പനാജി: 

തന്റെ രണ്ട് ചിത്രങ്ങള്‍ ഇത്തവണത്തെ ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചതിന്റെ സന്തോഷത്തിലാണ് ചലച്ചിത്ര, നാടക നടന്‍ കൃഷ്ണന്‍ ബാലകൃഷ്ണന്‍. സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കാടു പൂക്കുന്ന നേരം എന്ന ചിത്രത്തില്‍ അഭിനയിക്കാനായത് തന്റെ ഭാഗ്യമാണെന്ന് കരുതുന്നതായി കൃഷ്ണന്‍ ബാലകൃഷ്ണന്‍ മാതൃഭൂമിയോട് പറഞ്ഞു. 

ഇന്ത്യന്‍ പനോരമയുടെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച കാടു പൂക്കുന്ന നേരം എന്ന ചിത്രത്തില്‍ പ്രകാശ് ബാരെയ്ക്കും ഇന്ദ്രജിത്ത് സുകുമാരനുമൊപ്പം പോലീസ് വേഷമാണ് കൃഷ്ണന്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത കുട്ടിസ്രാങ്ക് ആണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന കൃഷ്ണന്‍ ബാലകൃഷ്ണന്റെ മറ്റൊരു ചിത്രം. വിമന്‍സ് കട്ട് വിഭാഗത്തില്‍ ഛായാഗ്രാഹക അഞ്ജലി ശുക്ലയെ ആദരിക്കുന്നതിന്റെ ഭാഗമായാണ് കുട്ടിസ്രാങ്ക് ചലച്ചിത്രമേളയില്‍ ഇടം നേടിയത്. 2009ല്‍ കുട്ടിസ്രാങ്ക് ആദ്യമായി ഐ.എഫ്.എഫ്.ഐയിലെ ഇന്ത്യന്‍ പനോരമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത് തനിക്ക് ഇന്നും മറക്കാനാകാത്ത അനുഭവമാണെന്നും കൃഷ്ണന്‍ പറഞ്ഞു.

തിരുവനന്തപുരം സ്വദേശിയായ  കൃഷ്ണന്‍ ബാലകൃഷ്ണന്റെ കലാരംഗത്തേക്കുള്ള അരങ്ങേറ്റം നാടകത്തിലൂടെയാണ്. പത്ത് വര്‍ഷത്തോളം കൃഷ്ണന്‍ കാവാലം നാരായണ പണിക്കരുടെ സോപാനം നാടകക്കളരിയുടെ ഭാഗമായിരുന്നു. സോപാനത്തിന്റെ ഭാഗമായി നിരവധി ദേശീയ, അന്തര്‍ദേശീയ നാടകമേളകളില്‍ പങ്കെടുക്കാന്‍ ഈ യുവ കലാകാരന് സാധിച്ചു. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ മേല്‍വിലാസം എന്ന നാടകത്തില്‍ നായകനായി അഭിനയിക്കാനുള്ള ഭാഗ്യവും ഈ യുവ കലാകാരനെ തേടിയെത്തി.

കുക്കു സുരേന്ദ്രന്റെ ഒരാള്‍ എന്ന ടെറ്റില്‍ കഥാപാത്രത്തിലൂടെയാണ് കൃഷ്ണന്‍ ബാലകൃഷ്ണന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍. കരുണ്‍, ഡോ. ബിജു തുടങ്ങിയ പ്രമുഖ സംവിധായകരുടെ ഒന്നിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. അടൂരിന്റെ ഒരു പെണ്ണും രണ്ടാണും, പിന്നെയും എന്നീ ചിത്രങ്ങളുടെ ഭാഗമായി കൃഷ്ണന്‍.

ഡോ. ബിജുവിന്റെ സംവിധാനത്തില്‍ കൃഷ്ണന്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് കാടു പൂക്കുന്ന നേരം. പേരറിയാത്തവര്‍, വലിയ ചിറകുള്ള പക്ഷികള്‍ എന്നീ ചിത്രങ്ങളിലും കൃഷ്ണന്‍ ഇതിന് മുമ്പ് അഭിനയിച്ചിട്ടുണ്ട്

ത്രില്ലര്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, അടി കപ്യാരെ കൂട്ടമണി തുടങ്ങി വാണിജ്യ സിനിമകളിലും കൃഷ്ണന്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അനില്‍ തോമസ് സംവിധാനം ചെയ്യുന്ന മിന്നാമിനുങ്ങ് ആണ് കൃഷ്ണന്‍ ബാലകൃഷ്ണന്‍ ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം. അഭിനയത്തിനൊപ്പം സാമൂഹിക കൂട്ടായ്മകളിലും സജീവമായ കൃഷ്ണന്‍ തിരുവനന്തപുരത്ത് മാനവീയം വീഥി എന്ന സാംസ്‌കാരിക കൂട്ടായ്മയിലും കലാപരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.