ഴുതപ്പെട്ട ചലച്ചിത്രചരിത്രത്തിന്റെ ഏടുകളില്‍ 'കാറ്റുവിതച്ചവന്‍' എന്നൊരു സിനിമ ഐ.വി.ശശി സംവിധാനം ചെയ്തിട്ടില്ല. വിജയനിര്‍മലയും കെ.പി.ഉമ്മറും വേഷമണിഞ്ഞ ആ സിനിമ ഫാദര്‍ സുവിശേഷ മുത്തുവിന്റെ പേരിലാണ് വന്നത്. തൊട്ടുപിറകെ ആ സിനിമയുടെ മികവില്‍ വീണ്ടും ഐ.വി.ശശിക്കൊരു പണികിട്ടി. അതാണ് 'ആദ്യ വനിതാസംവിധായിക'യുടെ ചിത്രമെന്ന ചരിത്രബഹുമതിയുമായി പുറത്തിറങ്ങിയ വിജയനിര്‍മലയുടെ 'കവിത'.

എഴുപതുകളിലെ ദക്ഷിണേന്ത്യയിലെ തിളങ്ങുന്ന താരമായിരുന്ന വിജയനിര്‍മലയുടെ ഒരാഗ്രഹമായിരുന്നു സംവിധായികയാവുകയെന്നത്. അവര്‍തന്നെയായിരുന്നു നിര്‍മാതാവും. നായകന്‍ കെ.പി.ഉമ്മറും. 'കവിത'യുടെ വന്‍വിജയത്തെത്തുടര്‍ന്ന് ആദ്യസംവിധായികയുടെ ഗ്ലാമറിന്റെ ചിറകിലേറിയ വിജയനിര്‍മല ഒരുകാര്യം മറന്നു - സിനിമയുടെ ലാഭത്തില്‍ പാതി അതു ചെയ്തുകൊടുത്ത ഐ.വി.ശശിക്ക് നല്‍കേണ്ടിയിരുന്നു എന്ന വാക്ക്. പക്ഷേ ശശി പതറിയില്ല; അടുത്ത സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടര്‍ന്നു.

1968-ല്‍ ബംഗാളില്‍ വസന്തത്തിന്റെ ഇടിമുഴക്കമുണ്ടായപ്പോള്‍ കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ നിന്ന് മദിരാശിയിലേക്ക് കലാസംവിധായകനാകാന്‍ നാടുവിട്ട ഇരുപ്പം വീട് ശശിധരന്‍ എന്ന ചിത്രകാരന്‍ ഏഴുവര്‍ഷത്തോളമാണ് അന്നത്തെ മലയാളസിനിമയുടെ തറവാടായ കോടമ്പാക്കത്ത് വാക്കിന്റെയും സമയത്തിന്റെയും സിനിമയുടെയും കലയും വിലയും അറിയുവാന്‍ ചെലവഴിച്ചത്. അപൂര്‍ണമായ ആ ആത്മകഥയുടെ ബാക്കിഭാഗങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.


അവളുടെ രാവുകള്‍

മലയാളി മറുനാട്ടിലേക്ക് വന്‍തോതില്‍ പ്രവാസം തുടങ്ങിയ കാലമായിരുന്നു അത്. കോടമ്പാക്കമാകട്ടെ പ്രവാസികളുടെ ഒരഭയകേന്ദ്രമായിരുന്നു. തിരിച്ചുവരാന്‍ വേണ്ടിയായിരുന്നില്ല ആ യാത്രകള്‍ -പിടിച്ചുനില്‍ക്കാന്‍ വേണ്ടിയായിരുന്നു. രാജ്യം പതുക്കെ അടിയന്തരാവസ്ഥയിലേക്ക് പിച്ചവെക്കുന്ന കാലം. പ്രേം നസീറും മധുവുമൊക്കെ കത്തിനില്‍ക്കുകയാണ്. താരതീയതികള്‍ അന്നും പ്രശ്‌നം തന്നെയാണ്. അവിടെയാണ് കാറ്റുവിതച്ചവനും 'കവിത'യുമെഴുതിയ, സത്യനെവെച്ച് 'കളിപ്പാവ' എഴുതി ഹിറ്റാക്കിയ ആലപ്പി ഷെരീഫ് എന്ന എഴുത്തുകാരന്‍ ഒരു വഴികാട്ടിയായി 'ഉത്സവ'ത്തിന്റെ രൂപത്തില്‍ ഐ.വി.ശശി എന്ന സംവിധായകന് മലയാള സിനിമയുടെ ഗതി തിരിച്ചുവിടുന്നൊരു കൂട്ടുകെട്ടിന് തുടക്കമിട്ടുകൊടുക്കുന്നത്.

