ലച്ചിത്രമേളയുടെ മൂന്നാം ദിനം ഡോ. ബിജുവിന്റെ കാട് പൂക്കുന്ന നേരം കാഴ്ചക്കാരുടെ മനം കവര്‍ന്നു. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് നിറഞ്ഞ ജന പങ്കാളിത്തമുണ്ടായിരുന്നു. ഇതിനോടകം ആറോളം ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമയുടെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം കൂടിയാണ് ഗോവയില്‍ നടന്നത്. 

അധികാരവര്‍ഗത്തിന്റെ ചൂഷണത്തിനും അടിച്ചമര്‍ത്തലിനും ഇരയാകുന്ന ദളിതരേയും ആദിവാസികളേയും അഭിമുഖീകരിക്കുന്ന സിനിമ ആനുകാലിക രാഷ്ട്രീയം മാവോയിസ്റ്റ് ഭീഷണി സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്നതിലെ പൊരുത്തക്കേടും പൊള്ളത്തരവും ഉന്നയിക്കുന്നു.

പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായി പോരാടുന്നവരും ഭരണകൂടവും തമ്മിലുള്ള പോരാട്ടമാണ് കാട് പൂക്കുന്ന നേരം. മാവോവാദി നേതാവായ സ്ത്രീയെ അറസ്റ്റ് ചെയ്യാന്‍ നിയോഗിക്കപ്പെട്ട് കാട്ടിലേക്ക് തിരിക്കുന്ന ഒരു പോലീസുകാരനിലൂടെയാണ് സിനിമയുടെ യാത്ര. കാട്ടില്‍ ഒറ്റപ്പെടുമ്പോള്‍ പോലീസുകാരന്‍ നിസ്സഹായനാകുകയും എന്നാല്‍ നായിക വഴികാട്ടിയാവുകയും ചെയ്യുന്നു. ആരെയാണോ വേട്ടയാടേണ്ടത് അവര്‍ തന്റെ രക്ഷകയാകുന്നത് തിരിച്ചറിയുന്നതാണ് സിനിമയുടെ ശക്തി. 

സംവിധായകന്‍ ബിജുവിനും ഛായാഗ്രാഹകന്‍ എം.ജി രാധാകൃഷ്ണനുമൊപ്പം സിനിമയുടെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് പ്രധാന വേഷങ്ങള്‍ ചെയ്ത ഇന്ദ്രജിത്ത്, റിമ കല്ലിങ്ങല്‍, പ്രകാശ് ബാരെ എന്നിവരും വേദിയിലെത്തിയിരുന്നു. 

യു.എ.പി.എ പോലുള്ള നിയമങ്ങള്‍ എങ്ങനെയാണ് സാധാരണക്കാരനെയും ദളിതരേയും ബ്രാന്‍ഡ് ചെയ്യുന്നത് എന്നതാണ് സിനിമയിലൂടെ പറയാന്‍ ശ്രമിച്ചതെന്ന് ഡോ.ബിജു മാതൃഭൂമിയോട് പറഞ്ഞു. തികച്ചും ആനുകാലികവും വിവാദവുമായ രാഷ് ട്രീയം തന്നെയാണ് സിനിമ ചര്‍ച്ചചെയ്യുന്നത്. ഇന്ത്യന്‍ പനോരമയുടെ ഭാഗമായി ഈ സിനിമ തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ദേശീയ തലത്തില്‍ സിനിമയ്ക്ക് ലഭിക്കുന്ന അംഗീകാരം കൂടിയാണതെന്നും അദ്ദേഹം പറഞ്ഞു. 

ആറ് വര്‍ഷത്തിന് ശേഷം ഐ.എഫ്.എഫ്.ഐയുടെ ഭാഗമായ സിനിമയുമായി ഗോവയിലെത്തുന്നതിലെ സന്തോഷം നായകവേഷം ചെയ്ത ഇന്ദ്രജിത്തും മാതൃഭൂമിയോട് പങ്കുവെച്ചു. ഡോ.ബിജുവുമായി ചെയ്യുന്ന മൂന്നാമത്തെ സിനിമയാണിത്. ഇതിനോടകം ആറോളം ചലച്ചിത്രമേളകളിലേക്ക് ഈ സിനിമ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. ആഗോളതലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

രാഷ്ട്രീയത്തെ ചോദ്യംചെയ്യുകയും അതിന്റെ മറുവശം കാട്ടിത്തരുകയും ചെയ്യുന്നതാണ് ഈ സിനിമയെന്ന് സിനിമയിലെ പ്രധാന കഥാപാത്രമായി അഭിനയിച്ച റിമ കല്ലിങ്ങല്‍ പറഞ്ഞു.