47ാമത് ഗോവ അന്താരാഷട്ര ചലച്ചിത്രോത്സവത്തില്‍ അന്തരിച്ച നടന്‍ കലാഭവന്‍ മണിക്ക് ആദരസൂചകമായി വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം പ്രദര്‍പ്പിക്കുന്ന വിവരം തന്നെ അറിയിച്ചില്ലെന്ന് സംവിധായകന്‍ വിനയന്‍. സംസ്ഥാന ചലച്ചിത്ര അക്കാദമി വഴിയാണ് മേളയ്ക്ക് ചിത്രങ്ങള്‍ അയക്കുന്നതെന്നും അതിനാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയെന്നത് സാമാന്യ മര്യാദയാണെന്നും വിനയന്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ കമലിന്റെ കുബുദ്ധിയാണ് ഇതിന് പിന്നിലെന്ന് വിനയന്‍ ആരോപിച്ചു.

വിനയന്റെ ആരോപണമിങ്ങനെ

"കലാഭവന്‍ മണിയ്ക്ക് ആദരസൂചകമായി 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും'  ഗോവയില്‍ പ്രദര്‍ശിപ്പിക്കുന്ന വിവരം ഞാന്‍ അറിഞ്ഞിരുന്നില്ല. മാതൃഭൂമി ചാനലില്‍ ഫിലിം ഫെസ്റ്റിവലിന്റെ വാര്‍ത്ത കണ്ടപ്പോഴാണ് സംഭവമറിയുന്നത്. എന്നെ മാത്രമല്ല സിനിമയുടെ നിര്‍മാതാക്കളെയും വിവരം അറിയിച്ചിരുന്നില്ല. നിര്‍മാതാക്കളിലൊരാള്‍ എന്നെ ഫോണ്‍ ചെയ്ത് വിവരം അന്വേഷിച്ചിരുന്നു. അദ്ദേഹം വിചാരിച്ചത് എന്റെ അറിവോടു കൂടിയായിരിക്കും സിനിമ പ്രദര്‍ശിപ്പിക്കുന്നത് എന്നാണ്.

അക്കാദമി വഴിയാണ് അന്താരാഷ്ട്ര ചലചിത്ര മേളയ്ക്കുള്ള ചിത്രങ്ങള്‍ അയക്കുന്നത്. ഒരു സിനിമ മേളയില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ വിളിച്ച് പറയുന്ന സാമാന്യമര്യാദ സാധാരണ അക്കാദമി അംഗങ്ങള്‍ കാണിക്കാറുണ്ട്. ഇക്കുറി അതുണ്ടായില്ല. അക്കാദമി ചെയര്‍മാന്‍ കമലിന്റെ കുശുമ്പും കുബുദ്ധിയുമാണ് ഇതിന് പിറകില്‍. 

അന്തരിച്ച നടി കല്‍പ്പനയ്ക്ക് ആദരം അര്‍പ്പിക്കാന്‍ 'തനിച്ചല്ല ഞാന്‍' എന്ന സിനിമ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന വിവരം അക്കാദമി സംവിധായകന്‍ ബാബു തിരുവല്ലയെ അറിയിച്ചിരുന്നു. എന്നാല്‍ ഞങ്ങളുടെ സിനിമ പ്രദര്‍ശിപ്പിക്കുന്ന വിവരം ആരെയും അറിയിച്ചില്ല. അക്കാദമി അംഗങ്ങളുടെ ഈ പക്ഷപാതം എങ്ങിനെ അംഗീകരിക്കാനാകും?" - വിനയൻ മാതൃഭൂമി ഡോട്ടകോമിനോട് പറഞ്ഞു.

1999 ല്‍ പുറത്തിറങ്ങിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ദേശീയ സംസ്ഥാന തലത്തില്‍ കലാഭവന്‍ മണിയ്ക്ക് അംഗീകാരം നേടിക്കൊടുത്തു. ചിത്രത്തിലെ രാമു എന്ന അന്ധഗായകന്റെ കഥാപാത്രം മണിയുടെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു.