റേസാ മിര്‍കരീമിയെന്ന പ്രശ്‌സ്ത ഇറാനിയന്‍ സംവിധായകന്റെ പ്രതിഭ വിളിച്ചോതുന്ന ചിത്രമാണ് ഡോട്ടര്‍. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂര പുരസ്‌കാരം നേടിയിരിക്കുകയാണ് ഈ ചിത്രം. സുവർണ മയൂരം മാത്രമല്ല, മികച്ച നടനുള്ള പുരസ്കാരം ഫർഹാദ് അസ്ലാനിക്ക് നേടിക്കൊടുത്തതും ഡോട്ടർ തന്നെ.  ഇതുവരെ പ്രദര്‍ശിപ്പിച്ച മേളകളിലെല്ലാം പ്രേക്ഷകരുടെ കൈയടി നേടാനും ചിത്രത്തിന് കഴിഞ്ഞു.

daughter

ദക്ഷിണ ഇറാനിലെ ഒരു പരമ്പരാഗത കുടുംബത്തില്‍ ജനിച്ച ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് ദ ഡോട്ടര്‍ എന്ന ചിത്രം സഞ്ചരിക്കുന്നത്. സേറ എന്ന പെണ്‍കുട്ടിക്കും അവളുടെ കര്‍ക്കശക്കാരനായ അച്ഛനും ഇട​യിലുള്ള അസ്വാരസ്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സ്വന്തം ജീവിതത്തിലെ പാരതന്ത്രത്തിൽ നിന്ന് രക്ഷപ്പെട്ട് മെച്ചപ്പെട്ട ജീവിതത്തിനായി ഇറാന്‍ വിടുന്ന സ്വന്തം സുഹൃത്തിനെ യാത്രയാക്കാന്‍ ടെഹ്‌റാനിലേക്ക് പോകാന്‍ അവള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ സ്വന്തം സഹോദരിയുടെ വിവാഹം അതേ സമയത്തു നടക്കുന്നതിനാല്‍ സേറ ടെഹ്‌റാനിലേക്ക് പോകുന്നതിന് വിലക്കു കല്‍പ്പിച്ച് പിതാവ് രംഗത്തെത്തുന്നു. പിന്നീടുള്ള സംഭവ വികാസങ്ങളാണ് ചിത്രത്തെ മുന്‍പോട്ട് നയിക്കുന്നത്. 

daughter

 ദി ചൈൽഡ് ആൻഡ് ദി സോൾജ്യർ എന്ന തന്റെ ആദ്യ ചിത്രം മുതൽ തന്നെ ശ്രദ്ധേയനായിരുന്നു സംവിധായകൻ റേസ മിർകിരിമി. ഇറാനിലെ സാമൂഹ്യ, മത വിഷയങ്ങൾ കൈകാര്യം ചെയ്ത രണ്ടാമത്തെ ചിത്രമായ അണ്ടർ ദി മൂൺലൈറ്റും വൻ  വിമർശക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ടോക്യോ, കാൻ ഫെസ്റ്റിവലിൽ നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയിരുന്നു ഈ ചിത്രം. അടുത്ത ചിത്രമായ ആസ് സിംപിളും വിവിധ മേളകളിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. മൂന്ന് തവണ മിർ കരിമിയുടെ ചിത്രങ്ങളായിരുന്നു മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്ക്കർ പുരസ്കാരത്തിനായുള്ള നഇറാന്റെ ഔദ്യോഗിക എൻട്രി. തന്റെ ഗുരുനാഥന്‍ കൂടിയായ വിഖ്യാത ഇറാനിയന്‍ സംവിധായന്‍ അബ്ബാസ് കിരസ്തോമിക്കാണ് അദ്ദേഹം ഗോവയില്‍ ലഭിച്ച സുവര്‍ണ മയൂരം സമര്‍പ്പിച്ചിരിക്കുന്നത്. 

മെരില സരെയ്, മഹൗര്‍ അല്‍വാന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.