പനജി : ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയോടനുബന്ധിച്ച് ദേശീയ ചലച്ചിത്ര കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന ഫിലിം ബസാറില്‍ ഇത്തവണ നാല് മലയാള ചിത്രങ്ങള്‍. ജിയോ ബേബി സംവിധാനം ചെയ്ത കുട്ടികളുടെ ചിത്രമായ കുഞ്ഞു ദൈവം, പ്രശാന്ത് വിജയുടെ അതിശയങ്ങളുടെ വേനല്‍, രാഹുല്‍ റിജി നായരുടെ ഒറ്റമുറി വെളിച്ചം, ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത പ്രകാശന്‍ എന്നീ ചിത്രങ്ങളാണ് ഫിലിം ബസാറിലുള്ളത്.

മുന്‍പ് രണ്ട് പെണ്‍കുട്ടികള്‍ എന്ന ചിത്രം സംവിധാനം ചെയ്ത ജിയോ ആണ് കുഞ്ഞു ദൈവത്തിന്റെ സംവിധായകന്‍. ഔസേപ്പച്ചന്‍ എന്ന കുട്ടിയാണ് സിനിമയിലെ പ്രധാന കഥാപാത്രം. വിശ്വാസവും യാഥാര്‍ഥ്യങ്ങളും കൂടിച്ചേരുന്ന ഔസേപ്പച്ചന്റെ ജീവിതത്തിലെ കൊച്ചുകൊച്ചു സംഭവങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ രസിപ്പിക്കുന്ന ചിത്രം, ഡിസംബര്‍ ആദ്യവാരം തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് ജിയോ ബേബി പറഞ്ഞു. 

ജോജു ജോര്‍ജ്ജ്, സിദ്ധാര്‍ഥ് ശിവ തുടങ്ങിയവരും കുഞ്ഞു ദൈവത്തില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  ഔസേപ്പച്ചനെ അവതരിപ്പിച്ച ആദിഷ് പ്രവീണിന് ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.വിവിധ ഭാഷകളിലെ ഇന്ത്യന്‍ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിനുമുള്ളതാണ് ഫിലിം ബസാര്‍. ആകെ ഇരുപത്തിയഞ്ച് ചിത്രങ്ങളാണ് ഇത്തവണ ഫിലിം ബസാറിലുള്ളത്.