നാല്‍പ്പത്തെട്ടാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ) യുടെ ഉദ്ഘാടനം പനജിയില്‍ തിങ്കളാഴ്ച നടക്കും. ചടങ്ങില്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാനാണ് മുഖ്യാതിഥിയായിരിക്കും. 20 മുതല്‍ 28 വരെയാണ് മേള.

ഇന്ത്യന്‍ പനോരമ കഥാചിത്ര വിഭാഗത്തില്‍ 26 സിനിമകളും കഥേതര വിഭാഗത്തില്‍ (ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം) 16 സിനിമകളുമാണുള്ളത്. മലയാളത്തില്‍നിന്ന് ടേക്ക് ഓഫ് കഥാചിത്ര വിഭാഗത്തിലും ഇന്റര്‍കട്‌സ്- ലൈഫ് ആന്‍ഡ് ഫിലിംസ് ഓഫ് കെജി ജോര്‍ജ്ജ്, ജി എന്നീ ചിത്രങ്ങള്‍ കഥേതര വിഭാഗത്തിലുമുണ്ട്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ കാസവ് (മറാത്തി), ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായ ന്യൂട്ടണ്‍ (ഹിന്ദി), പിഹു (ഹിന്ദി), കച്ച ലിംബു (മറാത്തി), ക്ഷിതിജ് (മറാത്തി) തുടങ്ങിയ ചിത്രങ്ങളും പനോരമയില്‍ ഉള്‍പ്പെടുന്നു.

82 രാജ്യങ്ങളില്‍നിന്നായി 195 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മത്സര വിഭാഗത്തില്‍ 15 ചിത്രങ്ങളും ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 42 ചിത്രങ്ങളും ലോക സിനിമാ വിഭാഗത്തില്‍ 82 ചിത്രങ്ങളുമാണുള്ളത്. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ കാനഡയില്‍ നിന്നുള്ള എട്ട് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൂടാതെ ബ്രിക്‌സ് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടിയ 11 ചിത്രങ്ങളും മേളയുടെ ഭാഗമായുണ്ട്.

ഗോവ ചലച്ചിത്രോത്സവത്തില്‍ മലയാളത്തില്‍ന്നുള്ള ചിത്രങ്ങള്‍ ഏറ്റവും കുറവുള്ള ഒരു മേളയാണിത്. അതേസമയം ടേക്ക് ഓഫ് എന്ന ചിത്രം ഇന്ത്യന്‍ പനോരമയില്‍ കൂടാതെ മത്സര വിഭാഗത്തിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത മലയാള ചിത്രം എസ് ദുര്‍ഗ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേയ്ക്ക് ജൂറി തിരഞ്ഞെടുത്തിരുന്നെങ്കിലും കേന്ദ്ര വാര്‍ത്താവിനിമയ- പ്രക്ഷേപണ മന്ത്രാലയം ഇടപെട്ട് പിന്നീട് ഒഴിവാക്കിയിരുന്നു. രവി ജാദവ് സംവിധാനം ചെയ്ത മറാത്തി ചിത്രം ന്യൂഡും ഒഴിവാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജൂറി അധ്യക്ഷനായിരുന്ന സുജോയ് ഘോഷും അംഗങ്ങളിലൊരാളായ അപൂര്‍വ അസ്രാണിയും രാജിവെച്ചിരുന്നു.