സിനിമയില്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ച് പീറ്റര്‍ ഹെയ്ന്‍ നടത്തിയ മാസ്റ്റര്‍ ക്ലാസ് പ്രേക്ഷകര്‍ക്ക് നവ്യാനുഭവമായി. സ്റ്റണ്ട് രംഗങ്ങള്‍ കാഴ്ചക്കാരനെ കോരിത്തരിപ്പിക്കുകയും പിരിമുറുക്കം കൂട്ടുകയും ചെയ്യുമ്പോള്‍ അതിന് പിന്നിലെ അധ്വാനം എത്രയെന്ന് ഹെയ്ന്‍ ദൃശ്യങ്ങള്‍ സഹിതമാണ് വിശദീകരിച്ചത്. മോഹന്‍ലാലിനും വൈശാഖിനുമൊപ്പം മലയാളത്തില്‍ പുലിമുരുകനില്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയതിനെക്കുറിച്ചും ഹെയ്ന്‍ വാചാലനായി. പ്രായമല്ല ഒരു നടന്റെ സമര്‍പ്പണമാണ് വലുതെന്ന് മോഹന്‍ലാലിന്റെ അഭിനയരംഗങ്ങളെക്കുറിച്ച് ഹെയ്ന്‍ പറഞ്ഞു. നാല് ഭാഷകളിലും നൂറുകോടി നേടിയ സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള ആഹ്ളാദവും അദ്ദേഹം മറച്ചുവെച്ചില്ല. ഹിന്ദിയില്‍ ഗജിനിയും തെലുങ്കില്‍ മഗധിരയും തമിഴില്‍ ശിവാജിയും മലയാളത്തില്‍ പുലിമുരുകനും നാലിലും ആക്ഷന്‍ ഒരുക്കിയത് ഹെയ്ന്‍ തന്നെ.