പനാജി: മനുഷ്യന്റെ ആനന്ദത്തിന് വേണ്ടി മൃഗങ്ങളെ ചൂഷണം ചെയ്യുന്നതിന്റെ തുറിച്ചുനോക്കുന്ന യാഥാര്‍ഥ്യമാണ് ഗോഡ്സ് ഇന്‍ ഷാക്കിള്‍സ് (ദൈവം ചങ്ങലയില്‍) എന്ന ചിത്രം. കേരളവും കേരളത്തിലെ ഉത്സവങ്ങളും കാഴ്ചകളും നിറയുന്ന ഈ ഇംഗ്ലീഷ് ചിത്രം ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ചലച്ചിത്രമേളയുടെ എട്ടാം ദിനം കഥേതരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു.

ഉത്സവങ്ങള്‍ മനുഷ്യന്‍ മതിമറന്ന് ആസ്വദിക്കുമ്പോള്‍ അതിന് ഇരകളാകുന്ന ആനകളുടെ നിസ്സഹായതകയും അവ ചൂഷണത്തിന് ഇരയാകുന്നതുമാണ് ഗോഡ്സ് ഇന്‍ ഷാക്കിള്‍സിന്റെ ഇതിവൃത്തം. തൃശൂര്‍ പൂരം അടക്കം കേരളത്തില്‍ വര്‍ഷം തോറും നടക്കുന്ന ഉത്സവങ്ങള്‍ക്ക് അണിനിരക്കുന്ന ആനകളുടെ ദുരവസ്ഥയാണ് മാധ്യമപ്രവര്‍ത്തക കൂടിയായ സംവിധായിക സംഗീത അയ്യര്‍

തന്റെ സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ വെക്കുന്നത്. അസുഖവും മുറിവുകളും ഉള്ള ആനകളെ വരെ അത് മറച്ചുവെച്ച് ഉത്സവത്തിന് നിരത്തുന്നതിലെ ക്രൂരതയാണ് അവര്‍ ഉന്നയിക്കുന്നത്. 

മതത്തിന്റെയും സംസ്‌കാരത്തിന്റെയും ആചാരത്തിന്റേയും പേരില്‍ ആനകള്‍ കേരളത്തില്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടുകയാണെന്ന് അവര്‍ പറയുന്നു. 40,000 ത്തോളം ആനകള്‍ മാത്രമാണുള്ളത്. അവയെ സംരക്ഷിക്കുന്നത് നിലനില്‍പ്പിന്റെ ആവശ്യമാണ്. കേരളത്തില്‍ ഉടനീളം നടത്തിയ യാത്രയില്‍ കാലില്‍ മുറിവുകളും ട്യൂമര്‍ പോലുള്ള അസുഖങ്ങളുമുള്ള ആനകളെ ഉത്സവങ്ങള്‍ക്കായി ഉപയോഗിക്കുന്നത് നേരിട്ടുകാണുവാനാടിയായി. ഈ ക്രൂരത അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു. പരിസ്ഥിതിക്ക് ഇണങ്ങുന്ന ടൂറിസം ആണ് ആവശ്യം. അല്ലാതെ അതിനായി ഇങ്ങനെ മൃഗങ്ങളെ ചൂഷണം ചെയ്യാന്‍ പാടില്ല. ഒരു തിരിച്ചറിവായിട്ടും ബോധവത്കരണശ്രമമായും ഈ സിനിമ മാറുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.

പാലക്കാട് വേരുകളുള്ള സംഗീത അയ്യര്‍ കനേഡിയന്‍ പൗരത്വമുള്ള മാധ്യമപ്രവര്‍ത്തകയാണ്. കേരള സന്ദര്‍ശനത്തിനിടയില്‍ കണ്ട കാഴ്ചകളാണ് ഇങ്ങനെയൊരു സിനിമ എടുക്കാന്‍ കാരണമെന്നും അവര്‍ പറഞ്ഞു. സുഗതകുമാരി, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ആനപ്രേമികള്‍ എന്നിവരുടെ അഭിമുഖവും ഈ സിനിമയിലുണ്ട്. 

ഇതിനോടകം രാജ്യാന്തര തലത്തില്‍ ആറ് ചലച്ചിത്രോത്സവങ്ങളില്‍ ഈ സിനിമയ്ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. അനുകമ്പയും സ്നേഹവും അര്‍ഹിക്കുന്ന മൃഗം സാമ്പത്തികനേട്ടത്തിനും വാണിജ്യ ആവശ്യത്തിനും നിന്നുകൊടുക്കേണ്ടിവരുന്നതിനെക്കുറിച്ചാണ് ഈ സിനിമ.

രാജ്യാന്തര തലത്തില്‍ പരിസ്ഥിതി വന്യജീവി ഡോക്യുമെന്ററി സംവിധായികയ്ക്കുള്ള അവാര്‍ഡ് രണ്ട് തവണ സംഗീത അയ്യര്‍ക്ക് ലഭിച്ചിട്ടുണ്ട്. 

ചലച്ചിത്രമേളയിലെ എട്ടാം ദിവസത്തെ പ്രദര്‍ശനത്തോടെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലും മത്സരവിഭാഗത്തിലുമുള്ള സിനിമകളുടെ സ്‌ക്രീനിങ് പൂര്‍ത്തിയായി. തിങ്കളാഴ്ച നടക്കുന്ന സമാപനചടങ്ങില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും,. തുടര്‍ന്ന് സമാപന ചിത്രമായി ജീ വൂണ്‍ കിമ്മിന്റെ ദി ഏജ് ഓഫ് ഷാഡോസ് പ്രദര്‍ശിപ്പിക്കും.