പനാജി:  35 മുതല്‍ 45 കിലോ വരെ തൂക്കം വരുന്ന സിനിമയില്‍ നിന്ന് ഭാരമില്ലാതെ സിനിമ കൊണ്ടുനടക്കാവുന്ന ഇന്നത്തെ കാലം വരെ സിനിമയ്ക്കൊപ്പം സഞ്ചരിച്ചുകൊണ്ടേയിരിക്കുകയാണ് മലയാളിയായ പി.എ സലാം. 1973 ല്‍ പുണെയില്‍ യാദൃച്ഛികമായി വന്നുപെട്ട് സിനിമയുടെ വളര്‍ച്ചയ്ക്കും സാങ്കേതിക വികാസത്തിനുമൊപ്പം സഞ്ചരിച്ചവരില്‍ ഒരാള്‍. സിനിമ ശേഖരിക്കാന്‍ മാത്രമായി ജീവിതം മാറ്റിവെച്ച ഫിലിം ആര്‍ക്കൈവ്സ് സ്ഥാപകന്‍ പി.കെ നായരുടെ കണ്ടെടുത്തയാൾ.

പുണെയിലേയ്ക്കുള്ള വരവിനെയും ഇന്ത്യന്‍ സിനിമയ്ക്കൊപ്പമുള്ള യാത്രയെയും കുറിച്ച് പി.എ സലാം മാതൃഭൂമിയുമായി പങ്കുവെക്കുന്നു

1973 ല്‍ സഹോദരന് എല്‍.ഡി.സിയായി ജോലി ലഭിച്ചതോടെയാണ് തൃശൂര്‍ സ്വദേശിയായ സലാം പുണെയിലെത്തുന്നത്. 74 ലില്‍ ഫിലിം ചെക്കര്‍ ആയി നാഷണല്‍ ഫിലിം ആര്‍ക്കൈവ്സില്‍ ചേര്‍ന്നു. ഫിലിം ആര്‍ക്കൈവ്സ് സ്ഥാപകന്‍ പി.കെ നായര്‍ ഏല്‍പ്പിച്ച ചുമതല അദ്ദേഹം വിട്ടുപിരിഞ്ഞിട്ടും, സർവീസിൽ നിന്ന് പിരിഞ്ഞിട്ടും സുഹൃത്തുക്കളുടെ സലാമിക്ക ഇപ്പോഴും ഫിലിം ആര്‍ക്കൈവ്സിനൊപ്പം യാത്ര തുടരുന്നു.

തടസ്സമില്ലാതെ സിനിമയുടെ സെല്ലുലോയിഡ് ക്രമീകരിക്കുന്ന ജോലിയാണ് ആദ്യം പഠിച്ചതെന്ന് സലാം പറയുന്നു. 35 എം.എം സിനിമയില്‍ തുടങ്ങിയ യാത്ര. സിനിമയെ പെട്ടിയിലാക്കി അത് പാക്ക് ചെയ്ത് വിവിധ സ്ഥലങ്ങളിലെത്തിക്കുകയും വിതരണം ചെയ്യുകയും അടക്കമുള്ള ജോലിയില്‍ സജീവമായി. ദേശ ഭാഷാ വ്യത്യാസമില്ലാതെ പല സ്ഥലങ്ങള്‍ പ്രദര്‍ശനത്തിനായി ഫിലിം പെട്ടിയുമായി സഞ്ചരിച്ചു. ട്രെയിനില്‍ ഫിലിം പെട്ടിയുമായുള്ള നിരന്തര യാത്രയില്‍ തിക്താനുഭവങ്ങള്‍ നിരവധിയുണ്ട് അദ്ദേഹത്തിന്. 

1979 ല്‍ ഫിലിം ചെക്കറായി സ്ഥിര നിയമനം. ശമ്പളം 275 രൂപ. 79 ല്‍ സിനിമാ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുള്ള ഒരു യാത്ര വഴിത്തിരിവായി. ആലുവ യു.സി. കോളജില്‍ നടന്ന ഒരാഴ്ചത്തെ കോഴ്സിനായി കേരളത്തിലെത്തിയതായിരുന്നു നിമിത്തമായത്. 10 ദിവസത്തെ കോഴ്സിന്റെ രണ്ടാം ദിനം സിനിമ പ്രദര്‍ശിപ്പിക്കാന്‍ ആളില്ലാതെ വന്നതോടെ പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍ദേശിച്ചത് അനുസരിച്ച് പ്രൊജക്ഷന്‍ ഏറ്റെടുത്തു. അങ്ങനെ പ്രൊജക്ഷന്‍ പഠിച്ച് അത് കര്‍മമേഖലയാക്കി. സെല്ലുലോയ്ഡില്‍ നിന്ന് നേരിട്ട് കാണുന്നതിനോളം വരില്ല ഡിജിറ്റല്‍ സിനിമയെന്ന് സലാം പറയുന്നു.

1982 ല്‍ പ്രൊജക്ഷന്‍ ലൈസന്‍സ് നേടി അസിസ്റ്റന്റ് പ്രൊജക്ഷനിസ്റ്റായി പുണെയില്‍ ജീവിതം. 2013 ല്‍ വിരമിക്കാന്‍ മൂന്നു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോള്‍ പ്രൊജക്ഷനിസ്റ്റായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. അതില്‍ അദ്ദേഹത്തിന് പരാതിയുമില്ല. ഒരേയൊരു പോസ്റ്റ് മാത്രമേ ആര്‍ക്കൈവ്സില്‍ അന്ന് പ്രോജക്ഷനിസ്റ്റിന്റേതായി ഉണ്ടായിരുന്നുള്ളൂവെന്ന് സലാം പറയുന്നു. 2016 മെയില്‍ ഫിലിം ആര്‍ക്കൈവ്സില്‍ നിന്ന് വിരമിച്ചെങ്കിലും സിനിമയ്ക്കൊപ്പം ഇപ്പോഴും സഞ്ചാരം തുടരുന്നു. അനുഭവപരിചയം മുതല്‍കൂട്ടായതിനാല്‍ ആര്‍ക്കൈവ്സ് അധികൃതര്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടു. സലാം ഇപ്പോഴും ആ ജോലിയില്‍ തുടരുന്നു. 

1980 ന് ശേഷം വി.എച്ച്.എസ് (വീഡിയോ ടേപ്പ്) വരുന്നത് വരെ സിനിമയെ പെട്ടിയില്‍ ചുമന്ന അനുഭവമാണ് സലാമിന് ഏറെ പറയാനുള്ളത്. വി.എച്ച്.എസ് വന്നതോടെ 45 കിലോ വരെ സിനിമയുടെ ദൈര്‍ഘ്യമനുസരിച്ച് ഭാരമുണ്ടായിരുന്ന സിനിമ അരക്കിലോയിലേക്ക് ചുരുങ്ങി. തൊണ്ണൂറുകളുടെ മധ്യത്തോടെ അത് 50 ഗ്രാമും 100 ഗ്രാമും മാത്രമുള്ള സി.ഡി, ഡി.വി.ഡി മാതൃകയിലേക്ക് ചുരുങ്ങി. 100 വര്‍ഷത്തെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ 30,000 ത്തിലധികം സിനിമ ഇന്ത്യയില്‍ പിറന്നു. ഫിലം ആര്‍ക്കൈവ്സ് സ്ഥാപിച്ച് സിനിമയുടെ പ്രിന്റ് കണ്ടെടുത്ത് ശേഖരിക്കാന്‍ ജീവിതം തന്നെ ഉഴിഞ്ഞുവച്ച പി.കെ നായരെ കണ്ടുമുട്ടുന്നതിലൂടെ സലാമിന്റെ ജീവിതവും സിനിമയ്ക്കൊപ്പമായി. 

ഫിലിം ആര്‍ക്കൈവ്സിന്റെ ഭാഗമായി തുടരുന്ന യാത്രയില്‍ ഗോവയില്‍ ദേശീയോദ്ഗ്രഥന സിനിമകളുടെ പോസ്റ്റര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ടാണ് സലാമിക്ക ഗോവയിലും എത്തിയത്.