സ്വപ്നങ്ങൾ പൊലിയുന്നത് ഇങ്ങനെയാകാതിരുന്നെങ്കിൽ എന്ന് നിനച്ചുപോകുന്ന നിമിഷങ്ങളുണ്ടാകും, സിനിമയിലെന്നപോലെ  ജീവിതത്തിലും. ആകസ്മികതകൾ പൊടുന്നനെ മരണമായിവന്ന് എല്ലാം മായ്ച്ചു കളയുന്ന ക്ലൈമാക്‌സുകൾ. ഒരു തിരിച്ചുവരവ് എന്ന സ്വപ്നം ആയുധമാക്കി കഴിഞ്ഞ അഞ്ചുവർഷം മരണത്തോട് പൊരുതിനിന്നശേഷം വലിയ ഒരു തിരിച്ചുവരവിന്റെ മുനമ്പിൽനിന്നും ഐ.വി. ശശി എന്ന സംവിധായകനെ മരണം സ്വന്തമാക്കിയ വിധം തീരാത്ത ഖേദത്തോടെയേ ഓർക്കാനാവൂ.

1975-ൽ പ്രേംനസീറും മധുവുമൊക്കെ കത്തിനിൽക്കുന്ന കാലത്ത്  അന്നത്തെ വില്ലനായിരുന്ന ഉമ്മറിനെ നായകനാക്കി ബ്ലാക്ക് ആന്റ് വൈറ്റിൽ രചിച്ച ഉത്സവം ഞങ്ങളുടെ തലമുറയിൽ സൃഷ്ടിച്ച ആഘാതം നായകനെവിട്ട് സംവിധായകനെ പിന്തുടരാൻ പ്രേരിപ്പിക്കുന്നതായിരുന്നു. അതായിരുന്നു മലയാള സിനിമയെ അടിമുടി നവീകരിച്ച യഥാർഥ ന്യൂ ജനറേഷൻ വിപ്ലവത്തിന്റെ തുടക്കം. ഒരു കാണിയെന്ന നിലയ്ക്ക് ഉത്സവം മുതൽ തുടങ്ങിയ ഈ ബന്ധം 1978-ൽ അവളുടെ രാവുകളും 1980-ൽ അങ്ങാടിയും 1981-ൽ അഹിംസയും 1982-ൽ ഈനാടും, ഇന്നല്ലെങ്കിൽ നാളെയും 1983-ൽ ഇനിയെങ്കിലും 1986-ൽ വാർത്ത, ആവനാഴി 1987-ൽ അടിമകൾ ഉടമകൾ 1988-ൽ 1921, അബ്കാരി,  1990-ൽ അർഹത വരെ നീണ്ടു. മലയാള സിനിമ ഏകപക്ഷീയമായി നായകന്റെ കൈപ്പിടിയിലല്ലാതിരുന്ന ബഹുസ്വരതയുടെ കാലമായിരുന്നു അത്. ഐ.വി. ശശി-ടി. ദാമോദരൻ ടീം മലയാള സിനിമയുടെ വെള്ളിത്തിരയെ രാഷ്ട്രീയം സംസാരിപ്പിച്ച കാലം. അർഹതയിൽ അതവസാനിക്കുന്നു. അതിനു ശേഷവും ഐ.വി.ശശി രാഷ്ട്രീയസിനിമകളെടുത്തിട്ടുണ്ടെങ്കിലും അതൊക്കെ എൺപതുകളിൽ അദ്ദേഹംതന്നെ സൃഷ്ടിച്ച, കൃത്യമായി രാഷ്ട്രീയം പറയുന്ന പലസ്വരങ്ങളുള്ള സിനിമകളുമായി തട്ടിച്ചു നോക്കുമ്പോൾ ആത്മാവ് നഷ്ടപ്പെട്ട നായകക്കാഴ്ചകളായിരുന്നു. 
   
