പനജി: ഹൈക്കോടതി ഉത്തരവുകള്‍ രണ്ടുതവണ അനുകൂലമായിട്ടും ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ എസ് ദുര്‍ഗയുടെ പ്രദര്‍ശനം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ഇന്ന് വൈകീട്ട് ഇന്ത്യന്‍ പനോരമ ജൂറി ചിത്രം വീണ്ടും കാണുന്നുണ്ടെങ്കിലും ചലച്ചിത്രോത്സവത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാതിരിക്കുന്നതിന് അധികൃതര്‍ ശ്രമം നടത്തുന്നതായി അണിയറ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. മേള അവസാനിക്കാന്‍ ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. 

ചിത്രം പ്രദര്‍ശിപ്പിക്കണമെങ്കില്‍ ഗോവ സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്ന നിലപാടാണ് ചലച്ചിത്രോത്സവ അധികൃതര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചലച്ചിത്രോത്സവ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ധാരണാപത്രം നിലവിലുണ്ട്. ഇതനുസരിച്ച് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന വേദികള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനാണ് അന്തിമമായ അധികാരമുള്ളത്.

സിനിമയുടെ പേര് സംബന്ധിച്ചാണ് ആദ്യം എതിര്‍പ്പുകളുണ്ടായതെങ്കിലും ഇപ്പോള്‍ സിനിമയില്‍ മതവികാരം വൃണപ്പെടുത്തുന്ന ദൃശ്യങ്ങളുണ്ടെന്ന് ചില സംഘടനകള്‍ ആരോപണം ഉന്നയിച്ചിട്ടുണ്. ഈ സാഹചര്യത്തില്‍, ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച് സര്‍ക്കാരിന് ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തടയാനാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

തിങ്കളാഴ്ച വൈകീട്ടാണ് ജൂറി വീണ്ടും സിനിമ കാണുക. ഇതിനായി ജൂറി അംഗങ്ങള്‍ ഇന്ന് ഉച്ചയോടെ ഗോവയിലെത്തും. അംഗങ്ങളില്‍ രണ്ടുപേര്‍ക്ക് വരാന്‍ അസൗകര്യമുണ്ടെങ്കിലും സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് തങ്ങള്‍ക്കുള്ള അനുകൂല നിലപാട് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.  തിങ്കളാഴ്ച സിനിമ പ്രദര്‍ശിപ്പിക്കുമെന്ന് ജൂറി അംഗങ്ങളിലൊരാളായ രുചി നരേയ്ന്‍ നേരത്തെ പറഞ്ഞിരുന്നു. 

നേരത്തെ മുതല്‍ ജൂറി അംഗങ്ങള്‍ സിനിമയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. മേളയില്‍നിന്ന് എസ് ദുര്‍ഗ പിന്‍വലിച്ചതിനെ തുടര്‍ന്ന് ചിത്രം പ്രദര്‍ശിപ്പിക്കണമെന്നാവശ്യപ്പെട്ട് അംഗങ്ങള്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്തെഴുതുകയും ചെയ്തിരുന്നു. ജൂറി ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാലും മേള അവസാനിക്കുന്നതിന് ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. അതിനാല്‍ പെട്ടെന്ന് പ്രദര്‍ശനം നടത്തുന്നത് മറ്റു ചിത്രങ്ങളുടെ പ്രദര്‍ശന സമയക്രമത്തെ ബാധിക്കുമെന്ന നിലപാടാണ് ചലച്ചിത്രോത്സവ അധികൃതര്‍ക്കുള്ളതെന്നാണ് സൂചന.

ചലച്ചിത്രോത്സവത്തിന്റെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍നിന്ന് എസ് ദുര്‍ഗ പിന്‍വലിച്ച നടപടിയെ എതിര്‍ത്തുകൊണ്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും പിന്നീട് ഡിവിഷന്‍ ബെഞ്ചും അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പനോരമ ജൂറി അംഗങ്ങള്‍ സിനിമയുടെ സെന്‍സര്‍ ചെയ്ത പതിപ്പ് കണ്ടതിനുശേഷം പ്രദര്‍ശനം സംബന്ധിച്ച് തീരുമാനമെടുക്കണമെന്നായിരുന്നു കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യാഴാഴ്ച ഉത്തരവിട്ടത്. ഇതിനെതുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റും ചലച്ചിത്രോത്സവ അധികൃതര്‍ക്ക് നല്‍കിയിരുന്നു.