പനാജി: നാല്‍പത്തിയെട്ടാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളത്തിന് തിളക്കമാര്‍ന്ന നേട്ടം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫിന് മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. ടേക്ക് ഓഫില്‍ സമീറ എന്ന നെഴ്സിനെ അവതരിപ്പിച്ച പാര്‍വതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായാണ് ഒരു മലയാളി താരത്തിന് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരം ലഭിക്കുന്നത്.

എയ്ഡ്സിനെതിരായ പ്രതിരോധ പ്രവര്‍ത്തനം വിഷയമാക്കിയ ഫ്രഞ്ച് ചിത്രം 120 ബീറ്റ്സ് പെര്‍ മിനിറ്റ് എന്ന ചിത്രത്തിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം. ഈ ചിത്രത്തില്‍ ഷോണ്‍ ഡാല്‍മാസോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നാഹ്യുല്‍ പെരസ് ബിസായാര്‍ട്ടാണ് മികച്ച നടന്‍.

എയ്ഞ്ചല്‍സ് വേര്‍ വൈറ്റ് ചിത്രം ഒരുക്കിയ വിവിയന്‍ ക്യുവാണ് മികച്ച സംവിധായിക. കിരോ റുസ്സോയുടെ ഡാര്‍ക്ക് സ്‌കള്ളിനാണ് മികച്ച നവാഗത സംവിധായകന്റെ ചിത്രത്തിനുള്ള പുരസ്‌കാരം. യുണെസ്‌ക്കോ ഗാന്ധി മെഡല്‍ ഷിറ്റിജ് എ ഹൊറൈസണ്‍ കരസ്ഥമാക്കി.

Content Highlights: IFFI 2017, Take off, 120 beats per minute, best movie, Golden peacock