അഞ്ചാം ദിനം മലയാളത്തിന്റേതായി രണ്ട് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പദ്മകുമാറിന്റെ രൂപാന്തരവും ഷൈനി ജേക്കബ് ബെഞ്ചമിന്റെ പകരം ഒരു പുസ്തം മാത്രവും. 

അന്ധതയും കാഴ്ചശക്തിയും ഒരു മനുഷ്യജീവിതത്തെ എങ്ങനെ രൂപാന്തരപ്പെടുത്തുന്നുവെന്നതിന്റെ വേറിട്ട പരീക്ഷണമാണ് പദ്മകുമാര്‍ ഒരുക്കിയ രൂപാന്തരം എന്ന ചിത്രം. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമ ഒറ്റക്കാഴ്ചയില്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ശക്തമായ പ്രമേയമാണ് മുന്നോട്ടുവെക്കുന്നത്. തെരുവിലെ അന്ധനായ ലോട്ടറി വില്‍പനക്കാരന്‍ രാഘവനും അയാള്‍ക്ക് വഴിമധ്യേ കിട്ടുന്ന മൂകനും ബധിരനുമായ അബ്ദുള്ള എന്ന ചെറുപ്പക്കാരനും തമ്മിലുള്ള ബന്ധമാണ് സിനിമയില്‍ പറയുന്നത്. 

ഓപ്പറേഷന്‍ നടത്തി രാഘവന് കാഴ്ച സമ്മാനിക്കാന്‍ ആഗ്രഹിക്കുന്ന അബ്ദുള്ളയും പയ്യന്റെ ആഗ്രഹത്തിന് വഴങ്ങി ഓപ്പറേഷന് വിധേയനാകുന്ന രാഘവന്റെ തുടര്‍ന്നുള്ള ജീവതവുമാണ് പദ്മകുമാര്‍ കാഴ്ചയുള്ളതിനേക്കാള്‍ അത് ഇല്ലാത്തതാണ് ചിലപ്പോഴെങ്കിലും മനുഷ്യനേയും സമൂഹത്തേയും അപഗ്രഥിച്ച് നല്ലതെന്ന് വിശദീകരിക്കുന്നു. കാഴ്ച കിട്ടുന്ന രാഘവന് ബാല്യത്തിലെ പോലെ എല്ലാം ഒന്നുമുതല്‍ പഠിക്കേണ്ടി വരുന്നു. അതേസമയം കാഴ്ച സമ്മാനിച്ച ലോകം രാഘവനെ തീര്‍ത്തും ഒറ്റപ്പെടുത്തുന്നു. ഒറ്റപ്പെടലിന്റെ വേദനയേക്കാള്‍ അന്ധതയാണ് ഭേദമെന്ന് രാഘവന്‍ തിരിച്ചറിയുന്ന വൈരുധ്യമാണ് സിനിമയുടെ കാതല്‍. മതങ്ങള്‍ക്കപ്പുറമുള്ള മനുഷ്യജീവിതത്തിന്റെ തലവും സിനിമയില്‍ പദ്മകുമാര്‍ ഉപയോഗിച്ചിട്ടുണ്ട്. രാഘവന്‍ എന്ന കഥാപാത്രമായി കൊച്ചുപ്രേമന്‍ സിനിമയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. വെറും കോമഡിയില്‍ ഒതുങ്ങിപ്പോകേണ്ട നടനല്ല എന്ന അടയാളപ്പെടുത്തലും ഈ സിനിമയില്‍ കൊച്ചുപ്രേമന്റെ രാഘവന്‍ എന്ന കഥാപാത്രത്തില്‍ കാണാനാകും. അന്ധനായ മനുഷ്യന് കാഴ്ച കിട്ടുന്നതോടെ അയാള്‍ തീര്‍ത്തും ഒറ്റപ്പെടുന്നതിലെ വിരോധാഭാസമാണ് പദ്മകുമാര്‍ ഒരുക്കിയ രൂപാന്തരം എന്ന സിനിമ.


നോവലിലെ കഥാപാത്രങ്ങളുടെ ലാവണം തേടിയുള്ള ഒരു കഥാകൃത്തിന്റെ യാത്രയിലൂടെയാണ് ഷൈനി ജേക്കബ് ബെഞ്ചമിന്‍ 'ഇന്‍ റിട്ടേണ്‍ എ ബുക്ക്' എന്ന ഡോക്യുഫിഷന്‍ അവതരിപ്പിക്കുന്നത്. ചലച്ചിത്രമേളയുടെ അഞ്ചാം ദിനം കഥേതര വിഭാഗത്തില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചു. മലയാളിയെ വായനയുടെ ലഹരിയിലേക്ക് നയിച്ചതില്‍ ഒരു പ്രധാന പുസ്തകം പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ തന്നെയായിരിക്കും. അത് വായിക്കാത്ത പുസ്തകപ്രേമികള്‍ ചുരുക്കവുമായിരിക്കും. ദസ്തയേവസ്‌കിയും അന്നയും തമ്മിലുള്ള പ്രണയം ആസ്വദിച്ച മലയാളിയെ ആ കഥാപാത്രങ്ങള്‍ ജീവിച്ചിടത്തേക്ക് എഴുത്തുകാരന്‍ തന്നെ കൂട്ടിക്കൊണ്ടുപോകുകയാണ് ഈ ചിത്രത്തില്‍. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്ക് പെരുമ്പടവം തന്റെ കഥാപാത്രങ്ങളുടെ ജീവിതപരിസരങ്ങള്‍ തേടി നടത്തുന്ന യാത്ര. സക്കറിയയുടെ തിരക്കഥയില്‍ ഷെനി ജേക്കബ് ബെഞ്ചമിന്‍ ഒരുക്കിയ സിനിമയുടെ ഛായാഗ്രഹം കെ.ജി ജയനാണ് നിര്‍വഹിച്ചിരിക്കുന്നത്.