ല്ലാത്തൊരു നിയോഗമായിരുന്നു അത്. വിവാഹത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികവും മുപ്പതാം വാര്‍ഷികവുമൊന്നും കൊണ്ടാടാത്ത ഐ.വി.ശശിയും സീമയും മുപ്പത്തിയേഴാം വിവാഹ വാര്‍ഷികം കേമമായി കൊണ്ടാടുന്നു. കോഴിക്കോട് കേരള കലയില്‍, ഐ.വി.ശശിയുടെ നിരവധി ചിത്രങ്ങള്‍ നിര്‍മിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ പി.വി.ഗംഗാധരനും കുടുംബവുമാണ് ചടങ്ങൊരുക്കിയത്.

അടുത്ത സുഹൃത്തുക്കളെ സാക്ഷിയാക്കി മാലയിട്ടും ബൊക്കെ കൊടുത്തും അവര്‍ വീണ്ടും വിവാഹിതരായി. മുപ്പത്തിയേഴാം വിവാഹ വാര്‍ഷികത്തിന് എന്താണ് പ്രത്യേകത എന്ന് ചോദിച്ചവരുണ്ട്. ഒരു വലിയ കാരണമുണ്ടായിരുന്നു ഈ ആഘോഷത്തിനും രണ്ടാം വിവാഹത്തിനും. ശശിയും സീമയും പിരിയുകയാണെന്ന ഒരു ഗോസിപ്പാണ് ഇത്തരമൊരു ചടങ്ങിന് പ്രേരണയായത്. ഞങ്ങള്‍ പിരിയുകയല്ലെന്ന് ഉറക്കെ വിളിച്ചുപറയാനായിരുന്നു ഈ ചടങ്ങ്. ആഘോഷച്ചടങ്ങിനൊടുവില്‍ സീമ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇല്ല ഞങ്ങള്‍ പിരിയുന്നില്ല. ഇനിയാരും ആ ഗോസിപ്പിന് പിറകെ പോവില്ലല്ലോ എന്ന് കുസൃതിയോടെ സീമ ചോദിച്ചു.

പക്ഷേ, ഐ.വി.ശശിക്ക് ആ വാക്ക് പാലിക്കാനായില്ല. ആഘോഷം കഴിഞ്ഞ് കോഴിക്കോട്ടു നിന്നു ചെന്നൈയിലേയ്ക്ക് മടങ്ങിയ ശശി പിന്നെ മടങ്ങിയില്ല. വാര്‍ഷികാഘോഷം കഴിഞ്ഞ് രണ്ട് മാസം തികയും മുന്‍പ് തന്നെ ശശി സീമയെ വിട്ടുപിരിഞ്ഞു.
 
മാലയിടലും കേക്ക് മുറിക്കലും മാത്രമായിരുന്നില്ല ഇരുവര്‍ക്കും ആഘോഷം. കേരളത്തെ ഇളക്കിമറിച്ച അവളുടെ രാവുകളില്‍ തുടങ്ങിയ പ്രണയകാലത്തിലൂടെയുള്ള ഒരു പിന്‍യാത്ര കൂടിയായിരുന്നു അത്. തന്റെ സിനിമയില്‍ അഭിനയിക്കാന്‍ വന്ന തന്റേടിയായ ഡാന്‍സുകാരിപ്പെണ്ണ് പിന്നെ തന്റെ സിനിമയിലും ജീവിതത്തിലും നായികയായത് ഓര്‍ത്തപ്പോള്‍ ഐ വി ശശി പഴയ ചെറുപ്പക്കാരന്‍ കാമുകനായി. തന്നെ പ്രണയിച്ചത് ശശിയേട്ടന്റെ കഷ്ടകാലമെന്ന് പറഞ്ഞ് ചിരിച്ചപ്പോള്‍ സീമ പഴയ കിലുക്കാംപെട്ടി പെണ്ണുമായി. കളിച്ചും ചിരിച്ചും ഓര്‍മകള്‍ പങ്കുവച്ചും ഓണാശംസ നേര്‍ന്നുമായിരുന്നു അന്നവര്‍ കോഴിക്കോടിനോട് വിടപറഞ്ഞത്. പിന്നെ താന്‍ ജനിച്ചു വളര്‍ന്ന നാടിനെ തേടിയെത്തുന്നത് പ്രിയപ്പെട്ട സംവിധായകന്റെ എണ്ണമറ്റ സിനിമകള്‍ക്ക് ഈ നാട് തട്ടകമാക്കിയ പ്രിയപ്പെട്ട ശശിയേട്ടന്റെ മരണവാര്‍ത്തയാണ്.