ഭാവിയുടെ പ്രമേയം കാലത്തിനുമുമ്പേ അവതരിപ്പിച്ച ചിത്രമായിരുന്നു 'ഉത്സവം'. കുടിവെള്ളത്തിനുവേണ്ടിയുള്ള രണ്ടു കരക്കാരുടെ പോരാട്ടങ്ങള്‍ക്കിടയില്‍ ഒരു ദേശത്തിന്റെ കഥ പറയുകയായിരുന്നു ശശിയും ഷെറീഫും. ഉമ്മര്‍ നായകനായി. രാഘവനും വിന്‍സന്റും ശ്രീവിദ്യയും റാണിചന്ദ്രയുമൊക്കെ 'ഉത്സവ'ത്തില്‍ അണിനിരന്നു. പ്രേംനസീര്‍കാല സിനിമകളുടെ ചേരുവകളൊന്നുമില്ലാതെ കറുപ്പിലും വെളുപ്പിലും കഥ പറഞ്ഞ 'ഉത്സവം' എഴുപതുകളിലെ ന്യൂജനറേഷന്‍ തരംഗത്തിന് തുടക്കമിടുകയായിരുന്നു. ആ പരിണാമത്തിന്റെ തുടര്‍ച്ചയായിട്ടാണ് പിന്നീടൊരിക്കലും ആവര്‍ത്തിക്കാനാവാത്ത 'അവളുടെ രാവുകള്‍' ഐ.വി.ശശിയും ഷെരീഫുംകൂടി സൃഷ്ടിച്ചത്. ഒരു ലൈംഗികത്തൊഴിലാളിയുടെ ജീവിതം അതിനുമുമ്പും പിമ്പും അത്രയും സമഗ്രമായി ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല. പുരസ്‌കാരങ്ങളുടെ ചരിത്രത്തില്‍ അത് എണ്ണപ്പെട്ടിട്ടില്ലെങ്കിലും ജനസമൂഹം അത് ഹൃദയത്തിലേറ്റി. 1978-ലായിരുന്നു ആ വിസ്മയചിത്രത്തിന്റെ പിറവി.

നല്ല സിനിമയെ സ്‌നേഹിച്ച മുരളി മൂവീസ് രാമചന്ദ്രന്‍ എന്ന നിര്‍മാതാവുമായുള്ള കോഴിക്കോടന്‍ സൗഹൃദമായിരുന്നു ഈ കൂട്ടുകെട്ടിന്റെ അടിത്തറ. ഉത്സവം, അനുഭവം, ആലിംഗനം, അംഗീകാരം, അവളുടെ രാവുകള്‍, ഊഞ്ഞാല്‍ എന്നീ സിനിമകളൊക്കെ നിര്‍മിച്ചത് രാമചന്ദ്രനായിരുന്നു. പിന്നീട് ദാമോദരന്‍ മാഷുമായുള്ള കൂട്ടുകെട്ടിന് തുടക്കമിട്ട ആറാട്ടും മുരളി മൂവീസ് നിര്‍മിച്ചു.


ഇതാ ഇവിടെ വരെ1977-'അവളുടെരാവുകള്‍' പിറക്കുന്നതിനും മുമ്പ്. രാജ്യം അടിയന്തരാവസ്ഥ വിട്ടൊഴിയുകയാണ്. പകയുടെ വന്യമായ സൗന്ദര്യവും രതിയുടെ ആക്രമണോത്സുകവുമായ കെട്ടഴിച്ചുവിടലുംകൊണ്ട് മലയാള സിനിമയെ പിടിച്ചുകുലുക്കിയുണര്‍ത്തി 'ഇതാ ഇവിടെവരെ'യുമായി ഐ.വി.ശശി പുതിയ തരംഗത്തിന് തുടക്കമിട്ടു. 'പ്രയാണ'ത്തിലൂടെ മധ്യവര്‍ത്തി സിനിമയുടെ സൗന്ദര്യമായി മാറിയ പത്മരാജന്‍ എന്ന എഴുത്തുകാരനെ മുഖ്യധാരയുടെ നെറുകയിലെത്തിച്ച ചിത്രമായിരുന്നു അത്.

