പനജി: ഇന്ത്യന്‍ സ്്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനാണ് ബിയോണ്ട് ദ ക്ലൗഡ് എന്ന ചിത്രത്തിലൂടെ ശ്രമിച്ചതെന്ന് പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ബിയോണ്ട് ദ ക്ലൗഡ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലിയ ജനസംഖ്യയുള്ള ഇന്ത്യയില്‍ കുട്ടികളും സ്ത്രീകളും വലിയ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ ആവിഷ്‌കരിക്കാനുള്ള ശ്രമമാണ് ബിയോണ്ട് ദ ക്ലൗഡ് എന്ന ചിത്രം. ചിത്രത്തിലെ താര എന്ന കഥാപാത്രം പ്രതിസന്ധികള്‍ നേരിടുന്ന സാധാരണക്കാരായ ഇന്ത്യന്‍ സ്ത്രീകളുടെ പ്രതിനിധിയാണ്. എന്നാല്‍ സിനിമയിലെ പുരുഷ കഥാപാത്രങ്ങള്‍ അങ്ങനെയല്ല. അവര്‍ക്കും പ്രതിസന്ധികളുണ്ടെങ്കിലും ഏറെ അവസരങ്ങളും അവരുടെ മുന്നിലുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾക്ക് എവിടെയും സമാനതകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ നിരവധി തവണ വന്നിട്ടുണ്ട്. എന്നാല്‍ മുംബൈയില്‍ ലൊക്കേഷന്‍ അന്വേഷിച്ച് വരുമ്പോഴാണ് ആദ്യം വരുന്നത്. ഇന്ത്യയിലെ താഴേക്കിടയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ അടുത്തറിയുകയും ഈ വിഷയവുമായി കൂടുതല്‍ അടുക്കുകയും ചെയ്തതോടെ കഥാപാത്രങ്ങളും സാഹചര്യങ്ങളും തനിയെ രൂപപ്പെടുകയായിരുന്നു.

ഇംഗ്ലീഷ്, ഇറ്റാലിയന്‍ തുടങ്ങിയ ഭാഷകളിലെ സിനിമയുമായി പരിചയമുണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ സിനിമയുമായി ബന്ധമുണ്ടായിരുന്നില്ല. ഇന്ത്യക്കാര്‍ വളരെ കഴിവുള്ളവരാണ്. സിനിമയില്‍ മാത്രമല്ല എല്ലാ രംഗത്തും വിജയം നേടാന്‍ ഇന്ത്യക്കാര്‍ക്ക് കഴിവുണ്ട്. താന്‍ ബോളിവുഡിന് എതിരല്ലെന്നും എന്നാല്‍ സ്വന്തം പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരം പുതിയ സിനിമാ പ്രവര്‍ത്തകര്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: IFFI 2017 Beyond the Clouds Majid Majidi Iranian Cinema, Malavika Mohanan