ച്ഛന്‍-മകള്‍ ബന്ധത്തിന്റെ ആഴവും പരപ്പും അളന്ന ജീവിതസത്യസന്ധയ്ക്കുള്ള പാഠം സമ്മാനിച്ച ഇറാനിയന്‍ സിനിമയായിരുന്നു ഈ വര്‍ഷത്തെ ഗോവ ചലച്ചിത്രമേളയില്‍ മികച്ച സിനിമയ്ക്കുള്ള സുവര്‍ണചകോരം നേടിയ ഡോട്ടര്‍. പാരമ്പര്യവാദിയും ജീവിതത്തില്‍ നിഷ്ഠകള്‍ പുലര്‍ത്തുന്ന തികഞ്ഞ കര്‍ക്കശക്കാരനുമായ അസീസിയും അയാളുടെ കുടുംബവുമാണ് ഡോട്ടര്‍ സിനിമയുടെ ഇതിവൃത്തം. അതില്‍ തന്നെ അസീസിയും അയാളുടെ മകളും തമ്മിലുള്ള ബന്ധമാണ് സംവിധായകനായ റേസ മിര്‍കരീമി സിനിമയില്‍ പറയുന്നത്. 

സ്വാതന്ത്ര്യം കൊതിക്കുന്ന മകള്‍ പിതാവറിയാതെ സുഹൃത്തിന്റെ പാര്‍ട്ടിയില്‍ പങ്കെടുക്കാനായി ടെഹ്‌റാനിലേക്ക് പോകുന്നതാണ് സിനിമയിലെ വഴിത്തിരിവ്. ആദ്യമായാണ് അവള്‍ പിതാവിന്റെ ആഗ്രഹത്തിന് വിരുദ്ധമായി ഒരു കാര്യം ചെയ്യുന്നത്. പാര്‍ട്ടിയില്‍ പങ്കെടുത്ത് വീട്ടില്‍ തിരിച്ചെത്താമെന്നുള്ള പ്രതീക്ഷയ്ക്ക് പക്ഷേ പ്രതികൂല കാലാവസ്ഥ തടസ്സമാകുന്നു. പിതാവിനെ ധിക്കരിച്ചുള്ള അവളുടെ ആദ്യത്തെ തീരുമാനം അങ്ങനെ ഒരു ദുരന്തത്തില്‍ കലാശിക്കുന്നു. ശാന്തമായി ഒഴുകിയിരുന്ന കുടുംബം അതോടെ സംഘര്‍ഷഭരിതമാകുന്നു. 

മകളാണ് സിനിമയുടെ ടൈറ്റില്‍ റോളെങ്കിലും പിതാവിന്റെ വേഷം ചെയ്ത ഫര്‍ഹാദ് അസ്‌ലാനിയാണ് സിനിമയുടെ ജീവനാഡി. അനായാസമായ അഭിനയം കൊണ്ട് കഥാപാത്രത്തിന്റെ വൈകാരികതലങ്ങള്‍ അവിസ്മരണീയമായി അസ്‌ലാനി സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നു. മൃദുഭാഷി. കൂടുതലും നിശബ്ദത ആഗ്രഹിക്കുന്നയാള്‍, അങ്ങനെ പ്രവചനാതീതമായ സ്വഭാവതലമുള്ള കഥാപാത്രത്തെ ഗംഭീരമാക്കിയതിലൂടെ അസ്‌ലാനി മികച്ച നടനുള്ള രജതമയൂരവും ചലച്ചിത്രമേളയില്‍ സ്വന്തമാക്കി. 

daughter

മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും മികച്ച സിനിമയായി ഡോട്ടര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2005 ല്‍ മൊഹമ്മദ് റസോള്‍ഫിന്റെ 'ദി അയണ്‍ ഐലന്‍ഡി'ന് ശേഷം 11 വര്‍ഷം കഴിഞ്ഞാണ് ഒരു ഇറാനിയന്‍ ചിത്രം മികച്ച സിനിമയ്ക്കുള്ള സുവര്‍ണ മയൂരം നേടുന്നത്. 

എല്ലാക്കാലത്തും ജീവിതഗന്ധിയായ സിനിമകള്‍ പിറക്കുന്ന നാടാണ് ഇറാന്‍. മക്ബല്‍ബഫിന്റെയും, അബ്ബാസ് കയ്‌റോസ്തമിയുടേയും ജാഫര്‍ പനാഹിയുടേയും അസ്ഗര്‍ ഫര്‍ഹാദിയുടേയും നാട്ടില്‍ നിന്ന് ഇത്തവണ ചലച്ചിത്രമേളയ്‌ക്കെത്തിയവയില്‍ ഏറ്റവും ശ്രദ്ധ നേടിയ ചിത്രങ്ങള്‍ ഡോട്ടറും ഫര്‍ഹാദിയുടെ ദി സെയില്‍സ്മാനുമായിരുന്നു. റേസ മിര്‍കരീമിയുടെ ആദ്യ ചിത്രമായ ചൈല്‍ഡ് ആന്‍ഡ് സോള്‍ജിയര്‍ (1999) ദേശീയതലത്തിലും രാജ്യാന്തരതലത്തിലും നിരവധി അവാര്‍ഡുകള്‍ നേടിയ സിനിമയായിരുന്നു. അര്‍ഥവത്തായ ജീവിതവും മറഞ്ഞിരിക്കുന്ന ജീവിത യാഥാര്‍ഥ്യങ്ങളും സിനിമയാക്കാന്‍ പഠിപ്പിച്ച അബ്ബാസ് കയ്‌റോസ് തമിയാണ് തന്റെ ടീച്ചറെന്ന് സുവര്‍ണ മയൂരം ഏറ്റുവാങ്ങിക്കൊണ്ട് റേസ മിര്‍കരീമി പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഈ വര്‍ഷം ജൂലായില്‍ അന്തരിച്ച അബ്ബാസ് കയ് ടറോസ്തമിയ്ക്കുള്ള ആദരവുകൂടിയായി മാറി.