സത്യന്റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെട്ട എം.ജി.സോമന്റെ പരുക്കന്‍ താരോദയവും മധുവിന്റെ അന്നുവരെ കാണാത്ത ഭാവപ്പകര്‍ച്ചയും മലയാള സിനിമ കണ്ടു. ഒപ്പം അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയുടെ ചട്ടക്കൂട് ലംഘിച്ച് സ്വാതന്ത്ര്യത്തിന്റെ വിമോചനതൃഷ്ണകള്‍ വെള്ളിത്തിരയിലേക്ക് പ്രസരിപ്പിച്ച് ജയഭാരതി എന്ന നടി നായികയുടെ കുലശ്രീ പദവിയുടച്ചുകളഞ്ഞ് ചരിത്രം സൃഷ്ടിച്ച സിനിമകൂടിയായിരുന്നു അത്. നായകനെയും നായികയേയുമൊക്കെ നന്മയുടെ മാത്രം പ്രതീകമായി കണ്ടുകൊണ്ടിരുന്ന കഥാപാത്ര സങ്കല്പം പൊളിച്ചെഴുതിയാണ് പത്മരാജന്‍ ശശിയുടെയും മലയാള സിനിമയുടെയും പ്രിയ എഴുത്തുകാരനായി മാറിയത്.

ഈ നാട്

ദേശത്തിന്റെയും നഗരത്തിന്റെയും ഉള്ളറകള്‍ തുറന്ന് വ്യക്തിബന്ധങ്ങളുടെ സൂക്ഷമതലങ്ങള്‍ വെള്ളിത്തിരയിലെഴുതിയ സിനിമകളില്‍നിന്നും ഈ നാടിന്റെ ചരിത്രമെഴുതുന്നതിലേക്ക് ഐ.വി.ശശിയുടെ സിനിമ ചുവടുമാറുന്നത് കോഴിക്കോട്ടങ്ങാടിയുടെ കഥ പറഞ്ഞ 'അങ്ങാടി'യിലൂടെയാണ്. ജയന്റെ താരോദയം അവിടെ കണ്ടു. എന്നാല്‍ മലയാളസിനിമ രാഷ്ട്രീയം സംസാരിക്കാന്‍ പ്രായപൂര്‍ത്തി നേടുന്നത് 'ഈ നാടി'ലൂടെയാണ്. 1982-ല്‍. അടിയന്തരാവസ്ഥക്കാലം മുതല്‍ രാഷ്ട്രീയത്തില്‍ നിന്നും ഒളിച്ചോടിയ മലയാള സിനിമ നീണ്ടനാളത്തെ ഉറക്കം വിട്ടുണരുകയായിരുന്നു അപ്പോള്‍.

ഒരു മലയാള സിനിമ റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം 125 ദിവസം പിന്നിടുകയെന്ന ചരിത്രവും ആദ്യമായി 'ഈ നാട്' സൃഷ്ടിച്ചു. 'ആറാട്ടി'ല്‍ തുടങ്ങി 'തുഷാരം', 'അഹിംസ' എന്നീ സിനിമകളിലൂടെ വളര്‍ന്ന 'ഐ.വി.ശശി-ടി.ദാമോദരന്‍' കൂട്ടുകെട്ട് രാഷ്ട്രീയ പക്വത നേടിയത് അതിലൂടെയായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ, ഇനിയെങ്കിലും ആവനാഴി, വാര്‍ത്ത, അടിമകള്‍ ഉടമകള്‍ തുടങ്ങി 100 ദിവസം പിന്നിട്ട 32-ഓളം സിനിമകള്‍ അങ്ങനെ പുതിയ ചരിത്രമെഴുതി. '1921'-ല്‍ ആ കൂട്ടുകെട്ട് ചരിത്രത്തെ വെള്ളിത്തിരയുടെ ചലനബിംബമാക്കിമാറ്റി. എണ്‍പതുകളുടെ ഈ രാഷ്ട്രീയതരംഗം പില്‍ക്കാല രാഷ്ട്രീയ സിനിമകള്‍ക്ക് ആവര്‍ത്തിക്കാനായില്ല.

