ന്ത്യന്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ബിയോണ്ട് ദ് ക്ലൗഡ്‌സ്. ഇന്ത്യയില്‍ ഏറെ ആരാധകരുള്ള മജീദി ഒരു ഇന്ത്യന്‍ സിനിമ എടുക്കുന്നു എന്നതുകൊണ്ടു മാത്രമല്ല, ബിയോണ്ട് ദ ക്ലൗഡ്‌സ് ചിത്രീകരണ സമയത്ത് തന്നെ വാര്‍ത്തകളില്‍ നിറഞ്ഞത്. ബോളിവുഡിലെ മുന്‍നിര നായിക ദീപിക പദുക്കോണിനെ മാറ്റി ബോളിവുഡിലെ അരങ്ങേറ്റക്കാരിയായ മലയാളി നടി മാളവിക മോഹനെ നായികയാക്കാന്‍ മജീദി കാട്ടിയ ചങ്കൂറ്റത്തിന്റെ പേരിലായിരുന്നു ചിത്രം അന്ന് ചര്‍ച്ചാവിഷയമായത്.

ഏതൊരു നിര്‍മാതാവും ഡേറ്റിനായി ക്യൂനില്‍ക്കുന്ന ദീപികയെ തന്റെ ചിത്രത്തില്‍ നിന്ന് മാറ്റിയതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ മജീദി.

ബോളിവുഡ് സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം ജോലി ചെയ്യാന്‍ എനിക്ക് ഇഷ്ടമല്ല. എന്റെ സിനിമകളില്‍ സ്ഥലങ്ങളും കഥാപാത്രങ്ങളായതിനാല്‍ മുംബൈയിലെ വ്യത്യസ്തങ്ങളായ ലൊക്കേഷനുകളില്‍ സിനിമ ചിത്രീകരിക്കാനായിരുന്നു എനിക്ക് താത്പര്യം. ഒരു ഓഡിഷനില്‍ തന്നെ വമ്പന്‍ ആള്‍ക്കൂട്ടവും അവരുടെ ആകാംക്ഷയും കാരണം ദീപികയെവച്ച് ചിത്രീകരിക്കാന്‍ വല്ലാതെ പാടുപെട്ടു. അതുകൊണ്ട് ഒരു സൂപ്പര്‍സ്റ്റാറിനെ വച്ച് സിനിമ എടുക്കേണ്ടെന്ന് തീരുമാനിച്ചു-മജീദി പറഞ്ഞു.

സമൂഹത്തില്‍ നിന്നാണ് ഞാന്‍ എന്റെ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്. ആള്‍ക്കൂട്ടത്തില്‍ നിന്നാണ് നായകരെ കണ്ടെത്തുന്നത്. പുതുമുഖങ്ങളെവച്ചാണ് ഞാന്‍ കൂടുതലും സിനിമ ചെയ്തിട്ടുള്ളത്. എന്നാൽ പ്രൊഫഷണലുകള്‍ക്കൊപ്പം ജോലി ചെയ്യില്ല എന്ന് അതിന് അര്‍ഥമില്ല-മജീദി പറഞ്ഞു.

പട്ടംപോലെ, നിര്‍ണായകം, ദി ഗ്രേറ്റ് ഫാദര്‍ എന്നിവയില്‍ വേഷമിട്ട മാളവികയുടെ ആദ്യത്തെ ബഹുഭാഷാ ചിത്രമാണ് ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന ബിയോണ്ട് ദ ക്ലൗഡ്‌സ്. ഇഷാന്‍ ഖട്ടറാണ് ചിത്രത്തില്‍ നായകന്‍.

Content Highlights: Deepika Padukone Majid Majidi Malavika Mohan Padmavati IFFI2017 Bollywood Beyond The Clouds