1991 എന്നത് ആ അർഥത്തിൽ സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങൾ പിടിമുറുക്കിയ കാലമാണ്.  ഉദാരവൽക്കരണം വന്നു. സിനിമയുടെ ഉള്ളടക്കത്തിൽ മൂലധനം പിടിമുറുക്കി. ബഹുസ്വരതയ്ക്ക് പകരം  വെള്ളിത്തിരയിൽ ഒറ്റ നായകന്റെ ആധിപത്യം വന്നു. ഇൻസ്‌പെക്ടർ ബൽറാം (1991) മുതൽ ഐ.വി.ശശി സിനിമകളും ഒറ്റ നായകന്റേതായി, ഏകസ്വരതയുടേതായി. അതൊരു വഴിത്തിരിവായിരുന്നു. സിനിമയിലെ അധികാരവ്യവസ്ഥയുടെ ചുവടുമാറ്റം. ഒടുവിൽ ഇനി അധിക നാളുകളില്ലെന്ന് ലോകം അടക്കിപ്പിടിച്ചു സംസാരിച്ച കാലത്തും ഐ.വി. ശശി  ഒരു സ്വപ്നത്തെ പിന്തുടർന്ന്  നടക്കുകയായിരുന്നു.  കോഴിക്കോട്ടെ പൗരാവലി മമ്മൂട്ടിയെയും മോഹൻലാലിനെയും കമൽഹാസനെയും സാക്ഷിനിർത്തി അദ്ദേഹത്തെ ആദരിച്ച കാലത്ത് ദാമോദരൻ മാഷ് എഴുതിക്കൊടുത്ത അവസാനത്തെ തിരക്കഥ സിനിമയാക്കാൻ വഴി തേടുകയായിരുന്നു ഐ.വി. ശശി. കോഴിക്കോട്ടെ സ്വപ്നനഗരിയിൽ ജനാവലിയുടെ ആദരവേറ്റു വാങ്ങവേ, ഇനിയും ഒരു ഐ.വി.ശശി ചിത്രത്തിലേക്ക് അഭിനയിക്കാൻ വിളിക്കുന്നതും കാത്തിരിക്കുകയാണ് തങ്ങളെന്ന് അവരെ താരപദവിയിലേക്കെത്തിച്ച  സംവിധായകന്റെ മുഖത്ത് നോക്കി പറഞ്ഞ താരനായകന്മാരുടെ  വാക്കുകളിൽ പിടിച്ച് ആ സ്വപ്നത്തിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു.  മമ്മൂട്ടിയോ മോഹൻലാലോ നായകൻ എന്ന് ചോദിച്ചവരോട് ചിലപ്പോൾ രണ്ടു പേരുമുണ്ടാകും എന്നും പറഞ്ഞു ആ ആവേശത്തിൽ. എന്നാൽ അതൊന്നും മാറിയ സിനിമയിൽ നടപ്പുള്ള കാര്യമായിരുന്നില്ല.