ആള്‍ക്കൂട്ടത്തില്‍ തനിയെ

ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്ക് പിറകിലെ ചരിത്രം ചികഞ്ഞുകൊണ്ടിരിക്കുമ്പോഴും ഒറ്റപ്പെട്ടു മേയുന്നവരുടെ ഉള്‍ക്കാമ്പ് പുറത്തെടുക്കുന്ന വിദ്യ ഐ.വി.ശശി മറന്നതേയില്ല. അത് പുതിയ ദിശയിലേക്ക് വളരുന്നത് എം.ടി.വാസുദേവന്‍നായരുമായുള്ള കൂട്ടുകെട്ടിലൂടെയാണ്. 1981-ല്‍ 'തൃഷ്ണ'യിലൂടെ തുടക്കമിട്ട ഈ ധാര 'ആരൂഢം', 'ഉയരങ്ങളില്‍' എന്നീ സിനിമകള്‍ക്കുശേഷം 1984-ല്‍ 'ആള്‍ക്കൂട്ടത്തില്‍ തനിയെ'യിലെത്തിയപ്പോള്‍ അത് മുഖ്യധാരയ്ക്ക് വേറിട്ട അനുഭവമായി മാറുകയായിരുന്നു. മരണം കാത്തിരിക്കുന്നതിന്റെ തീക്ഷ്ണതകളും വ്യക്തിബന്ധങ്ങളിലെ ശൈഥില്യവുമൊക്കെ അതാവിഷ്‌കരിച്ചു. വലിയ തറവാടുകളുടെ അന്തഃഛിദ്രങ്ങളുടെ പശ്ചാത്തലത്തില്‍ ഒറ്റപ്പെട്ടുപോകുന്നവരുടെ വേദനകളിലൂടെ ഐ.വി.ശശി-എം.ടി കൂട്ടുകെട്ട് മുഖ്യധാരയുടെ ഭാവുകത്വം പുതുക്കിപ്പണിതു.


ശ്രീകുമാരന്‍ തമ്പിയുടെ അക്ഷരത്തെറ്റ്, ജോണ്‍ പോളിന്റെ ഇണ, അതിരാത്രം, ലോഹിതദാസിന്റെ മൃഗയ, രഞ്ജിത്തിന്റെ നീലഗിരി, ദേവാസുരം, ഡെന്നീസ് ജോസഫും രഘുനാഥ് പാലേരിയും ഒന്നിച്ച അര്‍ത്ഥന, ബാബു ജനാര്‍ദ്ദനന്റെ വര്‍ണപ്പകിട്ട്, അനുഭൂതി തുടങ്ങിയ നിരവധി ചിത്രങ്ങള്‍ ഐ.വി. ശശിയുടെ തൊപ്പിയിലെ തൂവലുകളായുണ്ട്. സിനിമയുടെ ചരിത്രത്തില്‍ വകയിരുത്താവുന്ന എന്തെങ്കിലുമില്ലാത്ത ഒരു സിനിമയും ഐ.വി. ശശി ചെയ്തിട്ടില്ല. താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും നീണ്ട നിരതന്നെ ആ സിനിമകളില്‍ നിന്നുണ്ടായി. കമല്‍ഹാസനും ശ്രീദേവിയുമൊക്കെ ഇന്ത്യന്‍ സിനിമയിലെ സുവര്‍ണതാരങ്ങളായി.

നമ്മുടെ ചലച്ചിത്ര അക്കാദമി ചെയര്‍മാനും ബോളിവുഡിലെ ഏറ്റവും വലിയ മലയാളി സാന്നിധ്യവുമായ പ്രിയദര്‍ശന്‍ ഐ.വി. ശശി സ്‌കൂളില്‍ പഠിച്ചിറങ്ങിയതാണ്. കോഴിക്കോടിന്റെ സ്വന്തം സംവിധായകരായ ഷാജൂണ്‍ കാര്യാലും ജോമോനും ആ നിരയിലുണ്ട്. കമലഹാസനെയും രജനികാന്തിനെയും ഒരുമിച്ച് 'അലാവുദ്ദീനും അത്ഭുതവിളക്കി'ലൂടെ മലയാളത്തിലേക്ക് കൊണ്ടുവന്നു. കമലഹാസനെ വെച്ചെടുത്ത 'ഗുരു' (1980) തമിഴില്‍ 365 ദിവസം നിര്‍ത്താതെ പ്രദര്‍ശിപ്പിച്ചതോടെയാണ് കമല്‍ തമിഴ്മണ്ണില്‍ വേരുറപ്പിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ആ പ്രസ്ഥാനത്തില്‍ മൂന്നുപതിറ്റാണ്ട് പിന്നിട്ടിട്ടും കത്തിനില്‍ക്കുന്നു. രണ്ടുപതിറ്റാണ്ട് നായികയായിനിന്ന സഹയാത്രിക സീമ ഇന്നും വെള്ളിത്തിരയില്‍ സാന്നിധ്യമറിയിക്കുന്നു.

