കരം ഒരു പുസ്തകം മാത്രം. നായകന്‍ പെരുമ്പടവം. നോവലെഴുതി 25 വര്‍ഷങ്ങള്‍ക്കുശേഷം കഥാപാത്രങ്ങള്‍ ജീവിച്ചയിടങ്ങളിലേക്ക് എഴുത്തുകാരന്‍ ഒരു യാത്ര നടത്തുന്നു. നായകന്റെയും നായികയുടെയും ചിന്തകളെയും ഹൃദയമിടിപ്പുകളെയും അവിടെ തൊട്ടറിയുന്നു. ഇന്‍ റിട്ടേണ്‍ എ ബുക്ക്- പകരം ഒരു പുസ്തകം മാത്രം- എന്ന ഡോക്യുഫിക്ഷന്റെ പ്രമേയം ഇതാണ്. ഇതില്‍ എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരനാണ്.

'ഒരു സങ്കീര്‍ത്തനം പോലെ'യിലെ നായകന്‍ വിഖ്യാത എഴുത്തുകാരന്‍ ദസ്തയേവ്‌സ്‌കിയും കാമുകി അന്നയും താമസിച്ച റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്കാണ് പെരുമ്പടവത്തിന്റെ യാത്ര. വര്‍ഷങ്ങള്‍ക്കുമുന്‍പ് നോവലെഴുതുമ്പോള്‍ ദസ്തയേവ്‌സ്‌കിയുടെ മനസ്സിലൂടെ പെരുമ്പടവം യാത്രപോയിരുന്നു. ഹൃദയത്തിനുമേല്‍ ദൈവം കയ്യൊപ്പിട്ടുകൊടുത്ത ആ എഴുത്തുകാരന്റെ മനോവിചാരങ്ങളിലൂടെ മറ്റൊരു എഴുത്തുകാരന്‍ സഞ്ചരിച്ചു. ഒടുവില്‍ 'ഒരു സങ്കീര്‍ത്തനം പോലെ' പിറന്നു.

നിഷേധിയും ചൂതാട്ടക്കാരനും കടക്കാരനും അപസ്മാര രോഗിയുമായ എഴുത്തുകാരന് തന്റെ പകര്‍ത്തിയെഴുത്തുകാരിയും യുവതിയുമായ അന്നയോട് തോന്നുന്ന വികാരവിചാരങ്ങള്‍ നോവലില്‍ കൃത്യമായി പങ്കുവെക്കുന്നുണ്ട്. പെരുമ്പടവം എന്ന മലയാളം എഴുത്തുകാരന്‍ ദസ്തയേവ്‌സ്‌കി എന്ന റഷ്യന്‍ എഴുത്തുകാരനിലേക്ക് പരകായപ്രവേശം നടത്തിയതാണ് ആ നോവല്‍. എക്കാലത്തെയും ബെസ്റ്റ് സെല്ലറായ ആ നോവലിനെ ആസ്പദമാക്കി ഷൈനി ജേക്കബ് ബെഞ്ചമിനാണ് 'ഇന്‍ റിട്ടേണ്‍- ജസ്റ്റ് എ ബുക്ക്'(പകരം ഒരു പുസ്തകം മാത്രം) സംവിധാനം ചെയ്തത്. ചിത്രം രാജ്യാന്തര ചലച്ചിത്രമേളയിലെ കഥേതര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.

റഷ്യന്‍ സാഹിത്യം മലയാളിക്ക് അന്യമല്ല. നമ്മള്‍ വായിച്ചറിഞ്ഞ സ്ഥലങ്ങളിലൂടെയാണ് പെരുമ്പടവം യാത്ര ചെയ്യുന്നത്. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ ചൂതാട്ടകേന്ദ്രവും തെരുവ് കാഴ്ചകള്‍ കാണാവുന്ന ദസ്തയേവ്‌സ്‌കിയുടെ എഴുത്തുമുറിയും കമ്പോസേഴ്‌സ് റൂമും പള്ളിയുമെല്ലാം നോവലിലെ പരിസരങ്ങളില്‍ എത്തിക്കുന്നു. പെരുമ്പടവവും റഷ്യയുമാണ് ഈ ഹ്രസ്വചിത്രത്തിന്റെ ലൊക്കേഷന്‍. അന്നയും ദസ്തയേവ്‌സ്‌കിയുമായി റഷ്യന്‍തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകളായ ഒക്‌സാന കര്‍മഷീനയും വ്‌ളാദിമിര്‍ പോസ്ത് നിക്കോവും അഭിനയിച്ചിരിക്കുന്നു. ഒരുവര്‍ഷംകൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. 45 മിനുട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. 

രചനയും സംഭാഷണവും സക്കറിയ. ഛായാഗ്രഹണം- കെ.ജി. ജയന്‍, സംഗീതം- ശരത്, എഡിറ്റര്‍-ബി. അജിത് കുമാര്‍. സോമ ക്രിയേഷന്‍സിന്റെ ബാനറില്‍ ബേബി മാത്യു സോമതീരമാണ് നിര്‍മാണം. ഡോ. ചെറിയാന്‍ ഈപ്പനാണ് സഹ നിര്‍മാതാവ്. ആശയം-രതീഷ് സി. നായര്‍. ആദ്യപ്രദര്‍ശനം കഴിഞ്ഞദിവസം തിരുവനന്തപുരത്ത് കലാഭവന്‍ തിയേറ്ററില്‍ നടന്നു.