രാജ്യാന്തര ചലച്ചിത്രമേളയുടെ ആറാം ദിനം പ്രേക്ഷക പങ്കാളിത്തം കൊണ്ടും പ്രതിനിധികള്‍ക്കിടയിലും ചര്‍ച്ചാവിഷയമായത് ജയരാജിന്റെ വീരമായിരുന്നു. പ്രദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വീരത്തിന്റെ ബുക്കിങ് ഫുള്‍ ആയിരുന്നു. വടക്കന്‍ പാട്ടിന്റെ പശ്ചാത്തലത്തില്‍ ചന്തുവിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ സിനിമ സമാനതകളില്ലാത്ത ദൃശ്യാനുഭവമായി. ബാഹുബലി കണ്ട പ്രേക്ഷകനിലേക്കാണ് വീരം പോരാട്ടകഥ പറയുന്നത്. കളരിപ്പയറ്റ് അഭ്യാസങ്ങളും വടക്കന്‍ കേരളത്തിന്റെ വാമൊഴികളും കൃത്യമായി സിനിമയില്‍ ചേര്‍ത്തിരിക്കുന്നു. ഡല്‍ഹിയില്‍ നടന്ന ബ്രിക്‌സ് ചലച്ചിത്രോത്സവത്തിന് ശേഷം സിനിമയുടെ രണ്ടാമത്തെ പ്രദര്‍ശനമായിരുന്നു ഗോവയില്‍ നടന്നത്. 

വടക്കന്‍ പാട്ടിലെ ചന്തുവിനെ ഷേക്‌സ്പിയറിന്റെ മാക്ബത്ത് നാടകത്തിന്റെ പശ്ചാത്തലവും സംയോജിപ്പിച്ചാണ് സിനിമ എടുത്തിരിക്കുന്നത്. നവരസ പരമ്പരയില്‍ ജയരാജ് ഒരുക്കിയ അഞ്ചാമത്തെ ചിത്രം കൂടിയാണ് വീരം. വിഖ്യാത സംവിധായകരായ കുറസോവയും പൊളാന്‍സ്‌കിയും അടക്കമുള്ളവര്‍ മാക്ബത്തിനെ സിനിമയ്ക്ക് വിഷയമാക്കി മികച്ച ദൃശ്യഭാഷ്യം ചമച്ചവരായിരുന്നു. 

മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായിട്ടാണ് വീരം ഒരുക്കിയിരിക്കുന്നത്. ഹോളിവുഡില്‍ നിന്നുള്ള മികച്ച കലാകാരന്മാരാണ് സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. ഗ്ലാഡിയേറ്ററിന്റേയും സ്റ്റാര്‍ വാഴ്‌സ് ഒന്നാം ഭാഗത്തിനും മേക്കപ്പ് ചെയ്ത ട്രെഫോര്‍ പ്രൗഡാണ് സിനിമയുടെ മേക്കപ്പ്. ചരിത്രകാരനായ എം.ആര്‍ വാര്യര്‍ വടക്കന്‍ ഭാഷയില്‍ തയാറാക്കിയ സംഭാഷണങ്ങളാണ് സിനിമയുടെ പ്രധാന പ്രത്യേകതകളില്‍ ഒന്ന്. ചന്തുവായി വേഷമിട്ട കുനാല്‍ കപൂര്‍ കളരി അഭ്യാസത്തിനായി ദിവസങ്ങള്‍ ചിലവിട്ടതിന്റെ സവിശേഷത സിനിമയില്‍ അദ്ദേഹത്തിന്റെ പ്രകടനത്തില്‍ കാണാനുണ്ട്. കേരളത്തിന് പുറമേ ഔറംഗബാദ്, ഫത്തേപ്പൂര്‍സിക്രി, എല്ലോറ തുടങ്ങിയിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.

Jayaraj

ജയരാജിന്റെ സിനിമാ ജീവിതത്തില്‍ അദ്ദേഹം ചെയ്ത ഏറ്റവും വലിയ സിനിമ തന്നെയാണ് വീരം. ചന്തുവിന്റെ പോരാട്ടം പല സിനിമകളിലും വന്നുപോയെങ്കിലും വടക്കെ മലബാറിന്റെ ഭാഷ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് ഈ സിനിമയുടെ പ്രത്യേകത. 

കഥേതര വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് സുദേഷ് ബാലന്‍ സംവിധാനം ചെയ്ത ഓര്‍മ്മയുടെ അതിര്‍വരമ്പുകള്‍ പ്രദര്‍ശിപ്പിച്ചു. 22 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രം മകനെ തേടി അലയുന്ന ഒരു വൃദ്ധന്റെ കഥയാണ് അവതരിപ്പിക്കുന്നത്. ഒരേ സമയം വാര്‍ധക്യവും അവരുടെ ഒറ്റപ്പെടലും ചര്‍ച്ചചെയ്യുന്ന സിനിമ ഒരു മുത്തച്ഛന്റെ ഓര്‍മ്മക്കുറവിനെ ഹൃദ്യമായി അവതരിപ്പിക്കുന്നു. ടി.ജി രവിയാണ് സിനിമയില്‍ പ്രധാന വേഷം ചെയ്തിരിക്കുന്നത്. ബിജിബാലിന്റെ സംഗീതവും സിനിമയെ ആകര്‍ഷിക്കുന്നു.