വൈകിയെത്തുന്ന ആദരവ്

പല ഉയര്‍ച്ചകളെയും കണ്ടില്ലെന്ന് നടിക്കുന്നതില്‍ അസാധാരണമായൊരു കഴിവുണ്ട് മലയാളിക്ക് - തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രം ആള്‍ക്കൂട്ടത്തില്‍നിന്നും കാണുന്നതുപോലെ. മറ്റുള്ളവരുടെ സന്തോഷത്തേക്കാള്‍ വീഴ്ചകളോടൊപ്പം നില്ക്കാനാണ് പലപ്പോഴും മലയാളി വ്യഗ്രതകാട്ടാറ്. എങ്കിലും 45 വര്‍ഷം വൈകിയെത്തുന്ന ഈ ആദരവില്‍ 'വ്യത്യസ്തനായൊരു ബാര്‍ബറാം ബാലനെ' വൈകി തിരിച്ചറിയുന്ന കോഴിക്കോടിന്റെ നന്മയാണുള്ളത്. ഐ.വി. ശശിക്ക് ഖേദിക്കാനില്ല. 150-ല്‍ 100 സിനിമകളെയും 100 ദിവസം കളിപ്പിച്ച ആ മാജിക് ഇനി സിനിമയുടെ ചരിത്രത്തില്‍ ആവര്‍ത്തിക്കപ്പെടുമെന്നുതോന്നുന്നില്ല.

കഴിഞ്ഞ 45 വര്‍ഷമായി ഒരു ഐ.വി. ശശി സിനിമയോ ആ സിനിമയിലെ ഒരു പാട്ടോ കാണുകയോ കേള്‍ക്കുകയോ മൂളുകയോ ചെയ്യാത്ത ഒരു ദിവസവും മലയാളത്തില്‍ പുലര്‍ന്നുകാണില്ല. വലിയ പുരസ്‌കാരങ്ങള്‍ ആ മനുഷ്യനെ ഇന്നുവരെ തേടിയെത്തിയിട്ടില്ല. പത്മശ്രീകള്‍ ശശിയുടെ സൃഷ്ടികളില്‍ ഇന്നെത്രവേണമെങ്കിലുമുണ്ട്. പക്ഷേ, ഐ.വി.ശശിക്ക് അത് നല്‍കാന്‍വേണ്ടിയുള്ള ശുപാര്‍ശ ഇന്നുവരെയും കേന്ദ്രത്തിലേക്കയയ്ക്കണമെന്ന് ഇക്കഴിഞ്ഞ 45 വര്‍ഷം ഇവിടെ മാറിമാറി ഭരിച്ച ഒരു സര്‍ക്കാറിനും തോന്നിപ്പോയില്ല. തിരിഞ്ഞുനോക്കിയാല്‍ അതിന് കാരണവുമുണ്ട്. അത് രാഷ്ട്രീയം തന്നെയാണ്. കത്തിനിന്ന കാലത്ത് നമ്മുടെ ഇടതും വലതും നില്ക്കുന്ന രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളെയും പാര്‍ട്ടികളെയുമൊക്കെ സ്വന്തം സിനിമകള്‍കൊണ്ട് ശശി വിചാരണചെയ്തിട്ടുണ്ട്. മുറിവേല്പിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ പതുങ്ങിനിന്നതില്‍ വിസ്മയിക്കാനൊന്നുമില്ല.

ഈ നാടിന്റെ കാറ്റ് സിനിമകളില്‍ വിതച്ചവന്‍, കൊടുങ്കാറ്റ് കൊയ്യുകതന്നെ ചെയ്തിട്ടുണ്ട്. അതാര്‍ക്കും പകരംവെക്കാനായിട്ടില്ല. പക്ഷേ എല്ലാ ആദരവുകളും അദ്ദേഹത്തെ തേടിയെത്തിയത് കാലം തെറ്റിച്ചാണ്. ഒരുപക്ഷേ, അതിത്തിരി നേരത്തേയായിരുന്നെങ്കില്‍ മലയാളസിനിമ ഇല്ലാതായിട്ടും ഐ.വി. ശശി ഒരു പ്രവാസിയായി കോടമ്പാക്കത്ത് തുടരുമായിരുന്നില്ല. ജന്മനാട്ടില്‍ ഒരു വീടുവെച്ചേനേ. അത് കോഴിക്കോടന്‍ സിനിമയുടെയും കോഴിക്കോടിന്റെയും വലിയ നഷ്ടം.

(2013ല്‍ ചിത്രഭൂമിയില്‍ പ്രസിദ്ധീകരിച്ചത്)