നിഴലിക്കുന്ന ഒരു മുഖം. സിനിമയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒരാള്‍.

ലോറന്‍സിന് നമ്മളറിയുന്ന സിനിമാ മേഖലയുമായി ഒരു ബന്ധവുമില്ല. ഇന്ന് ലോകമറിയുന്ന പല നടന്‍മാരുടെയും പോലെ കൗമാരം കടക്കുംമുന്‍പ് സിനിമാക്കാരനാവാന്‍ നാടുവിട്ട്  മുംബൈയിലെത്തിയതായിരുന്നു. എന്നാല്‍, അദ്ദേഹത്തെ സിനിമ സ്വീകരിച്ചില്ല. എന്നിട്ടും, ലോറന്‍സ് സിനിമയെ കൈവിട്ടില്ല.

iffi 2017

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി ലോറന്‍സ് സിനിമയുടെ അരികുപറ്റിത്തന്നെയുണ്ട്. എല്ലാവരുടെയും ഓര്‍മകളില്‍ നിന്നുപോലും അപ്രത്യക്ഷമായ പഴക്കംചെന്ന ക്യാമറകളും പ്രൊജക്ടറുകളും ആദ്യകാല സിനിമകളുടെ അപൂര്‍വ പോസ്റ്ററുകളുമായി സിനിമയുമായി ബന്ധപ്പെട്ട ഇടങ്ങളിലൊക്കെ അദ്ദേഹം സഞ്ചരിക്കുന്നു. പുതിയകാലത്തെ സിനിമാ പ്രേമികള്‍ക്ക് അത്ഭുതവും അവിശ്വസനീയതും സൃഷ്ടിക്കുന്ന പഴയ സിനിമാ കാലത്തിന്റെ തിരുശേഷിപ്പുകളുമായാണ് അദ്ദേഹം ഇവിടെയും എത്തിയിരിക്കുന്നത്. 

ഗോവയിലെ സാഗ്വേം ആണ് സ്വദേശം. ചെറുപ്പം മുതല്‍ സിനിമയോട് അമിതമായ ഭ്രമമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പഠനവും മറ്റും ശരിയായി നടന്നില്ല. അതിന്റെ പേരില്‍ അച്ഛന്‍ ഒരിക്കല്‍ വഴക്കുപറയുകയും അടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വീട്ടില്‍നിന്ന് ഒളിച്ചോടി. അങ്ങനെ മുംബൈയിലെത്തി. എങ്ങനെയും സിനിമയില്‍ കയറിക്കൂടാന്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തി. എന്നാല്‍ ഒരു വഴിയും തെളിഞ്ഞില്ല. ഒടുവില്‍ ഒരു ഹോട്ടല്‍ തൊഴിലാളിയായി. അതിനിടയില്‍ എപ്പോഴോ ആണ് സിനിമാ ക്യാമറകളോട് താല്‍പര്യമുണ്ടാകുന്നത്. പഴയതും പുതിയതുമായ ക്യാമറകളെക്കുറിച്ചു കുറേ കാര്യങ്ങള്‍ മനസ്സിലാക്കി. പഴയ കാമറകളും പ്രൊജക്ടറുകളും എഡിറ്റിങ് ഉപകരണങ്ങളുമെല്ലാം ശേഖരിക്കാന്‍ തുടങ്ങി. അവ പലയിടങ്ങളിലും പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. അതൊരു ജീവിതോപാധിയായി. 

കഴിഞ്ഞ 34 വര്‍ഷമായി ലോറന്‍സ് വില്‍സണ്‍ ഈ വസ്തുക്കളുമായി നടക്കുന്നു. കാര്‍ണിവലുകളും ഉത്സവങ്ങളുമെല്ലാം നടക്കുന്ന സ്ഥലങ്ങളില്‍ ലോറന്‍സ് തന്റെ അപൂര്‍വ വസ്തുക്കളുടെ പ്രദര്‍ശനം നടത്താറുണ്ട്. മുന്‍പ് ചിലയിടങ്ങളില്‍ സിനിമാ പ്രദര്‍ശനങ്ങളും നടത്തിയിരുന്നു. പാട്ടും ഡാന്‍സും മിമിക്രിയുമെല്ലാം വശമുണ്ട്. അതുകൊണ്ട് ചിലപ്പോള്‍ ഇതെല്ലാം ചേര്‍ന്ന ഷോകളും നടത്തി.

