ടന്‍ ജയന്റെ വേര്‍പാടിന് നവംബര്‍ 16ന് 37 വര്‍ഷം പൂര്‍ത്തിയാകുന്നു. ഐ.വി. ശശിയുടെ 'അങ്ങാടി'യിലൂടെ സൂപ്പര്‍താരപദവിയിലേക്ക് കുതിച്ചുയര്‍ന്ന നടനായിരുന്നു ജയന്‍. മൂന്നുവര്‍ഷം മുന്‍പ് ജയന്റെ സ്മരണയ്ക്കായുള്ള ജയന്‍ രാഗമാലിക അവാര്‍ഡ് ഏറ്റുവാങ്ങുന്ന ദിവസം മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ഐ.വി. ശശി എഴുതിയ ജയനെക്കുറിച്ചുള്ള ഓര്‍മകള്‍. 

ജരാനരകള്‍ ബാധിച്ച ഒരു ജയനെക്കുറിച്ച് നമുക്ക് സങ്കല്‍പിക്കാനേ കഴിയില്ല. അത്തരം ഒരു രൂപത്തെ ഒരുപക്ഷെ, ജയന്‍പോലും ഇഷ്ടപ്പെട്ടെന്നുവരില്ല. ജീവിച്ചിരുന്ന കാലത്തും ജീവിതം വിട്ടുപോയപ്പോഴും യുവത്വത്തിന്റെ പ്രതീകമാകാനായിരുന്നു ആ നടന്റെ നിയോഗം. നിറഞ്ഞ പുഞ്ചിരിയോടെയായിരുന്നു ജയനെ ഞാന്‍ എപ്പോഴും കണ്ടിരുന്നത്. 36 വര്‍ഷങ്ങള്‍ക്കുമുന്‍പ് നിര്‍മാതാവ് സുപ്രിയാ ഹരിപോത്തന്‍ ജയനെ എനിക്ക് പരിചയപ്പെടുത്തിയപ്പോഴും മനോഹരമായ ആ പുഞ്ചിരി തന്നെയാണ് എന്നെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചതും.

'ഇതാ ഇവിടെ വരെ' ചിത്രീകരിക്കുന്ന കാലം. ആ ചിത്രത്തില്‍ ജയന് ഒരു ചെറിയ വേഷമായിരുന്നു. തോണിക്കാരന്റെ വേഷം. ജയനും ഞാനുമായുള്ള സൗഹൃദം ആരംഭിക്കുന്നത് അവിടെവച്ചാണ്. സോമനെ അക്കരെയെത്തിക്കുന്ന ആ കടത്തുകാരന്റെ പെര്‍ഫോമന്‍സ് എന്നെ ആകര്‍ഷിച്ചു. തുടര്‍ന്ന് ആ ചിത്രത്തില്‍ ഒന്നുരണ്ടു സീനുകളില്‍ക്കൂടി ഞാന്‍ ജയനെ അഭിനയിപ്പിച്ചു. 'ഇതാ ഇവിടെ വരെ'യുടെ ടൈറ്റില്‍ സോങ്ങായ 'ഇതാ.... ഇതാ.... ഇവിടെവരെ....' എന്ന മനോഹര ഗാനരംഗത്തില്‍ സോമനും ജയനുമായിരുന്നു പ്രത്യക്ഷപ്പെട്ടത്. ചെറിയൊരു വേഷമായിട്ടുകൂടി ജയന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. 

അക്കാലത്ത് മിക്ക ദിവസവും മദ്രാസിലെ എന്റെ വീട്ടില്‍ ജയന്‍ വരുമായിരുന്നു. രാവിലെ ഞാനെഴുന്നേറ്റു വരുമ്പോള്‍ വീടിന്റെ മുന്‍പിലുള്ള ഹാളില്‍ ജയന്‍ പത്രം വായിച്ചിരിക്കുന്നുണ്ടാവും. അപ്പോഴേക്കും എന്റെ അമ്മ ജയന് ചായയുമായി എത്തും. ''അവസരങ്ങളുണ്ട്, എല്ലാം വില്ലന്‍ വേഷങ്ങള്‍. നല്ലൊരു കഥാപാത്രത്തെ കിട്ടുന്നില്ല'' എന്ന് ജയന്‍ പരാതി പറയും. ചെറിയ വേഷമാണെങ്കിലും എന്റെ സിനിമകളില്‍ അഭിനയിക്കാന്‍ ജയന്‍ പ്രത്യേകം താത്പര്യം കാണിച്ചിരുന്നു. ഈ മനോഹരതീരം, ആശീര്‍വാദം, അഭിനിവേശം, ഇനിയും പുഴയൊഴുകും, അഞ്ജലി, അനുമോദനം, ഇതാ ഒരു മനുഷ്യന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഞാന്‍ ജയന് ചെറുതും വലുതുമായ വേഷങ്ങള്‍ നല്കി. എത്ര ചെറിയ വേഷമായാലും അത് ശ്രദ്ധേയമാക്കാന്‍ അങ്ങേയറ്റം ആത്മാര്‍ഥതയും കഠിന പരിശ്രമവും ആ നടന്‍ കാണിച്ചിരുന്നു.

