ചെന്നൈയില്‍ ലയോള കോളേജില്‍ സംസ്‌കൃതം അധ്യാപകനായിരുന്ന പ്രഭയ്ക്ക് സംസ്‌കൃതം ഒരിക്കലും മൃതഭാഷയായിരുന്നില്ല. വി.ടി. ഭട്ടതിരിപ്പാടിന്റെ സമ്പൂര്‍ണകൃതികളാണ് ഇഷ്ടിയിലേക്കുള്ള നൂല് നല്‍കിയത്. വി.ടി.യുടെ ആത്മകഥ 'കണ്ണീരും കിനാവും' ഇഷ്ടിയുടെ അടിത്തട്ടില്‍ ഒരു സ്വാധീനമായുണ്ട്. സംസ്‌കൃതത്തിലാണ് സിനിമയെങ്കിലും, 1940-കളാണ് സിനിമയുടെ കാലഘട്ടമെങ്കിലും സമകാലിക ലോകത്തോട് കൃത്യമായി സംവദിക്കുന്നുണ്ട്. ഗോവ അന്താരാഷ്ട്ര ചലചിത്രമേളയില്‍ ഉദ്ഘാടന ചിത്രമായെത്തുന്ന ഇഷ്ടിയെക്കുറിച്ച് സംവിധായകന്‍ പറയുന്നു. 

സംസ്‌കൃതത്തില്‍ ഒരു സിനിമയെടുക്കാനുള്ള കാരണം?

സംസ്‌കൃതം എന്റെ ഉപജീവനഭാഷയാണ്. സംസ്‌കൃതത്തില്‍ ഇതുവരെയുണ്ടായിട്ടുള്ള സിനിമകളെല്ലാംതന്നെ ജീവചരിത്രങ്ങളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. എന്തുകൊണ്ട് ഒരു സാമൂഹികപ്രമേയം അടിസ്ഥാനമാക്കി സംസ്‌കൃതത്തില്‍ ഒരു സിനിമയായിക്കൂടാ എന്ന ചിന്തയാണ് എന്നെ നയിച്ചത്.

സംസ്‌കൃതത്തില്‍ത്തന്നെ കഥാപാത്രങ്ങള്‍ സംസാരിക്കട്ടെയെന്ന തീരുമാനത്തില്‍ ഒരു കല്ലുകടിയുണ്ടോ?

സംസ്‌കൃതം വരമൊഴിമാത്രമായിരുന്നെന്ന് പറയാനാവില്ല. വാമൊഴിയുടെ ചരിത്രവും സംസ്‌കൃതത്തിനുണ്ട്. ബ്രാഹ്മണര്‍ പലപ്പോഴും വീടുകളില്‍ സംസ്‌കൃതം വ്യാപകമായി ഉപയോഗിച്ചിരുന്നു. വേദമന്ത്രങ്ങളെല്ലാംതന്നെ സംസ്‌കൃതത്തിലായിരുന്നതിനാല്‍ സംസ്‌കൃതം ഇവരുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. വളരെ ലളിതമായ സംസ്‌കൃതത്തിലാണ് ഇഷ്ടിയിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നത്.

1940-കളില്‍ ഒരു നമ്പൂതിരി പെണ്‍കുട്ടി പുരുഷകേന്ദ്രിതമായ സമൂഹത്തെ വെല്ലുവിളിച്ച് വീടുവിട്ട് ഇറങ്ങിപ്പോവുന്നതില്‍ ഒരു അസ്വാഭാവികതയില്ലേ?

