പനാജി: ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഏറെ ശ്രദ്ധ നേടിയ ഹ്രസ്വചിത്രമായിരുന്നു മലയാളത്തില്‍ നിന്നുള്ള 'രണ്ട് കുറിപ്പുകള്‍'. മക്കള്‍ക്ക് വേണ്ടാതാകുന്ന മാതാപിതാക്കളും അച്ഛനമ്മമാര്‍ ഉപേക്ഷിക്കുന്ന ബാല്യവും ഒരു സിനിമയുടെ നൂലില്‍കോര്‍ത്ത് വിരുദ്ധാവസ്ഥകളിലും അതിലെ വേദന ഒന്നുതന്നെയെന്ന് സംവിധായകനായ ഗിരീഷ്‌കുമാര്‍.കെ സിനിമയില്‍ പറഞ്ഞുവെക്കുന്നു. കുടുംബബന്ധങ്ങളുടെ ശൈഥില്യം വിഷയമാക്കിയ സിനിമ പറയാന്‍ സ്വന്തം കുടുംബത്തെ തന്നെയാണ് ഗിരീഷ് അണിനിരത്തിയത്. ആറ് കഥാപാത്രങ്ങള്‍ മാത്രമുള്ള സിനിമയില്‍ അഞ്ച് വേഷങ്ങളും ചെയ്തത് ഗിരീഷിന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ്. ഗിരീഷിന്റെ അച്ഛന്‍ വി.നാരായണന്‍ മാസ്റ്റര്‍, അമ്മ പദ്മാവതി ടീച്ചര്‍, ഭാര്യ ശാരിക, മകന്‍ സത്യജിത് എന്നിവരാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. സുഹൃത്തും നാടകനടനുമായ പി.ടി മനോജ് മാത്രമാണ് കുടുംബത്തിന് പുറത്തുള്ള ഏക ആള്‍. പഠനത്തിന്റെ ഭാഗമായുള്ള സിനിമയായതിനാല്‍ കൊല്‍ക്കത്തയില്‍ കേരളത്തിന്റെ പശ്ചാത്തലം സൃഷ്ടിച്ചാണ് സിനിമ ചിത്രീകരിച്ചതെന്ന് ഗിരീഷ് പറയുന്നു.

girish kumar
ഗിരീഷ് കുമാർ പനാജിയിൽ

കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്രമേളയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മികച്ച ഹ്രസ്വചിത്രത്തിനുള്ള ഗോള്‍ഡന്‍ റോയല്‍ ബംഗാള്‍ ടൈഗര്‍ അവാര്‍ഡ് രണ്ട് കുറിപ്പുകളിലൂടെ ഗിരീഷ് നേടിയിരുന്നു. ആദ്യ ചിത്രമായ ജലശയനം 2014 ല്‍ ഇതേ അവാര്‍ഡ് നേടിയിരുന്നു. സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനത്തിന്റെ ഭാഗമായി ഒരുക്കിയ ഹ്രസ്വചിത്രമായിരുന്നു രണ്ട് കുറിപ്പുകള്‍. ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ ജോണ്‍ ഏബ്രഹാം ദേശീയ അവാര്‍ഡും രണ്ട് കുറിപ്പുകള്‍ക്ക് ലഭിച്ചിരുന്നു.

തൃക്കരിപ്പൂരിനടുത്ത് ഇയ്യക്കാട് സ്വദേശിയായ ഗിരീഷ് സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപന ജോലിയില്‍ നിന്ന് അവധിയെടുത്താണ് ഇഷ്ട മേഖലയായ സിനിമയിലേക്ക് തിരിഞ്ഞത്. ആദ്യചിത്രമായ ജലശയനം തന്നെ ഗിരീഷിലെ കലാകാരനെ അടയാളപ്പെടുത്തിയ സിനിമയായിരുന്നു. ബുഡാപെസ്റ്റിലെ ഫലൂദ് അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് മേളയില്‍ നോണ്‍ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച സംവിധായകനായി ഗിരീഷ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

വാണിജ്യസിനിമ തന്റെ വഴിയല്ലെന്നും സമാന്തരസിനിമയുടെ ഭാഗമായി തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ഗിരീഷ്‌കുമാര്‍ മാതൃഭൂമിയോട് പറഞ്ഞു.

ചലച്ചിത്രമേളയുടെ ഏഴാം ദിനം പ്രേക്ഷകരുടെ അംഗീകാരം ലഭിച്ചത് ദി കമ്മ്യൂണ്‍, ട്രെയിന്‍ ഡ്രൈവേഴ്‌സ് ഡയറി, മത്സരവിഭാഗത്തിലുള്ള ത്രോണ്‍ മെല്ലോ മഡ് എന്നിവയായിരുന്നു. മിലോസ് റാഡോവിച്ച് ഒരുക്കിയ സെര്‍ബിയന്‍ ചിത്രം ട്രെയിന്‍ ഡ്രൈവേഴ്‌സ് ഡയറി ഒരു ട്രെയിന്‍ ഡ്രൈവറുടെ ജീവിതത്തേയും മരണത്തിന്റെ പടിവാതിലില്‍ നിന്ന് കണ്ടെടുക്കുന്ന ഒരു കുട്ടിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ മികച്ച ദൃശ്യാനുഭവമായിരുന്നു.