പനജി: ഗോവ ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എന്നിവര്‍ പങ്കെടുത്തു. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ വിശിഷ്ഠാതിഥിയായിരുന്നു.

പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ 'ബിയോണ്ട് ദ ക്ലൗഡ്‌സ്' ആയിരുന്നു ഉദ്ഘാടന ചിത്രം. നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടത്. മുംബൈയിലെ അധോതല ജീവിതത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ് ചിത്രത്തില്‍ പ്രമേയവത്കരിക്കപ്പെടുന്നത്. ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത ഇഷാന്‍ ഘട്ടാറും മാളവിക മോഹനും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ബോളിവുഡ് താരങ്ങളാല്‍ സമ്പന്നമായിരുന്നു ഉദ്ഘാടന ചടങ്ങ്. രാധിക ആപ്തെ, രാജ് കുമാര്‍ റാവു, ഷാഹിദ് കപൂര്‍, ശ്രീദേവി, എ ആര്‍ റഹ്മമാന്‍, മജീദ് മജീദി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

iffi

കനത്ത സുരക്ഷയിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കടുത്ത നിയന്ത്രണമാണ് ഉദ്ഘാടന ചടങ്ങില്‍ ഉണ്ടായിരുന്നത്. ദൂരദര്‍ശന് മാത്രമാണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവാദമുണ്ടായിരുന്നത്.

ഇന്ത്യന്‍ പനോരമ കഥാചിത്ര വിഭാഗത്തില്‍ 26 സിനിമകളും കഥേതര വിഭാഗത്തില്‍ (ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം) 16 സിനിമകളുമാണുള്ളത്. മലയാളത്തില്‍നിന്ന് ടേക്ക് ഓഫ് കഥാചിത്ര വിഭാഗത്തിലുണ്ട്. ഇന്റര്‍കട്‌സ്- ലൈഫ് ആന്‍ഡ് ഫിലിംസ് ഓഫ് കെജി ജോര്‍ജ്ജ്, ജി എന്നീ മലയാള ചിത്രങ്ങള്‍ ചിത്രങ്ങള്‍ കഥേതര വിഭാഗത്തിലുമുണ്ട്. 

മത്സര വിഭാഗത്തില്‍ 15 ചിത്രങ്ങളും ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 42 ചിത്രങ്ങളും ലോക സിനിമാ വിഭാഗത്തില്‍ 82 ചിത്രങ്ങളുമാണുള്ളത്. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ കാനഡയില്‍ നിന്നുള്ള എട്ട് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൂടാതെ ബ്രിക്‌സ് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടിയ 11 ചിത്രങ്ങളും മേളയുടെ ഭാഗമായുണ്ട്.

iffi

ഗോവ ചലച്ചിത്രോത്സവത്തില്‍ മലയാളത്തില്‍ന്നുള്ള ചിത്രങ്ങള്‍ ഏറ്റവും കുറവുള്ള ഒരു മേളയാണിത്. അതേസമയം ടേക്ക് ഓഫ് എന്ന ചിത്രം ഇന്ത്യന്‍ പനോരമയില്‍ കൂടാതെ മത്സര വിഭാഗത്തിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത മലയാള ചിത്രം എസ് ദുര്‍ഗ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേയ്ക്ക് ജൂറി തിരഞ്ഞെടുത്തിരുന്നെങ്കിലും കേന്ദ്ര വാര്‍ത്താവിനിമയ- പ്രക്ഷേപണ മന്ത്രാലയം ഇടപെട്ട് പിന്നീട് ഒഴിവാക്കിയിരുന്നു. രവി ജാദവ് സംവിധാനം ചെയ്ത മറാത്തി ചിത്രം ന്യൂഡും ഒഴിവാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജൂറി അധ്യക്ഷനായിരുന്ന സുജോയ് ഘോഷും അംഗങ്ങളിലൊരാളായ അപൂര്‍വ അസ്രാണിയും രാജിവെച്ചിരുന്നു. 

Content Highlights: 48th International Film Festival, IFFi 2017, Goa International Film Festival