ആര്യാപള്ളത്തെപ്പോലുള്ളവര്‍ ഇവിടെയുണ്ടായിരുന്നു എന്നകാര്യം നമ്മള്‍ വിസ്മരിക്കരുത്. താത്രിക്കുട്ടിയെയും മറക്കാനാവില്ല. സ്വന്തം ശരീരംകൊണ്ടാണ് താത്രിക്കുട്ടി കലാപംനടത്തിയത്. നമ്പൂതിരിസമുദായത്തെ മാറ്റിത്തീര്‍ത്തതില്‍ താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരത്തിനുള്ള പങ്ക് നിഷേധിക്കാനാവില്ല. ഒരു വ്യവസ്ഥിതിയെ ചോദ്യംചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇഷ്ടിയിലെ നായിക തന്നേക്കാള്‍ പതിന്മടങ്ങ് പ്രായമുള്ള വൃദ്ധനായ നമ്പൂതിരിയെ കല്യാണംകഴിക്കുന്നത്. പിന്നെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോവുന്ന ഒരു നമ്പൂതിരി പെണ്‍കുട്ടിക്ക് അക്കാലത്ത് എന്തുസംഭവിക്കുമായിരുന്നു എന്ന ചോദ്യം പ്രേക്ഷകര്‍ക്ക് വിട്ടുകൊടുക്കുന്നുവെന്നേ എനിക്ക് പറയാനുള്ളൂ. അറിവ് അഗ്നിയാണെന്നും ആ അഗ്നികൊണ്ട് സ്വാതന്ത്ര്യം നേടാമെന്നുമാണ് ഇഷ്ടി പറയുന്നത്.

അതിരാത്രംപോലുള്ള യാഗങ്ങള്‍ സമൂഹത്തിന് കാര്യമായ ഒരു പ്രയോജനവും ചെയ്യുന്നില്ലെന്ന വീക്ഷണം ഇഷ്ടി മുന്നോട്ടുവെക്കുന്നുണ്ടോ?

സമകാലികലോകത്തില്‍ ഇത്തരം യാഗങ്ങള്‍ വെറും കച്ചവടമായി അധഃപതിച്ചിട്ടുണ്ടെന്ന് പറയാന്‍ എനിക്ക് മടിയില്ല. വേദമന്ത്രങ്ങളുടെ പ്രയോഗത്തിനുള്ള വേദിയായിരുന്നു നേരത്തേ യാഗശാലകള്‍. പാരിസ്ഥിതിക അവബോധവുമായി അതിന് ബന്ധമുണ്ടായിരുന്നു. ബ്രാഹ്മണര്‍ മാത്രമല്ല, കലമുണ്ടാക്കുന്നവര്‍, മരപ്പണിക്കാര്‍ എന്നിങ്ങനെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ യാഗത്തില്‍ പങ്കാളികളായിരുന്നു.

ബി.ജെ.പി. വിരുദ്ധ രാഷ്ട്രീയമുള്ളതിനാലാണ് ദേശീയ അവാര്‍ഡ് ലഭിക്കാതെപോയതെന്ന് ചിത്രത്തിന്റെ എഡിറ്റര്‍കൂടിയായ ബി. ലെനിന്‍ അഭിപ്രായപ്പെട്ടതിനെക്കുറിച്ച് എന്താണ് പറയുന്നത്?

ഇതില്‍ ഞാന്‍ കക്ഷിചേരുന്നില്ല. അങ്ങനെയുണ്ടായിട്ടുണ്ടോ എന്ന് എനിക്കറിയില്ല.

മഹാകവി അക്കിത്തത്തെക്കുറിച്ചും അതിരാത്രത്തെക്കുറിച്ചുമുള്ള ഡോക്യുമെന്ററികള്‍, ഇപ്പോള്‍ സംസ്‌കൃതത്തില്‍ ഒരു സിനിമ -ഹിന്ദുത്വത്തിന്റെ ഒരു ചരട് ഇവയ്ക്കിടയില്‍ ദൃശ്യമാണെന്ന് വിമര്‍ശമുയര്‍ന്നാല്‍ എന്തായിരിക്കും പ്രതികരണം?