1978ല്‍ പുറത്തിറങ്ങിയ ഈ മനോഹര തീരത്തില്‍ വച്ചാണ് ഇവരും ആദ്യമായി ഒന്നിക്കുന്നത്. ചിത്രത്തില്‍ ഒരു നൃത്തരംഗത്തിലാണ് സീമ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. നേരത്തെ മറ്റൊരു ചിത്രത്തിന്റെ സെറ്റില്‍ വച്ചു കണ്ടുമുട്ടിയ ശാന്തി എന്ന സീമ തന്റെ അടുത്ത ചിത്രത്തില്‍ വേണം എന്നത് ഐ.വി.ശശിയുടെ നിര്‍ബന്ധമായിരുന്നു. ആദ്യം ശശിയും ഓഫര്‍ നിരസിച്ച സീമയെ വന്‍ തുക കൊടുത്താണ് ശശി ഈ മനോഹര തീരത്തില്‍ എത്തിച്ചത്. തന്റെ മാസ്റ്റര്‍പീസായ അവളുടെ രാവുകളിലേയ്ക്ക് മറ്റൊരു നായികയെ തേടേണ്ടിവന്നില്ല ശശിക്ക്. അങ്ങനെ മലയാളത്തില്‍ ഒരു വലിയ തരംഗത്തിന് തിരികൊളുത്തിയ അവളുടെ രാവുകളില്‍ സീമ രാജിയായി.

പിന്നീട് തന്റെ സിനിമകളില്‍ മാത്രമല്ല, ജീവിതത്തിലും നായികയായി ഐ.വി.ശശി സീമയെ അവരോധിച്ചു.

രസകരമായിരുന്നു ഇവരുടെ വിവാഹവും. ഒരിക്കല്‍ സീമയുടെ അമ്മ ഒരു ജോത്സ്യനെ കാണാന്‍ പോയി. മകളുടെ വിവാഹം ഉടനെ നടത്തിയില്ലെങ്കില്‍ പിന്നെ മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടിവരുമെന്നാണ് ജോത്സ്യന്‍ പറഞ്ഞത്. ഇതനുസരിച്ച് സീമ നേരത്തെ ചെന്നൈയില്‍ ഐ.വി.ശശിയുടെ വീട്ടിലേയ്ക്ക് വച്ചുപിടിച്ചു. എന്നെ കല്ല്യാണം കഴിക്കുന്നെങ്കില്‍ അത് സെപ്റ്റംബിന് മുന്‍പാവണം. അല്ലെങ്കില്‍ അക്കാര്യം മറന്നേക്കൂ. സീമയുടെ തിട്ടൂരം കെട്ട് ഐ.വി.ശശി ഒന്ന് അന്താളിച്ചു. സീമ ഉടനെ അടുത്ത പടത്തിന്റെ ഷൂട്ടിങ്ങിനായി കേരളത്തിലേയ്ക്ക് മടങ്ങുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ക്കുശേഷം സീമയ്ക്ക് ഒരു ഫോണ്‍ കോള്‍. ഐ.വി.ശശിയാണ്. ഓഗസ്റ്റ് 28ന് വിവാഹം നിശ്ചയിച്ചു. ചെന്നൈ മാങ്ങാട് ക്ഷേത്രത്തിലാണ് വിവാഹം. ഇതായിരുന്നു സന്ദേശം. ഇക്കുറി ഞെട്ടിയത് സീമയാണ്.

വിവാഹം കഴിഞ്ഞെങ്കിലും മറ്റു പലരെയും പോലെ ഐ.വി.ശശി സീമയെ വെറുതെ വീട്ടിലിരുത്തിയില്ല. സിനിമയായിരുന്നു അദ്ദേഹത്തിന് എല്ലാമെന്ന് സീമ സാക്ഷ്യപ്പെടുത്തുന്നു. ഞാന്‍ അദ്ദേഹത്തിന് രണ്ടാം ഭാര്യയാണ്. ആദ്യ ഭാര്യ സിനിമ തന്നെ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ സീമ പറഞ്ഞു. ഇതില്‍ എനിക്കൊരു പരിഭവവുമുണ്ടായിരുന്നില്ലെന്നും സീമ പറഞ്ഞിരുന്നു.

കരിയറില്‍ കയറ്റിറക്കങ്ങളും എരിവു പകരാന്‍ ഗോസിപ്പുകളുമെല്ലാം ഒരുപാട് ഉണ്ടായിരുന്നെങ്കിലും പരാതികളും പരിഭവങ്ങളൊന്നുമില്ലാതെയാണ് അവര്‍ക്കിടയില്‍ മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ കടന്നുപോയത്. ഇതിനാണ് ചെന്നൈ സാലിഗ്രാമിലെ വീട്ടില്‍ തിരശ്ശീല വീണത്.