jayan iv sasi
ഇതാ ഇവിടെ വരെയിൽ ജയൻ, എെ.വി.ശശി, സോമൻ, വിധുബാല എന്നിവർ. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

'കാന്തവലയം' എന്ന സിനിമയിലെ ജയന്റെ കഥാപാത്രം വാസ്തവത്തില്‍ സോമനായിരുന്നു അവതരിപ്പിക്കേണ്ടിയിരുന്നത്. സോമനുമായുണ്ടായ ചില അഭിപ്രായവ്യത്യാസങ്ങള്‍ കാരണം ഞാനും സോമനും തമ്മില്‍ അക്കാലത്ത് അകന്നുനില്‍ക്കേണ്ടിവന്നു. അങ്ങനെയാണ് ആ പടത്തില്‍ ജയനെ കാസ്റ്റുചെയ്യുന്നത്. വളരെ സ്റ്റൈലിഷ് ആയ ഒരു കഥാപാത്രം. ഊരും പേരുമില്ലാത്ത അജ്ഞാതന്‍. തിരക്കഥയും സംഭാഷണവും ടി. ദാമോദരന്‍ മാഷിന്റേതായിരുന്നു. ജയന്‍ ആ കഥാപാത്രത്തെ ഗംഭീരമാക്കി. അങ്ങനെയാണ് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ 'അങ്ങാടി'യില്‍ തൊഴിലാളി നേതാവ് ബാബുവിനെ അവതരിപ്പിക്കാന്‍ ജയന് നറുക്കുവീഴുന്നത്.
 
അങ്ങാടിക്കു വേണ്ടി കോഴിക്കോട് അങ്ങാടിയിലെ ചുമട്ടുതൊഴിലാളികളുമായി ജയന്‍ സൗഹൃദത്തിലായി. ചുമടെടുക്കുന്ന അവരുടെ രീതികളും മറ്റും മനസ്സിലാക്കി. മലയാളത്തിലെ ഒരു വലിയ താരമാണ് താനെന്ന ഭാവം ഒരിക്കലും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ആ ചുമട്ടുതൊഴിലാളികള്‍ക്ക് ജയന്‍ ചേട്ടനും അനിയനുമൊക്കെയായി. അങ്ങാടിയില്‍ ആ കഥാപാത്രം ഉയര്‍ത്തിവിട്ട തരംഗം ഇന്നും അവസാനിച്ചിട്ടില്ലെന്ന് പറയാം. കോഴിക്കോട് എന്നെ ആദരിച്ച 'ഉത്സവം' എന്ന പരിപാടിയില്‍ അങ്ങാടിയിലെ ചില ഭാഗങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. അതില്‍ ജയന്റെ കഥാപാത്രം മുതലാളിയുടെ നേര്‍ക്ക് വിരല്‍ചൂണ്ടി ഇംഗ്ലീഷില്‍ പ്രതികരിക്കുന്ന രംഗം കണ്ട് സദസ്സാകെ ഇളകിമറിഞ്ഞ അനുഭവം മറക്കാനാവില്ല.
 
അങ്ങാടിക്കുശേഷം 'കരിമ്പന'യിലും 'മീനി'ലും ഞാന്‍ അദ്ദേഹത്തിന് ശക്തമായ കഥാപാത്രങ്ങളെ നല്‍കി. കരിമ്പനയുടെ ചിത്രീകരണത്തിന് പന കയറുന്ന ഷോട്ടെടുക്കാന്‍ നേരത്ത് ജയന്‍ പറഞ്ഞു: ''ഡ്യൂപ്പിനെ ഇടേണ്ട. ഞാന്‍ തന്നെ കയറിക്കോളാം.'' ആ പന കയറ്റം കണ്ട് സെറ്റില്‍ എല്ലാവരും അത്ഭുതപ്പെട്ടു. പിന്നീടാണറിഞ്ഞത്, രാത്രികളില്‍ പനകയറ്റക്കാരുടെ സഹായത്തോടെ ജയന്‍ അത് പരിശീലിച്ചിരുന്നു എന്ന്! മീനിന്റെ ചിത്രീകരണത്തിലും വലിയ സാഹസമാണ് അദ്ദേഹം കാണിച്ചത്. കടലില്‍വെച്ച് ഒരു ബോട്ടില്‍നിന്ന് മറ്റൊരു ബോട്ടിലേക്ക് ചാടുന്നതും മറ്റും ഡ്യൂപ്പില്ലാതെ അദ്ദേഹം അഭിനയിച്ചു. കഥാപാത്രത്തിനുവേണ്ടി എന്തു റിസ്‌കും എടുക്കാന്‍ ജയന്‍ തയ്യാറായിരുന്നു. അതൊരു വാശിപോലെയായിരുന്നു. ആ വാശിതന്നെയാണ് അദ്ദേഹത്തെ അകാലമരണത്തില്‍ കൊണ്ടെത്തിച്ചതും.
 