iffi 2017

ഇതിനെല്ലാം ലോറന്‍സിന്റെ പങ്കാളിയായിരുന്ന സുഹൃത്ത് എ. ജോസഫ് ഇപ്പോഴും ലോറന്‍സിനെ സഹായിക്കാന്‍ ഒപ്പമുണ്ട്. റെയില്‍വേ ജീവനക്കാരനായിരുന്ന ജോസഫും ഗോവക്കാരന്‍ തന്നെയാണ്. ഹിന്ദി അറിയാത്തവര്‍ക്ക് ജോസഫ് ആണ് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുക. പാട്ടിന്റെയും മിമിക്രിയുടെയും കാലത്ത് തുടങ്ങിയ സൗഹൃദമാണ് ഇരുവരും തമ്മില്‍. സിനിമയ്ക്കുവേണ്ടി അലഞ്ഞതിന്റെ ചരിത്രമുണ്ട് ജോസഫിനും.

കേരളത്തില്‍ വര്‍ഷംതോറും നടക്കുന്ന ചലച്ചിത്രമേളയെക്കുറിച്ച് ലോറന്‍സിന് അറിയാം. തന്റെ കൈവശമുള്ള സിനിമയുടെ അപൂര്‍വ ശേഷിപ്പുകളുമായി ഇത്തവണ തിരുവനന്തപുരത്ത് വരണമെന്ന് ആഗ്രഹിച്ചിരുന്നതാണ്. എന്നാല്‍ ഗോവയില്‍നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ഉതകുന്ന പണം തരാന്‍ സംഘാടകര്‍ തയ്യാറാകാത്തതിനാല്‍ വരാനായില്ലെന്ന് ലോറന്‍സ് പറഞ്ഞു. 

നിരത്തിവെച്ചിരിക്കുന്ന പഴക്കമേറിയ പ്രൊജക്ടറുകള്‍ക്കും ക്യാമറകള്‍ക്കുമിടയില്‍ ഒരു ചെറിയ കടലാസുപെട്ടി ഇരിപ്പുണ്ട്. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആവാം. നിര്‍ബന്ധമൊന്നുമില്ല. സഹായിച്ചാലും ഇല്ലെങ്കിലും വരുന്നവര്‍ക്കെല്ലാം ഓരോ കാമറയുടെയും പ്രൊജക്ടറുകളുടെയും സവിശേഷതകളെക്കുറിച്ചും ഉപയോഗത്തിലുണ്ടായിരുന്ന കാലത്തെക്കുറിച്ചും ഉപയോഗ രീതികളെക്കുറിച്ചും ലോറന്‍സ് വാചാലനാവും.

സിനിമയെന്ന കിട്ടാക്കനിയുടെ പിന്നാലെ സഞ്ചരിച്ച് ഒടുവില്‍ ഒന്നുമാകാതെ പോയവരില്‍ ഒരാള്‍ മാത്രമാണ് ലോറന്‍സ്. സിനിമക്കാരനാണ് താനും എന്നുറച്ചു വിശ്വസിക്കുന്ന, തിരിച്ചടികളൊന്നും വകവയ്ക്കാതെ അതിനെ ഇപ്പോഴും അളവറ്റു സ്‌നേഹിക്കുന്ന ലോറന്‍സ്. ലോകോത്തര സിനിമകള്‍ ആസ്വദിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്ന, അതിപ്രശസ്തരായ സിനിമാ പ്രവര്‍ത്തകരുടെയും താരങ്ങളുടെയും സമ്മേളന വേദിയില്‍നിന്നു മാറി ഒരുമൂലയില്‍ ലോറന്‍സ് നില്‍പുണ്ട്. ഇറ്റാലിയന്‍ സിനിമയായ 'സിനിമാ പാരഡിസോ'യിലെ പ്രൊജക്ടര്‍ ഓപ്പറേറ്ററായ ആല്‍ഫ്രഡോ എന്ന വൃദ്ധനെ ഓര്‍മിപ്പിച്ചുകൊണ്ട്.

Content Highlights: Lawence, IFFI 2017 Goa Film Festival Movie Camera History Of Indian Cinema Cinema Paradiso  Alfredo