i.v.sasi
ഫോട്ടോ: മധുരാജ്

മാറ്റിവയ്ക്കാൻ തയ്യാറില്ലാത്ത സ്വപ്നങ്ങൾ ഐ.വി. ശശി എന്ന പോരാളിക്ക്  ജീവിതം നീട്ടി നൽകുകയായിരുന്നു. പിന്നിട്ട അഞ്ചു വർഷവും ഒരു ദിവസംപോലും സിനിമയിൽനിന്നു വിട്ടുനിൽക്കാതെ സിനിമയെ പിന്തുടർന്നുകൊണ്ടേയിരുന്നു അദ്ദേഹം. എത്രയോ സ്വപ്നപദ്ധതികൾ കടലാസിൽ നെയ്തുകൂട്ടി. എങ്കിലും  ഓരോ സിനിമ നാട്ടിൽ റിലീസാകുമ്പോഴും ആദ്യ ദിവസം തന്നെ അതിന്റെ റിപ്പോർട്ട് അറിയാൻ വിളിക്കുകയെന്ന ശീലം മരിക്കുന്നതുവരെയും മുടക്കിയതേയില്ല. നല്ലതായിട്ടും എന്തുകൊണ്ട് ഒരു സിനിമയ്ക്ക് ആള് കയറുന്നില്ല എന്നും ഒന്നിനും കൊള്ളില്ല എന്നറിഞ്ഞിട്ടും എന്തുകൊണ്ട് കാണുന്നു എന്നും അന്വേഷിച്ചു കൊണ്ടേയിരുന്നു. അവസാനം ഗൾഫ് യുദ്ധം വെള്ളിത്തിരയിലെത്തിക്കുന്ന ഒരു ബൃഹത്‌സിനിമ കരയ്ക്കടുപ്പിച്ചു എന്ന് തോന്നിപ്പിച്ച വേളയിലാണ് ഒരു ആന്റി ക്ലൈമാക്‌സ് പോലെ മരണമെത്തി ആ  സ്വപ്നത്തെ മുറിച്ചിട്ടത്. അത്  മലയാള സിനിമയുടെ വലിയ തീരാനഷ്ടം.
എൺപതുകളുടെ അന്ത്യത്തോടെ മലയാളസിനിമ പൊതുവിൽ ചെന്നൈയിൽനിന്നു മടങ്ങിയിട്ടും അവിടെനിന്നു മടങ്ങാതെനിന്ന  അപൂർവം സംവിധായകരിൽ ഒരാളായിരുന്നു ഐ.വി. ശശി. എന്നാൽ ചെന്നൈയിൽ ജീവിതം തുടർന്ന  അദ്ദേഹത്തിന്റെ സിനിമയുടെ പ്രിയപ്പെട്ട നഗരം എന്നും കോഴിക്കോട് തന്നെയായിരുന്നു, ആ സിനിമകളുടെയും.  കല്ലായിപ്പുഴയുടെയും അറബിക്കടലിന്റെയും ഓരത്തുള്ള ഒരു വലിയ കരയാണ് ഐ.വി. ശശിയുടെ കോഴിക്കോട്. 

പി. കൃഷ്ണപ്പിള്ളയെപ്പോലുള്ള കമ്മ്യൂണിസ്റ്റ് ആചാര്യന്മാർമുതൽ അങ്ങാടിയിലെ സാധരണക്കാരായ ചുമടെടുപ്പുകാർ വരെയുള്ള സഖാക്കൾ  പൊരുതിയതെന്തിനായിരുന്നു എന്ന് ഓർമപ്പെടുത്തുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ സിനിമകൾ നിർവഹിച്ച ദൗത്യം.  അത് വിമർശിച്ചത് ഒരേ സമയം ഇടതും വലതുമുള്ള രാഷ്ട്രീയ അപചയങ്ങളെയായിരുന്നു. അതാണ് ഒരേ സമയം ഇരുപക്ഷത്തോടും ഐ.വി. ശശി ചെയ്ത 'കുറ്റം'. ഇങ്ങനെ ഇരുകൂട്ടരുടെയും മുഖംമൂടി വലിച്ചു ചീന്തുന്ന  രാഷ്ട്രീയം സംസാരിച്ചു എന്നതുകൊണ്ട് തന്നെ ഒരേ സമയം ഇരുപക്ഷത്തുനിന്നുള്ള തിരസ്‌കാരങ്ങൾക്ക് ഒരേ സമയത്ത് വിധേയനായെങ്കിലും വിട്ടുവീഴ്ചയില്ലാത്ത ആ നിലപാട് തന്നെയാണ് അദ്ദേഹത്തെ സിനിമയുടെ ചരിത്രത്തിൽ പ്രസക്തനാക്കുന്നതും.

ഈനാട് പോലൊരു രാഷ്ട്രീയ സിനിമ ഇവിടെ ചെയ്തതെന്ന് നമ്മുടെ അക്കാദമിക് നിരൂപകലോകം ശ്രദ്ധിക്കുന്നത് മമ്മൂട്ടി അഭിനയ ജീവിതത്തിന്റെ 25 വർഷം തികച്ചപ്പോഴാണ്. മമ്മൂട്ടിയെ ആഘോഷിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കവർ സ്‌റ്റോറിയിൽ  ഈനാട് എന്ന സിനിമ മമ്മൂട്ടിയുടെ മാത്രമല്ല കേരളത്തെ വെള്ളിത്തിരയിൽ  രേഖപ്പെടുത്തിയതിന്റെ  രാഷ്ട്രീയ പ്രാധാന്യത്തെയാണ് ഓർമപ്പെടുത്തിയത്.
 
അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള കേരളത്തിന്റെ രാഷ്ട്രീയ ഉണർച്ചകൾ കൂടിയായിരുന്നു ഐ.വി. ശശിയുടെ രാഷ്ട്രീയ സിനിമകൾ. അഞ്ചംഗ ജൂറിക്ക് മുന്നിൽ ഒരു സിനിമ നേടുന്ന അംഗീകാരമാണ് പുരസ്‌കാരങ്ങളുടെ ചരിത്രം പറയുന്നത്. എന്നാൽ രാഷ്ടീയവും സാമൂഹിക യാഥാർഥ്യങ്ങളും പറഞ്ഞുകൊണ്ട് ജനലക്ഷങ്ങളുടെ അംഗീകാരം എങ്ങനെ നേടിയെടുക്കാം എന്നതിന്റെ കയ്യടക്കമാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. അതൊന്നു വേറെത്തന്നെയായിരുന്നു, തനതായിരുന്നു. 

i.v.sasi
ഫോട്ടോ: മധുരാജ്

പല തരം സിനിമകളുണ്ട്. അതുകൊണ്ട് ഐ.വി. ശശിയും പലതരം സിനിമകൾ ചെയ്തു. കുടിവെള്ളം പ്രശ്‌നവിഷയമാക്കിയ ഉത്സവത്തിൽ ഐ.വി. ശശിയുടെ ചലച്ചിത്രജീവിതം തുടക്കമിട്ടത് ഷെരീഫിനൊപ്പമായിരുന്നു. ഫെരീഫിന്റെ തന്നെ അവളുടെ രാവുകളിൽ  ലൈംഗികത്തൊഴിലാളിയുടെ ജീവിതകഥ പറഞ്ഞ് നമ്മുടെ വെള്ളിത്തിരയ്ക്ക് അദ്ദേഹം എക്കാലത്തെയും വലിയ ഷോക്ക് നൽകി. അനുഭവം, ആലിംഗനം, അയൽക്കാരി, അഭിനന്ദനം, ആശിർവാദം, അഞ്ജലി, അകലെ ആകാശം, അംഗീകാരം  തുടങ്ങി നിരവധി സിനിമകൾ ഈ കൂട്ടുകെട്ടിൽ പിറന്നു. ഇതാ ഒരു മനുഷ്യൻ, അപാരത തുടങ്ങിയവ ശ്രീകുമാരൻ തമ്പിയോടൊപ്പം ചെയ്തു.  ഇതാ ഇവിടെ വരെ, കാണാമറയത്ത്, വാടകയ്ക്ക് ഒരു ഹൃദയം, കരിമ്പിൻ പൂവിനക്കരെ തുടങ്ങിയ ശശിച്ചിത്രങ്ങളിലൂടെയാണ് പത്മരാജൻ മലയാള സിനിമയുടെ മുഖ്യധാരയുടെ അവിഭാജ്യഭാഗമായത്.  അതിരാത്രം, ഇണ, കൂടണയും കാറ്റ്, വെള്ളത്തൂവൽ തുടങ്ങി നിരവധി ചിത്രങ്ങൾ ജോൺ പോളുമായി ചേർന്നുണ്ടായി. അത് പോലെ മൃഗയയിലൂടെ ലോഹിതദാസിന്റെ രചനയുടെ വേറിട്ട വഴി വെട്ടിത്തുറന്നു.  തൃഷ്ണ, അക്ഷരങ്ങൾ, ഉയരങ്ങളിൽ, ആരൂഢം, ആൾക്കൂട്ടത്തിൽ തനിയെ, രംഗം തുടങ്ങിയ സിനിമകളിലൂടെ എം.ടി.യുടെ രചനകൾക്ക് വെള്ളിത്തിരയുടെ സൗന്ദര്യം പകർന്നു. നീലഗിരി, ദേവാസുരം എന്നീ സിനിമകളിലൂടെ രഞ്ജിത്തിനൊപ്പവും അർത്ഥനയിലൂടെ രഘുനാഥ് പലേരിയൊടൊപ്പവും അനുഭൂതി, വർണ്ണപ്പകിട്ട് എന്നീ ചിത്രങ്ങളിലൂടെ ബാബു ജനാർദ്ദനോടൊപ്പവും വ്യത്യസ്തമായ ധാരകളിൽ ശശി സിനിമകളുണ്ടായി. എല്ലാംകൂടി ഹിന്ദിയടക്കം പല ഭാഷകളിലായി 150-ലേറെ സിനിമകൾ! മറ്റൊരു സംവിധായകനും ഇനി എത്തിപ്പിടിക്കാനാവാത്തത്ര ഉയരത്തിൽ.