ജയന്റെ ഗാംഭീര്യമുള്ള സംഭാഷണശൈലി തിയേറ്ററുകളെ ഇളക്കിമറിച്ചു. അത് മിമിക്രിക്കാര്‍ ഇന്ന് കാണിക്കുന്നതുപോലെ വികലവും വികൃതവുമായിരുന്നില്ല. കരുത്താര്‍ന്ന ആ അഭിനയശൈലിക്ക് അകമ്പടിയായത് ആ ശബ്ദമായിരുന്നു. മരണശേഷം പുറത്തുവന്ന ചില ചിത്രങ്ങളില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടെ സഹായത്താല്‍ പൂര്‍ത്തീകരിക്കപ്പെട്ട സംഭാഷണങ്ങളാണ് മിമിക്രിക്കാര്‍ അനുകരിച്ചത്.

jayan angadi
ജയൻ അങ്ങാടിയിൽ. ഫോട്ടോ: പി.ഡേവിഡ്

ഗാനരംഗങ്ങളില്‍ ജയന്റെ പെര്‍ഫോമന്‍സ് പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അങ്ങാടിയിലെ 'കണ്ണും കണ്ണും', കരിമ്പനയിലെ 'കൊമ്പില്‍ കിലുക്കുംകെട്ടി' തുടങ്ങി നിരവധി ഗാനങ്ങള്‍ ഉദാഹരണം. മികച്ചൊരു ഗായകന്‍ കൂടിയായിരുന്ന അദ്ദേഹം ഒട്ടേറെ വേദികളില്‍ പാടിയിട്ടുമുണ്ട്. ജീവിച്ചിരുന്നെങ്കില്‍ സിനിമയിലും അദ്ദേഹത്തിന് പാടാന്‍ കഴിയുമായിരുന്നു.

എന്റെയും സീമയുടെയും പ്രണയത്തിന് സിനിമയില്‍നിന്നും ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് നല്കിയത് ജയനായിരുന്നു. ഞങ്ങളുടെ വിവാഹദിവസം വെളുപ്പിനുതന്നെ അദ്ദേഹം എന്റെ വീട്ടിലെത്തി. ചെന്നൈയിലെ മാങ്കോട് ദേവീക്ഷേത്രത്തില്‍വെച്ച് സീമയുടെ കൈപിടിച്ച് എന്നെ ഏല്പിച്ചതും ജയനായിരുന്നു. അച്ഛനോ സഹോദരനോ അമ്മാവനോ ഒക്കെ ചെയ്യേണ്ട കര്‍മം. സഹോദരങ്ങളില്ലാത്ത സീമയ്ക്ക് മൂത്ത ജ്യേഷ്ഠനായിരുന്നു ജയന്‍. ഞങ്ങളുടെ വിവാഹം നടന്ന് രണ്ടുമാസം കഴിഞ്ഞപ്പോഴാണ് ജയന്‍ അപമൃത്യുവിനിരയായത്. പല ദുരന്തങ്ങളെയും അവിശ്വസനീയമെന്ന് നമ്മള്‍ പറയാറുണ്ടല്ലോ. പക്ഷെ, ആ മരണംപോലെ ആ വാക്ക് ഇത്രമേല്‍ അര്‍ഥവത്തായ മറ്റൊരു ദുരന്തം മലയാള സിനിമയില്‍ ഉണ്ടായിക്കാണില്ല. 'തുഷാര'മുള്‍പ്പെടെ പല ചിത്രങ്ങളും ജയനെവെച്ച് ചെയ്യാനുള്ള ആലോചനയിലായിരുന്നു ഞാന്‍.

മദ്രാസിലെ ജനറല്‍ ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ വിറങ്ങലിച്ചു കിടക്കുന്ന ആ മുഖത്തേക്ക് ഒരുവട്ടമേ നോക്കിയുള്ളൂ. ജന്മനാടായ തിരുവനന്തപുരംവരെ മൃതദേഹത്തിനൊപ്പം ഞാനും സഞ്ചരിച്ചിരുന്നു. തിരുവനന്തപുരത്തും കൊല്ലത്തും മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ ഞാന്‍ സീമയോട് ചോദിച്ചു: ''നിനക്ക് കാണണോ?'' കാണേണ്ടെന്നായിരുന്നു സീമ പറയാതെ പറഞ്ഞത്. അത്രമാത്രം വികലമായിരുന്നു അപകടശേഷമുള്ള ആ രൂപം.

വിയോഗത്തിന് 34 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും മനസ്സില്‍ നിറഞ്ഞുനില്ക്കുന്നത് ആ മായാത്ത പുഞ്ചിരിയാണ്. ആദ്യമായി കണ്ടപ്പോള്‍ കൈനീട്ടി 'ജയന്‍' എന്ന് സ്വയം പരിചയപ്പെടുത്തുന്ന ആ ജീവിതദൃശ്യം. കാലമെത്ര കടന്നുപോയാലും ആ ഓര്‍മയ്ക്ക് പ്രായമാകുന്നില്ല, ജയനെപ്പോലെ.

തയ്യാറാക്കിയത്: ഭാനുപ്രകാശ്