പനജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാള ചിത്രം 'ടേക്ക് ഓഫ്' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു. മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേയ്ക്കും മത്സരവിഭാഗത്തിലേയ്ക്കുമാണ് ടേക്ക് ഓഫ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

സംവിധായകനായ മഹേഷ് നാരായണന്‍, തിരക്കഥാകൃത്ത് പി.വി ഷാജികുമാര്‍, കലാസംവിധാനം നിര്‍വ്വഹിച്ച സന്തോഷ് രാമന്‍ എന്നിവര്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ച് മേളയിലെത്തിയിരുന്നു. പ്രദര്‍ശനത്തിന് മുന്നോടിയായി നടന്ന ചടങ്ങില്‍ ഇവര്‍ ചലച്ചിത്രമേളയുടെ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. റിലീസ് ചെയ്തപ്പോള്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ട ചിത്രം ചലച്ചിത്ര മേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ വലിയ സന്തോഷമുണ്ടെന്ന് ഇരുവരും മാതൃഭൂമിയോട് പ്രതികരിച്ചു.

മലയാളത്തില്‍നിന്ന് ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ ടേക്ക് ഓഫ് മാത്രമാണ് ഇതുവരെ പ്രദര്‍ശിപ്പിക്കപ്പെട്ടത്. നോണ്‍ ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ കുഞ്ഞില സംവിധാനം ചെയ്ത ഗി, ലിജിന്‍ ജോസ് സംവിധാനം ചെയ്ത ഇന്റര്‍ കട്‌സ് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് കോടതി വിധിയുണ്ടെങ്കിലും പ്രദര്‍ശനം സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.