ഇതിൽ ഒരു ധാരയ്‌ക്കൊഴിച്ച് മറ്റെല്ലാത്തരം സിനിമകൾക്കും പിന്തുടർച്ചകളുണ്ടായിട്ടുണ്ട്. ഐ.വി. ശശി എന്ന സംവിധായകന്റെ  തനതായ ധാര  രാഷ്ട്രീയസിനിമയുടേതാണ്. മറ്റാർക്കും ആവർത്തിക്കാനോ അനുകരിക്കാനോ ആകാത്ത ചരിത്രമാണത്. പറിച്ചുനടാനാകാത്ത ഞാറ്റുവേല.

മലയാള സിനിമയിൽ ജീവിതം എന്നാൽ കല്ലായിപ്പുഴയുടെ തീരത്തും അറബിക്കടലിന്റെ ഓരത്തുമുള്ള മലയാളികളുടേതുകൂടിയാണെന്നും അവർക്കും രാഷ്ട്രീയമുണ്ടെന്നും നമ്മുടെ വെളളിത്തിരയിൽ എഴുതിയത് ഐ.വി. ശശി സിനിമകളാണ്. ഓരങ്ങളിലേക്ക് പുറന്തള്ളപ്പെട്ടവർ അവിടെ നായകന്മാരായി. അതിന്റെ വിലയറിയാൻ ഒരു വഴിയേ ഉള്ളൂ. ഐ.വി. ശശിയെ പിന്തുടർന്ന് മലയാളത്തിൽ എടുക്കപ്പെട്ട ബഹുസ്വര രാഷ്ട്രീയ സിനിമകൾ പറഞ്ഞതെന്തെന്ന് മാത്രം പരിശോധിക്കുക. 
ഒറ്റനായകൻ അധികാരിയായ, പണം ദൈവമായ, അധികാരം പ്രാർഥനയായ കാലത്ത് മുഖ്യധാരയിലെ പിൽക്കാല സിനിമകൾ സംസാരിക്കുന്നതുതന്നെ പണത്തിന്റെയും അധികാരത്തിന്റെയും ഏകസ്വര ഭാഷയിലാണ്. അതൊരു ദുരന്തദൃഷ്ടാന്തമായി  എത്രയോ സിനിമകൾ 90-കൾക്കുശേഷം നാം കണ്ടു. 2006-ൽ ഐ.വി. ശശിക്കുതന്നെയും ബൽറാം വെഴ്‌സസ് താരാദാസ് പോലൊരു ദുരന്തം  സൃഷ്ടിക്കേണ്ടി വന്നു. അതിൽ പിന്നീട്  ഒരു ദശകത്തോളം  പിറക്കാത്ത  സ്വപ്നത്തിന് പിറകെ ആ മഹാനായ സംവിധായകന് നിരന്തരം  ഓടേണ്ടി വന്നിട്ടുണ്ടെങ്കിൽ അതിന്റെ കാരണം തൊണ്ണൂറുകളോടെ  മാറിത്തീർന്ന മലയാള  സിനിമയുടെ  രാഷ്ട്രീയമുഖമാണ്. ഇതിഹാസങ്ങളെ അത് നിശബ്ദമാക്കുന്നു. വീട്ടിലിരുത്തുന്നു. അതാണിന്ന് മലയാള സിനിമ അഭിമുഖീകരിക്കുന്ന സർഗ്ഗാത്മക പ്രതിസന്ധി. എന്നാൽ അതിനൊന്നും ജനമനസ്സിൽ ഐ.വി. ശശി  എന്ന ഇതിഹാസ സംവിധായകൻ മലയാളത്തിന്റെ വെളളിത്തിരയിൽ കൊത്തിവെച്ച ചരിത്രത്തെ റദ്ദാക്കാനാകില്ല. 

prempchand@gmail.com