മനുഷ്യരാവുക എന്ന സന്ദേശമാണ് ഇഷ്ടി ഉയര്‍ത്തുന്നത്. വേദം പഠിച്ചിട്ടും മനുഷ്യരാവാന്‍ കഴിയാതെ പോകുന്നവര്‍ക്കുനേരേയുള്ള വിമര്‍ശമാണത്. അക്കിത്തത്തെക്കുറിച്ചും അതിരാത്രത്തെക്കുറിച്ചുമുള്ള സംരംഭങ്ങള്‍ ഡോക്യുമെന്ററികളാണ്. അതില്‍ എന്റെ വീക്ഷണങ്ങളല്ല ഞാന്‍ അവതരിപ്പിക്കുന്നത്.

വിദ്യകൊണ്ട് സ്വതന്ത്രരാവാം എന്ന സന്ദേശം സിനിമയില്‍ അടിച്ചേല്പിക്കപ്പെട്ട ഒന്നാണോ? എത്രമാത്രം സമകാലികമാണ് ഈ സിനിമ?

ഇഷ്ടിയുടെ ശബ്ദലേഖനം നിര്‍വഹിച്ച കൃഷ്ണനുണ്ണി പറഞ്ഞത്, ചിത്രം മലാലയെ ഓര്‍മിപ്പിക്കുന്നുവെന്നാണ്. വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന വലിയൊരു വിഭാഗം സ്ത്രീകള്‍ ഇന്നും നമുക്കിടയിലുണ്ട്. അവരെയാണ് ഇഷ്ടി അഭിസംബോധന ചെയ്യുന്നത്.

വി.ടി. ഭട്ടതിരിപ്പാടിന്റെ പെണ്‍വേഷപ്പകര്‍ച്ചയാണോ ഇഷ്ടിയിലെ നായിക?

അല്ലേയല്ല. നെടുമുടി വേണു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകനില്‍ വി.ടി.യുടെ ചില അംശങ്ങളുണ്ട്. പക്ഷേ, എന്റെ നായിക വി.ടി.യുടെ പെണ്‍രൂപമല്ല.

ഇഷ്ടി യാഥാര്‍ഥ്യമായതിനുപിന്നിലെ അനുഭവങ്ങള്‍ ?

നിര്‍മാതാവിനെ കിട്ടുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ചെന്നൈയില്‍ പരിചയമുള്ള പലരെയും ഞാന്‍ സമീപിച്ചിരുന്നു. അവരില്‍ പലരും എന്റെ മുഖത്തുനോക്കി ഇത് ശരിയാവില്ലെന്ന് പറഞ്ഞു. അവരെ കുറ്റംപറയാനാവില്ല. കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഒരു പുതുമുഖസംവിധായകന് നല്‍കുക എന്നത് എളുപ്പമുള്ള തീരുമാനമല്ല.   അടുത്ത കുറച്ച് സുഹൃത്തുക്കളാണ് കാര്യമായി സഹായിച്ചത്. അവരില്ലായിരുന്നെങ്കില്‍ ഈ സിനിമ ഉണ്ടാവുമായിരുന്നില്ല. പിന്നെ സിനിമയുമായി സഹകരിച്ചവരെല്ലാംതന്നെ പ്രതിഫലം നോക്കാതെയാണ് പ്രവര്‍ത്തിച്ചത്. ലെനിനൊക്കെ സ്വന്തം കൈയില്‍നിന്ന് കാശുമുടക്കി ലൊക്കേഷനില്‍ വരികയായിരുന്നു.   പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫിലിം അപ്രീസിയേഷന്‍ കോഴ്‌സില്‍ പങ്കെടുക്കാനായതാണ് സിനിമ ചെയ്യാനുള്ള ആത്മവിശ്വാസം തന്നത്. ആറേഴുമാസം ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായിരുന്നു. പി.കെ.നായരും അക്കാലത്ത് ഏറെ സഹായിച്ചു. അവിടെനിന്ന് കിട്ടിയ അറിവ് ഇഷ്ടി എടുക്കാന്‍ വലിയ തുണയായി. പിറവത്തെ ഒരു മനയില്‍ 18 ദിവസംകൊണ്ടാണ് ഇഷ്ടി പൂര്‍ത്തിയാക്കിയത്.